വിമാനത്താവള നടത്തിപ്പ്: തുർക്കിയുടെ സാങ്കേതിക സഹായം തേടി താലിബാൻ
നാറ്റോ മിഷന്റെ ഭാഗമായി അഞ്ഞൂറോളം തുർക്കിഷ് സൈനികര്‍ അഫ്ഗാനിലുണ്ട്
കാബൂൾ: വിദേശസൈനികർ രാജ്യം വിട്ട ശേഷം കാബൂളിലെ ഹമീദ് കർസായി അന്താരാഷ്ട്ര വിമാനത്താവളം നടത്താൻ തുർക്കിയുടെ സാങ്കേതിക സഹായം തേടി താലിബാൻ. സഹായം ആവശ്യപ്പെട്ടുള്ള താലിബാന്റെ അഭ്യർത്ഥന ലഭിച്ചതായി ഉന്നത തുർക്കി ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടോളോ ന്യൂസ് റിപ്പോർട്ട് ചെയ്തു. ആഗസ്ത് 31നകം വിദേശികളോട് രാജ്യം വിടാനാണ് താലിബാൻ ആവശ്യപ്പെട്ടിട്ടുള്ളത്.
നാറ്റോ സേനയുടെ യുദ്ധേതര ദൗത്യത്തിന്റെ ഭാഗമായി തുർക്കി സൈനികർ ഇപ്പോൾ അഫ്ഗാനിലുണ്ട്. ഇവരോടും രാജ്യം വിടാൻ താലിബാൻ നിർദേശിച്ചിട്ടുണ്ട്. സഹായാഭ്യാർത്ഥനയിൽ താലിബാൻ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെന്ന് ടോളോ ന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു.
താലിബാന്റെ അഭ്യർത്ഥനയോട് തുർക്കി എങ്ങനെ പ്രതികരിക്കും എന്ന് ഉറ്റുനോക്കുകയാണ് ലോകം. നേരത്തെ, വിമാനത്താവളത്തിന്റെ സുരക്ഷ ഏറ്റെടുക്കാമെന്ന തുർക്കിയുടെ നിർദേശം താലിബാൻ തള്ളിയിരുന്നു. നാറ്റോ മിഷന്റെ ഭാഗമായി അഞ്ഞൂറോളം തുർക്കിഷ് സൈനികരാണ് അഫ്ഗാനിലുള്ളത്. നാറ്റോയിലെ ഏക മുസ്‌ലിം അംഗരാജ്യമാണ് തുർക്കി.
അതിനിടെ, താലിബാൻ വച്ച സമയപരിധി അംഗീകരിക്കാനാകില്ലെന്ന് യുഎസ് വ്യക്തമാക്കി. 'ഇതേക്കുറിക്ക് വ്യക്തമായി ഒരു കാര്യം പറയുന്നു. ഞങ്ങളുടെ ജോലിയിൽ അന്തിമ തിയ്യതിയില്ല. അഫ്ഗാനിൽ നിന്ന് പോകാൻ ആഗ്രഹിക്കുന്നവരെ കൊണ്ടുപോകും' - യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ വ്യക്തമാക്കി. നിലവിൽ അമേരിക്കൻ സേനയുടെ നിയന്ത്രണത്തിലാണ് കാബൂൾ വിമാനത്താവളമുള്ളത്. ആഗസ്ത് 31നകം രാജ്യം വിട്ടിട്ടില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്ന് താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു.