​ഗസ്സ വംശഹത്യയുടെ ആഴവും പരപ്പും; കണക്കുകൾ | Gaza 100 Days |

ലോക ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശ ഭീകരതയുടെ ഇരകളാണ് ഫലസ്തീനിലെ ജനങ്ങൾ. ഒക്ടോബർ 7ന് ശേഷം ഇതുവരെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23,850 ആയി ഉയർന്നിരിക്കെ ഇതിൽ 10,000ലേറെയും കുട്ടികളാണെന്നത് ആക്രമണത്തിന്റെ ഭീകരതാ തോത് വെളിവാക്കുന്നു.

Update: 2024-01-14 14:38 GMT
Advertising

ബോംബിന്റെ ശബ്ദങ്ങളും വെടിയൊച്ചകളും നിറഞ്ഞ അന്തരീക്ഷത്തിൽ ഒരു ദിവസം പോലും മനഃസമാധാനത്തോടെ ഉറങ്ങാനാവില്ല നമുക്ക്. കൺമുന്നിൽ നിരപരാധികളായ കുരുന്നുകളും സ്ത്രീകളും പുരുഷന്മാരുമൊക്കെ അകാരണമായി വെടിയേറ്റ് കൊല്ലപ്പെടുന്നതും തങ്ങളുടെ വീടുകൾക്കും കെട്ടിടങ്ങൾക്കും നേരെ വ്യോമാക്രമണമടക്കം നടക്കുന്നതും കണ്ടാണ് പശ്ചിമേഷ്യയിൽ മധ്യധരണിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഫലസ്തീൻ എന്ന രാഷ്ട്രത്തിലെ ജനത മുക്കാൽ നൂറ്റാണ്ടായി ഉറങ്ങിയെണീറ്റു കൊണ്ടിരിക്കുന്നത്. 1947 നവംബർ 29ന് അറബികൾക്കും ജൂതർക്കുമായി ഫലസ്തീനെ ഐക്യരാഷ്ട്രസഭ വിഭജിച്ചതു മുതൽ തുടങ്ങിയതാണ് ആ രാജ്യത്തെ ജനതയനുഭവിക്കുന്ന യാതനകൾ.

ലോക ചരിത്രത്തിലെ ഏറ്റവും വലിയ അധിനിവേശ ഭീകരതയുടെ ഇരകളാണ് ഫലസ്തീനിലെ ജനങ്ങൾ. അത് കേവലം 2023 ഒക്ടോബർ ഏഴിന് തുടങ്ങിയതല്ല.


2023 ഒക്ടോബർ ആറു വരെ 76 വർഷമായി ഫലസ്തീനികൾ നേരിട്ടുകൊണ്ടിരിക്കുന്ന ആസൂത്രിതമായ അടിച്ചമർത്തലിന്റേയും ആക്രമണത്തിന്റേയും മറുപടിയെന്നോണമുള്ള തിരിച്ചടിയായിരുന്നു ഇസ്രായേലിന് നേരെ ഹമാസിന്റെ ഭാ​ഗത്തുനിന്നും ഒക്ടോബർ ഏഴിനുണ്ടായ പ്രത്യാക്രമണം. എന്നാൽ അതിന്റെ പേരിൽ ഇസ്രായേൽ ആരംഭിച്ച ​അനിർവചനീയ തോതിലുള്ള നരനായാട്ടും വംശഹത്യയും 100ാം ദിവസത്തിൽ എത്തിനിൽക്കുമ്പോൾ ഉണ്ടായ ചോരപ്പുഴയുടെ ആഴവും പരപ്പും എത്രത്തോളം എന്ന് പരിശോധിക്കാം.

