'പ്രിയപ്പെട്ട മമ്മ...സ്‌നേഹത്തിനും മാർഗദർശനത്തിനും നന്ദി'; വികാരഭരിതനായി ചാൾസ്
സെന്റ് ജെയിംസ് കൊട്ടാരത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ജിഎംടിയിൽ ചേരുന്ന കൗൺസിലിൽ അദ്ദേഹത്തെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കും
ലണ്ടൻ: അന്തരിച്ച എലിസബത്ത് രാജ്ഞിക്ക് നന്ദിയർപ്പിച്ച് ചാൾസ് മൂന്നാമന്റെ കന്നിപ്രസംഗം. ബ്രിട്ടനെ ആദ്യമായി അഭിസംബോധന ചെയ്യുമ്പോഴാണ് വികാരഭരതിനായി ചാൾസ് മൂന്നാമൻ അമ്മയെ ഓർത്തത്. 'പ്രിയപ്പെട്ട മമ്മ...നിങ്ങൾ കാണിച്ച 'സ്‌നേഹത്തിനും വാത്സല്യത്തിനും മാർഗദർശനത്തിനും മാതൃകയ്ക്കും നന്ദി'.. നിയുക്തരാജാവ് പറഞ്ഞു.
യുണൈറ്റഡ് കിംഗ്ഡത്തിനും അതിന്റെ രാജ്യങ്ങൾക്കും കോമൺവെൽത്തിനും വിശ്വസ്തതയോടും അർപ്പണബോധത്തോടും കൂടി 'ആജീവനാന്ത സേവനം' ചെയ്യുമെന്നും 73 കാരനായ ചാൾസ് പ്രതിജ്ഞയെടുത്തു.
'എന്റെ അമ്മയുടെ സ്മരണയ്ക്ക് ഞാൻ ആദരാഞ്ജലികൾ അർപ്പിക്കുന്നു, അവരുടെ സേവന ജീവിതത്തെ ഞാൻ ബഹുമാനിക്കുന്നു. അവളുടെ മരണം നിരവധി പേർക്ക് ദുഃഖം നൽകുന്നുവെന്ന് എനിക്കറിയാം, ആ നഷ്ടബോധം നിങ്ങളുമായി എല്ലാവരുമായും പങ്കിടുന്നു,' അദ്ദേഹം കൂട്ടിച്ചേർത്തു.സ
രാജാവിന്റെ പ്രസംഗം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുകയും സെന്റ് പോൾസ് കത്തീഡ്രലിൽ സ്ട്രീം ചെയ്യുകയും ചെയ്തു. ഏകദേശം 2,000 ആളുകൾ രാജ്ഞിയെ അനുസ്മരിക്കുന്ന ചടങ്ങിൽ പങ്കെടുത്തു. രാജ്യം 10 ദിവസത്തെ ദുഃഖാചരണം ആരംഭിച്ചിരിക്കുകയാണ്.
സെന്റ് ജെയിംസ് കൊട്ടാരത്തിൽ ശനിയാഴ്ച രാവിലെ 10 മണിക്ക് ജിഎംടിയിൽ ചേരുന്ന കൗൺസിലിൽ അദ്ദേഹത്തെ രാജാവായി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്ന് ബക്കിംഗ്ഹാം കൊട്ടാരം അറിയിച്ചിട്ടുണ്ട്. കിരീടധാരണം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യും. യുണൈറ്റഡ് കിംഗ്ഡത്തിൽ ആദ്യമായി ഒരു കിരീടധാരണം ടെലിവിഷനിൽ സംപ്രേക്ഷണം ചെയ്യുന്നത്.
എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്തമകനും വെയില്‍സിലെ രാജകുമാരനുമായ ചാള്‍സ് ബ്രിട്ടന്റെ രാജപദവിയിലേക്ക് എത്തുന്നത്. 73-ാം വയസില്‍ ബ്രിട്ടീഷ് രാജാവാകുന്ന ചാള്‍സ് രാജപദവയില്‍ എത്തുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തി കൂടിയാണ്. ചാൾസ് ഫിലിപ്പ് ആർഥര്‍ ജോർജ് എന്നാണ് യഥാര്‍ഥ പേര്. ചാൾസ് മൂന്നാമൻ എന്ന പേരിലാകും ഇനി അദ്ദേഹം അറിയപ്പെടുക. ചാള്‍സിന്റെ ഭാര്യ കാമിലയാകും ബ്രിട്ടീഷ് രാജ്ഞിയാകുക. അദ്ദേഹത്തിന്റെ മൂത്ത മകനും അനന്തരാവകാശിയുമായ വില്യം, മരുമകള്‍ കേറ്റ് എന്നിവര്‍ക്ക് വെയില്‍സ് രാജകുമാരന്‍, രാജകുമാരി എന്നീ പദവികള്‍ നല്‍കി. തന്റെ ഇളയ മകന്‍ ഹാരിയെയും മരുമകള്‍ മേഗനെയും ചാള്‍സ് തന്‍റെ കന്നിപ്രസംഗത്തില്‍ പരമാര്‍ശിച്ചു.
ഈ മാസം എട്ടിനായിരുന്നു എലിസബത്ത് രാജ്ഞിയുടെ അന്ത്യം. സ്‌കോട്ട്‌ലൻഡിലെ ബെൽമോർ കൊട്ടാരത്തിലായിരുന്നു അന്ത്യം. 96 വയസായിരുന്നു. ഏറ്റവും ദീർഘകാലം ബ്രിട്ടീഷ് രാജസിംഹാസനത്തിലിരുന്ന അപൂർവനേട്ടത്തിനുടമയായിരുന്നു എലിസബത്ത്.
2015ലാണ് എലിസബത്ത് രാജ്ഞി ഏറ്റവും ദീർഘമായ കാലം ബ്രിട്ടനെ ഭരിച്ച ഭരണാധികാരിയെന്ന റെക്കോർഡിനുടമയാകുന്നത്. മുതുമുത്തശ്ശി വിക്ടോറിയ രാജ്ഞിയെ മറികടന്നായിരുന്നു അവർ ഈ നേട്ടം സ്വന്തമാക്കിയത്.