മലാല 24ാം വയസ്സിൽ പാക്കിസ്താനിയെ വിവാഹം കഴിച്ചതറിഞ്ഞ് ഞെട്ടിയെന്ന് തസ്‌ലീമ നസ്‌റിൻ

''മലാല ഓക്‌സ്‌ഫോർഡിലേക്ക് പഠനത്തിന് പോയെന്നാണ് ഞാൻ കരുതിയത്. അവിടെ വെച്ച് അവർ ഏതെങ്കിലും പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നും ഞാൻ വിചാരിച്ചു. '' തസ്‌ലീമ ട്വിറ്ററിൽ കുറിച്ചു.

Update: 2021-11-10 13:06 GMT
Advertising

നൊബേൽ പുരസ്‌കാര ജേതാവും പാക്കിസ്താനിലെ പ്രശസ്ത വിദ്യാഭ്യാസ പ്രവർത്തകയുമായ മലാല യൂസഫ് സായ് 24ാം വയസ്സിൽ ഒരു പാക്കിസ്താനിയെ വിവാഹം കഴിച്ചതറിഞ്ഞ് ഞെട്ടിയെന്ന് ബംഗ്ലാദേശ് വിവാദ സാഹിത്യകാരി തസ്‌ലീമ നസ്‌റിൻ. ട്വിറ്ററിലാണ് തസ്‌ലീമ അഭിപ്രായ പ്രകടനം. ''മലാല ഓക്‌സ്‌ഫോർഡിലേക്ക് പഠനത്തിന് പോയെന്നാണ് ഞാൻ കരുതിയത്. അവിടെ വെച്ച് അവർ ഏതെങ്കിലും പുരോഗമന ഇംഗ്ലീഷുകാരനുമായി പ്രണയത്തിലാകുമെന്നും ഞാൻ വിചാരിച്ചു. 30 വയസ്സിന് മുമ്പ് വിവാഹത്തെ കുറിച്ച് അവർ ചിന്തിക്കരുതായിരുന്നു. എന്നാൽ...'' തസ്‌ലീമ ട്വിറ്ററിൽ കുറിച്ചു.

വധഭീഷണിയെ തുടർന്ന് 1994 ലാണ് തസ്‌ലീമ സ്വദേശമായ ബംഗ്ലാദേശ് വിട്ടത്. സ്വീഡിഷ് പൗരത്വമുള്ള ഇവർ ഇന്ത്യ, യു.എസ്, യൂറോപ്പ് എന്നിവിടങ്ങളിലായി കഴിയുകയാണ്.

താൻ വിവാഹിതയായി വിവരം മലാല തന്നെയാണ് സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഹൈ പെർഫോമൻസ് സെൻറർ ജനറൽ മാനേജർ അസ്സർ മാലികാണ് വരൻ. ബ്രിട്ടണിലെ ബെർമിങ്ഹാമിലുള്ള വീട്ടിൽ വെച്ചായിരുന്നു വിവാഹ ചടങ്ങ്. 'ഇന്ന് എന്റെ ജീവിതത്തിലെ വിലപ്പെട്ട ദിവസമാണ്. ഞാനും അസ്സറും ജീവിത പങ്കാളികളാകാൻ തീരുമാനിച്ചു. ബർമിങ്ഹാമിലെ വീട്ടിൽ കുടുംബത്തോടൊപ്പം ലളിതമായ ചടങ്ങിൽ നിക്കാഹ് നടത്തി. ഞങ്ങൾക്കായി പ്രാർഥിക്കണം'- വിവാഹ ഫോട്ടോ പങ്കുവെച്ച് മലാല ട്വിറ്ററിൽ കുറിച്ചു.

പാക് താലിബാന്റെ വധശ്രമം അതിജീവിച്ച വ്യക്തിയാണ് മലാല. 2012ലാണ് മലാലയെ താലിബാൻ വെടിവെച്ച് കൊല്ലാൻ ശ്രമിച്ചത്. പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കുന്നതിനെതിരെ ശബ്ദമുയർത്തിയതോടെയാണ് താലിബാൻ മലാലയെ ലക്ഷ്യമിട്ടത്. തലയ്ക്ക് വെടിയേറ്റ മലാല ഇംഗ്ലണ്ടിലെ ചികിത്സക്ക് ശേഷം സുഖം പ്രാപിച്ചു. ഓക്‌സ്‌ഫോർഡ് സർവകലാശാലയിൽ നിന്ന് ബിരുദം നേടി.

2014ലാണ് സമാധാനത്തിനുള്ള നൊബേൽ സമ്മാനം മലാലക്ക് ലഭിച്ചത്. നൊബേൽ സമ്മാനം ലഭിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയാണ് മലാല. 24കാരിയായ മലാല മാതാപിതാക്കൾക്കൊപ്പം ബ്രിട്ടണിലാണ് താമസം.

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News