ഉയർന്ന ക്ലാസുകളിലെ പെൺകുട്ടികൾക്കും ഉടൻ സ്‌കൂളുകളിലേക്ക് തിരിച്ചെത്താമെന്ന് താലിബാൻ
ഞാൻ അറിഞ്ഞടുത്തോളം രാജ്യത്തെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉടൻ തന്നെ തുറന്നു പ്രവർത്തിക്കും. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഉടൻ തന്നെ അവരുടെ ക്ലാസുകളിലേക്കും അധ്യാപന ജോലിയിലേക്കും തിരിച്ചെത്താനാവുമെന്നും സഈദ് ഖോസ്തി പറഞ്ഞു.
സെക്കണ്ടറി ക്ലാസുകളിൽ പഠിക്കുന്ന പെൺകുട്ടികളും ഉടൻ സ്‌കൂളുകളിലേക്ക് തിരിച്ചെത്തുമെന്ന് താലിബാൻ. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന് വിദ്യാഭ്യാസ വകുപ്പ് പ്രഖ്യാപിക്കുമെന്ന് അഫ്ഗാൻ ആഭ്യന്തരമന്ത്രാലയ വക്താവ് സഈദ് ഖോസ്തിയെ ഉദ്ധരിച്ച് അൽ ജസീറ റിപ്പോർട്ട് ചെയ്തു.
ഞാൻ അറിഞ്ഞടുത്തോളം രാജ്യത്തെ സ്‌കൂളുകളും യൂണിവേഴ്‌സിറ്റികളും ഉടൻ തന്നെ തുറന്നു പ്രവർത്തിക്കും. സ്ത്രീകൾക്കും വിദ്യാർഥിനികൾക്കും ഉടൻ തന്നെ അവരുടെ ക്ലാസുകളിലേക്കും അധ്യാപന ജോലിയിലേക്കും തിരിച്ചെത്താനാവുമെന്നും സഈദ് ഖോസ്തി പറഞ്ഞു.
താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചതോടെ കൗമാരക്കാരായ പെൺകുട്ടികൾ സ്‌കൂളുകളിലെത്തി പഠിക്കുന്നത് വിലക്കിയിരുന്നു. സുരക്ഷിതമായ പഠനാന്തരീക്ഷം ഒരുങ്ങുന്നതു വരെ ഇവർ വീട്ടിലിരുന്ന് പഠനം തുടരാനായിരുന്നു നിർദേശം. എന്നാൽ ആൺകുട്ടികൾക്കും പ്രൈമറി ക്ലാസുകളിലെ പെൺകുട്ടികൾക്കും സ്‌കൂളുകളിലെത്താൻ അനുമതി നൽകിയിരുന്നു.
മുതിർന്ന പെൺകുട്ടികൾ സ്‌കൂളുകളിലെത്തുന്നത് വിലക്കിയതോടെ താലിബാൻ നേരത്തെ അധികാരത്തിലിരിക്കുമ്പോൾ നടപ്പാക്കിയ തീവ്ര നിലപാടുകൾ തന്നെ തുടരുകയാണെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നയം വ്യക്തമാക്കി ആഭ്യന്തര മന്ത്രാലയം രംഗത്തെത്തിയിരിക്കുന്നത്.