'ആരോഗ്യ മേഖലയിലെ വനിതാ ജീവനക്കാർ ജോലിയിൽ തിരികെ കയറണം': അഭ്യർത്ഥനയുമായി താലിബാൻ

നേരത്തെ, സുരക്ഷ പരിഗണിച്ച് എല്ലാ വനിതാ ജീവനക്കാരോടും വീടുകളിൽ തന്നെ കഴിയാൻ താലിബാൻ നിർദേശിച്ചിരുന്നു

Update: 2021-08-28 04:48 GMT
Editor : abs | By : Web Desk
Advertising

കാബൂൾ: ആരോഗ്യ മേഖലയിലെ വനിതാ ജീവനക്കാർ ജോലിയിൽ തിരികെ പ്രവേശിക്കണമെന്ന് ആവശ്യപ്പെട്ട് താലിബാൻ. സംഘടനാ വക്താവ് ദബീഹുല്ല മുജാഹിദാണ് ഇതുസംബന്ധിച്ച പ്രസ്താവനയിറക്കിയത്. ആശുപത്രികളിൽ ജീവനക്കാരുടെ ക്ഷാമം നേരിട്ടതോടെയാണ് തീരുമാനം.

'കേന്ദ്രത്തിലും പ്രവിശ്യയിലുമുള്ള എല്ലാ വനിതാ ജീവനക്കാരോടും തിരികെ ജോലിയിൽ കയറാൻ അഭ്യർത്ഥിക്കുന്നു. തങ്ങളുടെ കടമ നിറവേറ്റുന്നതിൽ അവർക്ക് യാതൊരു തരത്തിലുള്ള ബുദ്ധിമുട്ടുമുണ്ടാകില്ല'- പ്രസ്താവന വ്യക്തമാക്കി. 

നേരത്തെ, സുരക്ഷ പരിഗണിച്ച് എല്ലാ വനിതാ ജീവനക്കാരോടും വീടുകളിൽ തന്നെ കഴിയാൻ താലിബാൻ വക്താവ് നിർദേശിച്ചിരുന്നു. 'ഞങ്ങളുടെ സേനയെ കുറിച്ച് ഉത്കണഠയുണ്ട്. അവർക്ക് മികച്ച പരിശീലനം കിട്ടിയിട്ടില്ല. ഒരുപക്ഷേ, സ്ത്രീകൾക്കെതിരെ മോശമായ പെരുമാറ്റം ഉണ്ടായേക്കാം. സ്ത്രീകൾക്കെതിരെ സേനാ ഉപദ്രവം ഞങ്ങൾ ആഗ്രഹിക്കുന്നില്ല'- എന്നാണ് ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ ദബീഹുല്ല പറഞ്ഞിരുന്നത്.

ആഗസ്ത് 15ന് കാബൂൾ കീഴടക്കിയ ശേഷം അടിസ്ഥാന സേവന മേഖലയിൽ കടുത്ത ആൾക്ഷാമമാണ് അഫ്ഗാൻ നേരിടുന്നത്. ഡോക്ടർമാർ, നഴ്‌സുമാർ അടക്കം പരിശീലനം ലഭിച്ച നിരവധി പേർ രാജ്യം വിടുകയും ചെയ്തു. ഡോക്ടർമാരെയും എഞ്ചിനീയർമാരെയും രാജ്യം വിടാൻ പ്രേരിപ്പിക്കരുത് എന്ന് നേരത്തെ താലിബാൻ അഭ്യർത്ഥിച്ചിരുന്നു. 

സർക്കാർ രൂപവത്കരണ ചർച്ചകൾ ഊർജിതം

അതിനിടെ താലിബാൻ പുതിയ സർക്കാർ രൂപവത്കരണത്തിനുള്ള ശ്രമങ്ങൾ ഊർജിതമാക്കി. രാജ്യത്തെ എല്ലാ പ്രദേശങ്ങളുടെയും ഗോത്രങ്ങളെയുടെയുമെല്ലാം പ്രതിനിധാനമുള്ള സമഗ്രമായ സർക്കാരാണ് ലക്ഷ്യമിടുന്നതെന്ന് താലിബാൻ വൃത്തങ്ങൾ അറിയിച്ചു. താലിബാൻ സ്ഥാപക നേതാക്കളിലൊരാളായ മുല്ല ബറാദർ, മുല്ല ഉമറിന്റെ മകൻ മുല്ല മുഹമ്മദ് യാക്കൂബ് തുടങ്ങിയവരാണ് സർക്കാർ രൂപീകരണ ചർച്ചകൾക്ക് നേതൃത്വം വഹിക്കുന്നത്.

അഫ്ഗാനിസ്ഥാനിൽ നിന്ന് അവസാന നിമിഷം വരെ ഒഴിപ്പിക്കൽ നടപടി തുടരുമെന്നാണ് അമേരിക്ക പ്രഖ്യാപിച്ചിട്ടുള്ളത്. അയ്യായിരത്തിലധികം അമേരിക്കൻ പൗരന്മാരാണ് ഇനിയും കാബൂളിൽ നിന്നും പുറത്തുപോകാൻ കാത്തിരിക്കുന്നത്. ഇതുവരെ 1,10,000 പേരെ അഫ്ഗാനിൽ നിന്ന് പുറത്തെത്തിച്ചു. യു.കെയടക്കമുള്ള രാജ്യങ്ങളും രക്ഷാദൗത്യം ഊർജിതപ്പെടുത്തി.


Tags:    

Writer - abs

contributor

Editor - abs

contributor

By - Web Desk

contributor

Similar News