ടൈം മാഗസിന്റെ പട്ടികയിൽ താലിബാൻ നേതാവ് മുല്ല ബറാദറും
പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാല തുടങ്ങിയവരുമുണ്ട്.
ന്യൂയോർക്ക്: ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുണ്ടാക്കിയ 100 നേതാക്കളുടെ പട്ടികയിൽ താലിബാൻ നോതാവ് മുല്ല അബ്ദുൽ ഗനി ബറാദറും. ദോഹയിലെ താലിബാൻ രാഷ്ട്രീയകാര്യ ഓഫീസിന്റെ മേധാവിയായിരുന്നു ബറാദർ. യുഎസുമായുള്ള താലിബാന്റെ ചർച്ചകൾക്ക് നേതൃത്വം നൽകിയത് ഇദ്ദേഹമായിരുന്നു.
അഫ്ഗാനിലെ ഇടക്കാല സർക്കാറിന് നേതൃത്വം നൽകുന്ന മുല്ല അഖുന്ദിന്റെ ഡെപ്യൂട്ടിയാണ് ഇദ്ദേഹം. അഫ്ഗാൻ സേനയുമായി നടന്ന ഏറ്റുമുട്ടലിൽ ബർദാർ കൊല്ലപ്പെട്ടെന്ന് നേരത്തെ വാർത്തകളുണ്ടായിരുന്നു. എന്നാൽ താൻ മരിച്ചിട്ടില്ലെന്നും പുറത്തുവരുന്ന വാർത്തകളെല്ലാം വ്യാജമാണെന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.
പാകിസ്താനിൽ വർഷങ്ങളോളം ജയിലിൽ കഴിഞ്ഞ ബറാദറിനെ യുഎസ് സമ്മർദത്തെ തുടർന്ന് 2018ലാണ് മോചിപ്പിച്ചത്. ഇതിനുശേഷം അഫ്ഗാൻ താലിബാൻ തിരിച്ചുപിടിക്കും വരെ ഖത്തറിലായിരുന്നു ബറാദർ കഴിഞ്ഞത്. ദോഹയിൽ താലിബാൻ രാഷ്ട്രീയ കാര്യാലയം തുറക്കുന്നതും കേന്ദ്രത്തിന്റെ ചുമതല ബറാദറിനെ ഏൽപിക്കുന്നതും ഇതിനു പിറകെയാണ്. തുടർന്നാണ് അഫ്ഗാനിൽനിന്നുള്ള വിദേശസേനാ പിന്മാറ്റത്തിന് അമേരിക്കയുമായി ഖത്തറിന്റെ മധ്യസ്ഥതയിൽ താലിബാൻ ചർച്ച ആരംഭിച്ചത്.
പട്ടികയിൽ മോദിയും മമതയും
ടൈം മാഗസിൻ പട്ടികയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി, വെസ്റ്റ് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ സി.ഇ.ഒ അഡാർ പൂനാവാല തുടങ്ങിയവരുമുണ്ട്. മോദി ഇന്ത്യയെ മതേതരത്വത്തിൽനിന്ന് ഹിന്ദു ദേശീയതിലേക്ക് കൊണ്ടുപോയെന്നും സോഷ്യലിസത്തിൽ നിന്ന് മുതലാളിത്തത്തിലേക്ക് രാജ്യത്തെ നയിക്കുമെന്ന ധാരണ അദ്ദേഹത്തിന്റെ പ്രവർത്തനം ശരിവെച്ചുവെന്നും ടൈംസ് മാഗസിൻ തയാറാക്കിയ കുറിപ്പിൽ പറഞ്ഞു. വി-ഡെം ഇൻസ്റ്റിറ്റ്യൂട്ട് വിശേഷിപ്പിച്ച പോലെ 'തെരഞ്ഞെടുക്കപ്പെട്ട സേഛാധിപത്യ'മാണ് ഇന്ത്യയിലെന്നും രാജ്യം ജനാധിപത്യത്തിൽനിന്ന് ഏറെ അകന്നതായി ചിന്തകർ നിരീക്ഷിക്കുന്നതായും സി.എൻ.എൻ ജേണലിസ്റ്റ് ഫരീദ് സക്കറിയ തയാറാക്കിയ കുറിപ്പിൽ പറഞ്ഞു.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പൊരുതി മികച്ച വിജയം നേടിയ മമതയും പട്ടികയിലുണ്ട്. 'പയനീർസ്' എന്ന പേരിൽ തിരഞ്ഞെടുക്കപ്പെട്ട 15 പേരിലാണ് എസ്.ഐ.ഐ സി.ഇ.ഒ പൂനാവാലയുടെ പേരുള്ളത്. വാക്സിൻ നിർമാണത്തിന് നേതൃത്വം നൽകുന്നത് ഇദ്ദേഹത്തിന്റെ സ്ഥാപനമാണ്.
യു.എസ് പ്രസിഡൻറ് ജോ ബൈഡൻ, വൈസ് പ്രസിഡൻറ് കമലാ ഹാരിസ്, മുൻ പ്രസിഡൻറ് ഡൊണാൾഡ് ട്രംപ്, ചൈനീസ് പ്രസിഡൻറ് ഷീ ജിൻപിങ്, ഇറ്റാലിയൻ പ്രധാനമന്ത്രി മരിയോ ട്രാഗി, ഇറാനിയൻ പ്രധാനമന്ത്രി ഇബ്രാഹിം റൈസി, ഇസ്രയേൽ പ്രധാനമന്ത്രി നാഫ്തലി ബെന്നറ്റ്, റഷ്യൻ പ്രതിപക്ഷ നേതാവ് നവാല്നി തുടങ്ങിയവരും പട്ടികയിലുണ്ട്.