ജോബൈഡന്‍ സന്ദര്‍ശിക്കാനിരിക്കെ പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു

യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രകാരം പെന്‍സില്‍വാനിയയില്‍ 3,198 പാലങ്ങള്‍ അപകടാവസ്ഥയിലാണ് എന്ന് കണ്ടെത്തി

Update: 2022-01-29 02:47 GMT
Advertising

അമേരിക്കന്‍ പ്രസിഡന്റ് ജോബൈഡന്‍ സന്ദര്‍ശിക്കാനിരിക്കെ പിറ്റ്സ്ബര്‍ഗില്‍ പാലം തകര്‍ന്നു വീണു. മൂന്ന് പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നവംബറില്‍ ഒപ്പുവച്ച 1 ട്രില്യണ്‍ ഡോളര്‍ ഉഭയകക്ഷി ഇന്‍ഫ്രാസ്ട്രക്ചര്‍ പാക്കേജിനായി ബൈഡന്‍ പെന്‍സില്‍വാനിയ നഗരത്തിലേക്ക് പോകുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് പാലം തകര്‍ന്ന് വീണത്.

പാലം തകര്‍ന്നതിനെ തുടര്‍ന്ന് ഫോര്‍ബ്‌സ്, ബ്രാഡോക്ക് അവന്യൂവുകള്‍ക്ക് വഴിയുള്ള യാത്ര ഒഴിവാക്കണമെന്ന് പിറ്റ്‌സ്ബര്‍ഗ് പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. പാലത്തിനടിയില്‍ ആരും ഇല്ലെന്ന് ഉറപ്പാക്കാന്‍ യുഎസ് ആര്‍മി റിസര്‍വ് അംഗങ്ങള്‍ തിരച്ചല്‍ നടത്തുന്നുണ്ടെന്നും പ്രദേശത്ത് വന്‍ വാതക ചോര്‍ച്ച റിപ്പോര്‍ട്ട് ചെയ്തതായും പബ്ലിക് സേഫ്റ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

യുഎസ് ഗതാഗത വകുപ്പിന്റെ കണക്കനുസരിച്ച് പെന്‍സില്‍വാനിയയില്‍ 3,198 പാലങ്ങള്‍ 'മോശം' അവസ്ഥയിലാണ്. പിറ്റ്‌സ്ബര്‍ഗിലെ സ്ഥിതിഗതികള്‍ നിരീക്ഷിച്ചു വരികയാണെന്നും ആവശ്യാനുസരണം പിന്തുണ നല്‍കാന്‍ തയ്യാറാണെന്നും പെന്‍സില്‍വാനിയ ഗവര്‍ണര്‍ ടോം വുള്‍ഫ് ട്വീറ്റ് ചെയ്തു.

പാലം തകര്‍ച്ചയെക്കുറിച്ച് ബൈഡനോട് പറഞ്ഞിരുന്നുവെന്നും ആസൂത്രണം ചെയ്തതുപോലെ യാത്ര തുടരുമെന്നും വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെന്‍ സാക്കി പറഞ്ഞു. തകര്‍ച്ചയെക്കുറിച്ച് വൈറ്റ് ഹൗസ് സംസ്ഥാന, പ്രാദേശിക ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു വരികയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ തകര്‍ന്ന പാലം പരിശോധിച്ചതായി നഗരത്തിലെ അഗ്‌നിശമനസേനാ മേധാവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. യു.എസ്. ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ട്രാന്‍സ്പോര്‍ട്ടേഷന്‍ പ്രകാരം പെന്‍സില്‍വാനിയയില്‍ 3,198 പാലങ്ങള്‍ അപകടാവസ്ഥയിലാണ് എന്ന് കണ്ടെത്തി.

പെന്‍സില്‍വാനിയയിലെ പ്രാദേശിക ഉദ്യോഗസ്ഥരും എമര്‍ജന്‍സി ജീവനക്കാരും ചേര്‍ന്ന് പാലത്തിന്റെ നാശനഷ്ടങ്ങള്‍ വിലയിരുത്തി. രാജ്യത്തിന്റെ ജീര്‍ണിച്ച പാലങ്ങള്‍, ഹൈവേകള്‍, മറ്റ് ഇന്‍ഫ്രാസ്ട്രക്ചറുകള്‍ എന്നിവയില്‍ വന്‍തോതില്‍ നിക്ഷേപം നടത്താനുള്ള ബൈഡന്റെ ആഹ്വാനത്തെയാണ് ഈ തകര്‍ച്ച ഉയര്‍ത്തിക്കാട്ടുന്നു. സപ്ലൈ ചെയിന്‍ ക്ഷാമം പരിഹരിക്കുന്നതിനും ഉല്‍പ്പാദനത്തെ പുനരുജ്ജീവിപ്പിക്കുന്നതിനുമൊപ്പം സമ്പദ് വ്യവസ്ഥയുടെ ദീര്‍ഘകാല നിലനില്‍പ്പ് ഉറപ്പാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി പ്രസിഡന്റ് ഇതിനെ കാണുന്നു.

 'ഇത്രയും വര്‍ഷങ്ങളായി അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തില്‍ ഞങ്ങള്‍ വളരെ പിന്നിലായിരുന്നു എന്ന കാര്യം മനസ്സിനെ അസ്വസ്ഥമാക്കുന്നു,' ബൈഡന്‍ പറഞ്ഞു.

ലോകത്തിലെ ഏതൊരു നഗരത്തേക്കാളും കൂടുതല്‍ പാലങ്ങള്‍ പിറ്റ്സ്ബര്‍ഗില്‍ ഉണ്ടെന്നറിഞ്ഞപ്പോള്‍ താന്‍ ആശ്ചര്യപ്പെട്ടുവെന്നും ഞങ്ങള്‍ അവയെല്ലാം പരിഹരിക്കാന്‍ പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News