അഫ്ഗാനില്‍ ഹിബത്തുല്ല അഖുന്ത്സാദ പരമോന്നത നേതാവ്, മുല്ല ബറാദര്‍ ഭരണത്തലവന്‍, പ്രഖ്യാപനം ഉടനെന്ന് റിപ്പോര്‍ട്ട്

ഇറാന്‍ മാതൃകയില്‍ ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാന്‍ എന്ന പേരിലായിരിക്കും പുതിയ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലേറുക.

Update: 2021-09-03 11:30 GMT
Editor : ijas
Advertising

ഇറാനില്‍ ആയത്തുല്ല ഖാംനഈ പോലെ അഫ്ഗാനിസ്ഥാനിലെ ആത്മീയ പരമോന്നത നേതാവ് ഹിബത്തുല്ല അഖുന്ത്സാദ ആയിരിക്കുമെന്ന് താലിബാന്‍. അഫ്ഗാനിലെ പുതിയ താലിബാന്‍ സര്‍ക്കാരിനെ മുല്ല അബ്ദുല്‍ ഗനി ബറാദര്‍ നയിക്കുമെന്നും റിപ്പോര്‍ട്ടുകള്‍. താലിബാന്‍റെ രാഷ്ട്രീയ തലവനും പൊതുമുഖവുമായ മുല്ല ബറാദര്‍ ആയിരിക്കും സര്‍ക്കാരിനെ നയിക്കുകയെന്ന് താലിബാന്‍ കേന്ദ്രങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു. ദോഹ ചര്‍ച്ച, അമേരിക്കയുമായുള്ള താലിബാന്‍ കരാര്‍ എന്നിവക്കെല്ലാം നേതൃത്വം വഹിച്ച മുഖ്യനേതാവാണ് മുല്ല ബറാദര്‍.

താലിബാന്‍റെ സ്ഥാപകനായ മുല്ല ഒമറിന്‍റെ മകന്‍ മുല്ല മുഹമ്മദ് യാക്കൂബും മുതിര്‍ന്ന നേതാവായ ഷേര്‍ മുഹമ്മദ് അബ്ബാസ് സ്താന്‍കസിയും താലിബാന്‍ സര്‍ക്കാരിന്‍റെ മുഖ്യസ്ഥാനങ്ങളിലുണ്ടാകുമെന്നും റോയിട്ടേഴ്‌സ് അടക്കമുള്ള അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. താലിബാന്‍റെ പ്രധാന നേതാക്കള്‍ അഫ്ഗാന്‍ തലസ്ഥാനമായ കാബൂളില്‍ അവസാനവട്ട പ്രഖ്യാപന ചടങ്ങുകള്‍ക്ക് എത്തിച്ചേര്‍ന്നതായും പുതിയ സര്‍ക്കാര്‍ പ്രഖ്യാപനം അവസാന ഘട്ടത്തിലാണെന്നും താലിബാന്‍ അറിയിച്ചു.


ഇക്കഴിഞ്ഞ ആഗസ്റ്റ് 15ന് കാബൂളിലെ രാഷ്ട്രപതിയുടെ കൊട്ടാരം കീഴടക്കിയാണ് താലിബാന്‍ അഫ്ഗാനിസ്ഥാനിലെ ഭരണം പിടിക്കുന്നത്. പ്രസിഡണ്ടായിരുന്ന അഷ്റഫ് ഗനി രാജ്യം വിടുകയും അധിനിവേശ ശക്തിയായ അമേരിക്ക പൂര്‍ണമായും തന്നെ അഫ്ഗാനില്‍ നിന്നും മടങ്ങുകയും ചെയ്തിരുന്നു. ഇറാന്‍ മാതൃകയില്‍ ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്ഗാന്‍ എന്ന പേരിലായിരിക്കും പുതിയ താലിബാന്‍ സര്‍ക്കാര്‍ അധികാരത്തിലേറുക. 



Tags:    

Writer - ijas

contributor

Editor - ijas

contributor

Similar News