കൊല്ലപ്പെട്ടവരിൽ 10,000ഉം കുഞ്ഞുങ്ങൾ

യുദ്ധനിയമങ്ങളെല്ലാം ലംഘിച്ച്, അന്താരാഷ്ട്ര എതിർപ്പുകളെയും ഐക്യരാഷ്ട്ര സഭയെയും മനുഷ്യാവകാശങ്ങളേയുമെല്ലാം വെല്ലുവിളിച്ചും അവയെ നോക്കി ​ഗോഷ്ടി കാട്ടിയും ബെഞ്ചമിൻ നെതന്യാഹുവെന്ന ചോരക്കൊതിയൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ഇസ്രായേൽ എന്ന അധിനിവേശ ഭീകരരാഷ്ട്രം നടത്തുന്ന ആക്രമണങ്ങളുടെ കെടുതി നിമിഷങ്ങൾ തോറും വർധിച്ചുകൊണ്ടിരിക്കുകയാണ്. ആശുപത്രിയിലെ ഇൻക്യുബേറ്ററുകളിൽ കിടക്കുന്ന നവജാത ശിശുക്കളെ പോലും വെറുതെ വിടാതെയുള്ള ഇസ്രായേലിന്റെ മനുഷ്യത്വരഹിതമായ ക്രൂരതയെ അപലപിച്ചും പ്രതിഷേധം അറിയിച്ചും നിരവധി ലോകരാജ്യങ്ങൾ രം​ഗത്തെത്തിയിട്ടും ഫലമുണ്ടായിട്ടില്ല.

ജനിക്കാനിരിക്കുന്ന കുഞ്ഞുങ്ങളെ പോലും ഭയപ്പെടുന്ന ഇസ്രായേൽ ​ഗർഭിണികളെ ലക്ഷ്യമിട്ടും ആക്രമണങ്ങൾ നടത്തി. കുഞ്ഞുങ്ങളെയും സ്ത്രീകളെയും യുവാക്കളെയും പ്രായമായവരേയും മാത്രമല്ല, മൃതദേഹങ്ങളോട് പോലും കൊടുംക്രൂരത കാണിച്ചു ഇസ്രായൽ സേന. അഭയാർഥി കേന്ദ്രങ്ങളിലും ആശുപത്രികളിലും പോലും ബോംബിട്ട് ആയിരങ്ങളെ കൊലപ്പെടുത്തി. നിരവധി മാധ്യമപ്രവർത്തകർക്കും ആരോ​ഗ്യപ്രവർത്തകർക്കും മനുഷ്യാവകാശപ്രവർത്തകർക്കും യുഎൻ പ്രതിനിധികൾക്കുമൊക്കെ ഇസ്രായേൽ ആക്രമണത്തിൽ ജീവൻ നഷ്ടമായി.


ഗസ്സയെ ആളില്ലാ മരുഭൂമിയാക്കുമെന്ന് പ്രഖ്യാപിച്ചാണ് ഇസ്രായേൽ ഓരോ ദിവസവും ആക്രമണങ്ങൾ തുടരുന്നത്. ഒക്ടോബർ ഏഴിനു ശേഷം ആരംഭിച്ച ആക്രമണം നൂറാം ദിനവും തുടരുകയാണ്. ഗസ്സയിൽ കൊല്ലപ്പെട്ടവരുടെ 23,850 ആയി ഉയർന്നു. ഇതിൽ 10,000ലേറെയും കുട്ടികളാണെന്നത് ആക്രമണത്തിന്റെ ഭീകരതാതോത് വെളിവാക്കുന്നു. 6,750 സ്ത്രീകളേയും ഇസ്രയേൽ ഇല്ലാതാക്കി. 60,317 പേരാണ് പരിക്കേറ്റ് ചികിത്സയിലും ചികിത്സ കിട്ടാതെയും കഴിയുന്നത്. ഇവരിൽ പലരും മരണത്തോട് മല്ലടിക്കുന്നു. പരിക്കേറ്റവരിൽ 8663 പേരും കുട്ടികളാണ്. 6327 സ്ത്രീകളും. 100 ദിവസമായി തുടരുന്ന ആക്രമണത്തിൽ ഗസ്സയിലെ 1000ഓളം കുട്ടികൾക്ക് ഒന്നോ അല്ലെങ്കിൽ രണ്ട് കാലുകൾ പൂർണമായോ നഷ്ടമായി.

