സർക്കാർ രൂപീകരണ ചർച്ചകള്‍ ഊർജിതമാക്കി താലിബാന്‍; പ്രഖ്യാപനം ഉടന്‍
പഞ്ച് ശീർ പിടിക്കാനുള്ള പോരാട്ടവും താലിബാൻ തുടങ്ങിയിട്ടുണ്ട്
അമേരിക്ക കാബൂൾ വിട്ടതോടെ അഫ്ഗാനിസ്ഥാനിൽ സർക്കാർ രൂപീകരണ ചർച്ചകൾ ഊർജിതമാക്കി താലിബാൻ. പഞ്ച് ശീർ പിടിക്കാനുള്ള പോരാട്ടവും താലിബാൻ തുടങ്ങിയിട്ടുണ്ട് .അതേസമയം സേനാ പിൻമാറ്റത്തെ ന്യായീകരിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ രംഗത്തെത്തി.
20 വർഷത്തിനു ശേഷം അഫ്ഗാനിസ്ഥാന്‍റെ സമ്പൂർണ നിയന്ത്രണം താലിബാന്‍റെ കൈകളിലെത്തിയിരിക്കുകയാണ്. ഇസ്‌ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാനിസ്ഥാൻ എന്ന പേരിൽ താലിബാൻ സർക്കാരിന്‍റെ പ്രഖ്യാപനം വൈകാതെ ഉണ്ടാകും. സമുന്നത നേതാവ് ഹിബതുല്ല അഖുന്ത് സാദയുടെ നേതൃത്വത്തിലാണ് സർക്കാർ രൂപീകരണ ചർച്ച പുരോഗമിക്കുന്നത്. ഭരണത്തലപ്പത്ത് ആരാകും എന്നതിൽ വ്യക്തത വന്നിട്ടില്ല. താലിബാനു കീഴടങ്ങാത്ത ഏക പ്രവിശ്യയായ പഞ്ച് ശീറിൽ അധികാരം പിടിക്കാൻ കനത്ത പോരാട്ടം നടക്കുന്നതായാണ് റിപ്പോർട്ട്.
പോരാട്ടത്തിൽ താലിബാന്‍റെ എട്ടു സൈനികരെ വധിച്ചതായി പഞ്ച്ശീർ നേതാക്കൾ അവകാശപ്പെട്ടു. എന്നാൽ പഞ്ച് ശീർ പോരാളികൾക്കാണ് നാശനഷ്ടങ്ങളെന്നാണ് താലിബാൻ പറയുന്നത്. പഞ്ച് ശീറിന്‍റെ 3 ചെക്പോസ്റ്റുകൾ തങ്ങളുടെ നിയന്ത്രണത്തിലാണെന്നും താലിബാൻ അവകാശപ്പെടുന്നു.