യുദ്ധം അവസാനിപ്പിക്കൂ, സ്റ്റോപ്പ് പുടിന്‍; ബെര്‍ലിന്‍ തെരുവുകള്‍ നിറച്ച് ലക്ഷങ്ങള്‍

യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്

Update: 2022-02-28 05:10 GMT
Editor : Jaisy Thomas | By : Web Desk
Advertising

യുദ്ധത്തിനെതിരെ ലോകമെങ്ങും പ്രതിഷേധം വ്യാപിപ്പിക്കുകയാണ്. യുക്രൈന്‍ ജനതക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ജര്‍മ്മന്‍ തലസ്ഥാനമായ ബെര്‍ലിനില്‍ നടന്ന പ്രതിഷേധത്തില്‍ ഒരു ലക്ഷത്തിലധികം ആളുകളാണ് പങ്കെടുത്തത്. റഷ്യൻ എംബസിക്ക് സമീപമുള്ള സെൻട്രൽ ബെർലിനിലെ ബ്രാൻഡൻബർഗ് ഗേറ്റിലേക്ക് ആയിരക്കണക്കിന് ആളുകൾ എത്തിയതിനാൽ ജർമ്മൻ തലസ്ഥാനത്തിന്‍റെ ചില ഭാഗങ്ങളിൽ ട്രയിന്‍ ഗതാഗതം തടസപ്പെട്ടു.


യുക്രൈന്‍റെ പതാകയുടെ നിറമായ നീലയും മഞ്ഞയും കലര്‍ന്ന വസ്ത്രങ്ങളാണ് പല പ്രതിഷേധക്കാരും ധരിച്ചത്. യുദ്ധം നിർത്തുക, പുടിന്‍റെ അവസാന യുദ്ധം, ഞങ്ങൾ യുക്രൈനിനൊപ്പം എന്നിങ്ങനെയുള്ള ബോർഡുകളുമായി പ്രതിഷേധക്കാര്‍ തലസ്ഥാനം കീഴടക്കിയത്. യുക്രേനിയന്‍, യൂറോപ്യന്‍ യൂണിയന്‍ പതാകകളും പ്രതിഷേധക്കാര്‍ കയ്യിലേന്തിയിരുന്നു. ഏകദേശം 20,000 പേര്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുമെന്നാണ് പൊലീസ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എല്ലാവരെയും അമ്പരിപ്പിച്ചുകൊണ്ട് പ്രതിഷേധക്കാരുടെ എണ്ണം ആറക്കം കടക്കുകയായിരുന്നു. ലണ്ടൻ, പാരീസ്, റോം, ബ്രസൽസ്, വിയന്ന, മാഡ്രിഡ്, സോഫിയ എന്നിവയുൾപ്പെടെ പല യൂറോപ്യൻ നഗരങ്ങളിലും ഞായറാഴ്ച പ്രതിഷേധ പ്രകടനങ്ങള്‍ നടന്നു.

യുദ്ധം അഞ്ചാം ദിവസത്തിലേക്ക് കടക്കുമ്പോഴും പ്രതിഷേധവും ശക്തമാവുകയാണ്. തുർക്കിയിലും പ്രതിഷേധമുണ്ട്.ഇസ്താംബുളില്‍ അണിനിരന്നത് നിരവധി പേരാണ്. ആസ്ത്രേലിയയിലെ മെൽബണിൽ ഇന്നലെയുണ്ടായത് റഷ്യക്കെതിരെയുള്ള വലിയ ഒത്തുകൂടലാണ്. റഷ്യയിലെ സെന്‍റ് പീറ്റേഴ്സ്ബഗിലെ പ്രതിഷേധവും തുടരുകയാണ്. ആയിരത്തോളം പേരെ ഇതിനോടകം തന്നെ അറസ്റ്റ് ചെയ്തു. ആഫ്രിക്കൻ തലസ്ഥാനമായ കേപ് ടൗണിൽ പ്രതിഷേധിച്ചവരധികവും റഷ്യക്കാർ തന്നെയാണ്.


ഫുട്ബോൾ ലോകത്തും യുക്രൈന് ഐക്യദാർഢ്യമേറുകയാണ്. കാണികളോ ദേശീയഗാനയോ പതാകയോ ഇല്ലാതെ റഷ്യയിൽ ഫുട്ബോൾ മത്സരങ്ങൾ പാടില്ലെന്ന് ഫിഫ പ്രഖ്യാപിച്ചു. ഭാവിയിൽ റഷ്യക്കെതിരെ ഒരു മത്സരവും ഇംഗ്ലണ്ട് കളിക്കില്ലെന്ന് ഫുട്ബോൾ അസോസിയേഷൻ വ്യക്തമാക്കി. വെംബ്ലിയിൽ നടന്ന ലിവർപൂൾ ചെൽസി മത്സരത്തിന് മുന്നേ യുക്രൈന് വേണ്ടി താരങ്ങൾ അണിനിരന്നു. യുദ്ധം തുടരുമ്പോഴും റഷ്യക്കെതിരെയുള്ള പ്രതിഷേധവും പതിന്മടങ്ങ് വർധിക്കുകയാണ്.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News