ഇന്ത്യൻ സൈന്യത്തിൽ ചേരാനുള്ള മോഹം നടന്നില്ല; റഷ്യയ്‌ക്കെതിരെ പോരാടാൻ യുക്രൈൻ സൈനിക കുപ്പായമിട്ട് തമിഴ്‌നാട് സ്വദേശി
യുക്രൈൻ സൈന്യത്തോടൊപ്പമുള്ള സൈനികേഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്
റഷ്യൻ അധിനിവേശത്തിനെതിരെ പോരാടാൻ യുക്രൈൻ സേനയോടൊപ്പം ചേർന്ന് തമിഴ്നാട് സ്വദേശി. തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ലയിൽ നിന്നുള്ള 21കാരനായ സൈനികേഷ് രവിചന്ദ്രൻ എന്ന വിദ്യാർത്ഥിയാണ് റഷ്യയ്ക്കെതിരെ പോരാടാൻ സേനയിൽ ചേർന്നത്.
2018-ൽ ഖാർകിവിലെ നാഷണൽ എയ്റോസ്പേസ് യൂണിവേഴ്സിറ്റിയിൽ പഠിക്കാൻ യുക്രൈനിലേക്ക് പോയ സൈനികേഷ് 2022 ജൂലൈയിൽ കോഴ്‌സ് പൂർത്തിയാക്കേണ്ടതായിരുന്നു.
യുദ്ധത്തിനിടയിൽ, കുടുംബത്തിന് സൈനികേഷുമായുള്ള ആശയവിനിമയം നഷ്ടപ്പെട്ടു. എംബസിയുടെ സഹായം തേടിയ ശേഷമാണ് അവർക്ക് സൈനികേഷുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. ആ സമയത്താണ് റഷ്യയ്ക്കെതിരെ പോരാടാൻ യുക്രൈൻ അർധസൈനിക വിഭാഗത്തിൽ ചേർന്നതായി സൈനികേഷ് കുടുംബത്തെ അറിയിക്കുന്നത്.
ഇന്റലിജന്റ്‌സ് ഉദ്യോഗസ്ഥർ സൈനികേഷിന്റെ വീട്ടിലെത്തി മാതാപിതാക്കളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. ഇന്ത്യൻ സൈന്യത്തിൽ ചേരാൻ അപേക്ഷിച്ചെങ്കിലും സെലക്ഷൻ കിട്ടിയിരുനില്ലെന്ന് സൈനികേഷിന്റെ മാതാപിതാക്കൾ പറഞ്ഞു. യുക്രൈൻ സൈന്യത്തോടൊപ്പമുള്ള സൈനികേഷിന്റെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.