ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു
ഗസ്സയിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ 1200 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ 500 പേരും കുട്ടികളാണ്.
ഗസ്സസിറ്റി: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 3000 കവിഞ്ഞു. ഗസ്സയിൽ തകർന്ന കെട്ടിടങ്ങൾക്കിടയിൽ 1200 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരിൽ 500 പേരും കുട്ടികളാണ്. പുറത്തെടുക്കാൻ ഗത്യന്തരമില്ലാത്ത നിലയിലാണ് ഗസ്സ.
അതേസമയം ലബനാൻ അതിർത്തിയിൽ ഹിസ്ബുല്ല- ഇസ്രായേൽ സംഘർഷം രൂക്ഷമായി. സുരക്ഷ മുൻനിർത്തി അഞ്ച് വിമാനങ്ങൾ ഇസ്തംബൂളിലേക്ക് മാറ്റിയെന്ന് ലബനാൻ അറിയിച്ചു. ഇസ്രായേൽ ആക്രമണത്തിൽ നാല് ഹിസ്ബുല്ല അംഗങ്ങൾ കൊല്ലപ്പെട്ടു. ലബനാൻ ഹിസ്ബുല്ലയുടെ ബന്ദിയെന്ന് ഇസ്രായേൽ ആരോപിച്ചു. ഹിസ്ബുല്ലയുടെ ആക്രമണം നേരിടാൻ സജ്ജമെന്നും ഇസ്രായേൽ വ്യക്തമാക്കി.
അതേസമയം അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ബുധനാഴ്ച ഇസ്രായേലിലെത്തും. ഗസ്സയിലേക്ക് സഹായങ്ങൾ എത്തിക്കാൻ അനുവദിക്കുമെന്ന ഉറപ്പ് ഇസ്രായേലിൽ നിന്ന് ബൈഡന് ലഭിച്ചെന്ന് വൈറ്റ്ഹൗസ് വ്യക്തമാക്കി. ഇതുവരെ റഫാ അതിർത്തി തുറക്കാത്തതിനാൽ ഗസ്സ നരകയാതനയാണ് അനുഭവിക്കുന്നത്. ഇസ്രായേൽ മുന്നറിയിപ്പ് പ്രകാരം തെക്കൻ ഗസ്സയിലേക്ക് പലായനം ചെയ്തവരും വ്യോമാക്രമണത്തിന് ഇരയായി.
ഇന്ധനം തീർന്നതിനാൽ ഗസ്സയിലെ പല ആശുപത്രികളും പൂട്ടലിന്റെ വക്കിലാണ്. മിനിറ്റിൽ ഒരാൾ വീതം ഗസ്സയിലെ ആശുപത്രികളിൽ എത്തുന്നുമുണ്ട്. മൃതദേഹങ്ങൾ സൂക്ഷിക്കുന്ന ബാഗുകൾ പോലും തീർന്നു. അടിയന്തര സഹായമെത്തിയില്ലെങ്കിൽ വൻദുരന്തമുണ്ടാകുമെന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകി. ഈജിപ്ത് റഫാ അതിർത്തി ഇതുവരെ തുറന്നിട്ടില്ല. യുഎന്നും വിവിധ രാജ്യങ്ങളും എത്തിച്ച മരുന്നും അവശ്യവസ്തുക്കളും ഈജിപ്തിലെ റഫാ അതിർത്തിയിൽ കാത്തുകെട്ടിക്കിടക്കുകയാണ്.