ഓരോ ദിവസവും ശശാശരി 250ഓളം പേർ വീതമാണ് ഗസ്സയിൽ കൊല്ലപ്പെടുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 151 പേരാണ് കൊല്ലപ്പെട്ടതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 248 പേർക്ക് പരിക്കേറ്റു. കെ​ട്ടി​ടാ​വ​ശി​ഷ്ട​ങ്ങ​ൾ​ക്കി​ട​യി​ൽ 7,000 പേ​രെ കാ​ണാ​താ​യി​ട്ടു​ണ്ട്. ​ഗസ്സയെ കൂടാതെ വെസ്റ്റ്ബാങ്ക് ഉൾപ്പെടെയുള്ള മറ്റിടങ്ങളിലും ഇസ്രായേൽ ആക്രമണം നടത്തുന്നുണ്ട്. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 350ലേറെ പേരാണ് വെസ്റ്റ് ബാങ്കിൽ മാത്രം കൊല്ലപ്പെട്ടത്.


കൊല്ലപ്പെട്ട മാധ്യമപ്രവർത്തകരുടെ എണ്ണം 100 കടന്നു

ജീവൻ പണയംവച്ചാണ് ഗസ്സയിലെ ഇസ്രായേൽ ക്രൂരത മാധ്യമപ്രവർത്തകർ പുറംലോകത്തെത്തിക്കുന്നത്. എന്നാൽ അത് തടയാനും തങ്ങളുടെ ചെയ്തികൾ ലോകം അറിയാതിരിക്കാനും ഇസ്രായേൽ സൈന്യം നടത്തുന്ന ക്രൂരതകൾക്ക് കൈയുംകണക്കുമില്ല. ഒക്ടോബർ ഏഴിന് ശേഷം ഇതുവരെ 117 മാധ്യമപ്രവർത്തകരാണ് അവരുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതെന്ന് സർക്കാർ മാധ്യമ ഓഫീസ് അറിയിച്ചു. അൽ ജസീറ ഗസ്സ ബ്യൂറോ വാഇൽ അൽ ദഹ്ദൂഹിന്റെ മകനും സഹപ്രവർത്തകനുമടക്കമുള്ളവർ ഇവരിൽ ഉൾപ്പെടുന്നു.

ജനുവരി ഏഴിന് ഖാൻ യൂനിസിൽ നടത്തിയ ആക്രമണത്തിലാണ് വാഇലിന്റെ മകൻ ഹംസ അൽ ദഹ്ദൂഹും എഎഫ് റിപ്പോർട്ടർ മുസ്തഫ തുറായയും കൊല്ലപ്പെട്ടത്. ഒക്ടോബറിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ വാഇലിന്റെ കുടുംബത്തിലെ നിരവധി പേർ കൊല്ലപ്പെട്ടിരുന്നു. ഭാര്യ ഉമ്മു ഹംസ, 15കാരനായ മകൻ മഹ്‌മൂദ്, ഏഴ് വയസുള്ള മകൾ ഷാം, പേരമകൻ ആദം എന്നിവരടക്കമുള്ളവർക്കാണ് ജീവൻ നഷ്ടമായത്. ഡിസംബർ 15ന് ഖാൻ യൂനിസിൽ നടന്ന ഷെല്ലാക്രമണത്തിൽ അൽ ജസീറ ക്യാമറാമാൻ സാമിർ അബൂദഖയും കൊല്ലപ്പെട്ടിരുന്നു. ഈ ആക്രമണത്തിൽ വാഇലിന് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ പരിക്ക് വകവയ്ക്കാതെ അദ്ദേഹം വീണ്ടും ഇസ്രായേൽ ക്രൂരതകൾ പുറംലോകത്തെത്തിക്കാൻ ജോലിയിൽ സജീവമായി.


വിവിധ സേവനങ്ങൾക്കായി ഗസ്സയിലെത്തിയ യുഎൻ പ്രതിനിധികളിൽ 146 പേരും ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. സംഘടനയുടെ 78 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ് ഇത്രയധികം പ്രതിനിധികൾ കൊല്ലപ്പെടുന്നത്. 14 എൻജിഒ സ്റ്റാഫുകളും കൊല്ലപ്പെട്ടതായി യുഎൻ ചൂണ്ടിക്കാട്ടുന്നു. യുഎൻ കണക്കുപ്രകാരം ഡോക്ടർമാരടക്കം 300ഓളം ആരോഗ്യപ്രവർത്തകരും കൊല്ലപ്പെട്ടു. യുഎൻആർഡബ്ല്യുഎയുടെ 134 കേന്ദ്രങ്ങൾ നശിപ്പിക്കപ്പെട്ടു.

തകർന്നടിഞ്ഞ് ആശുപത്രികളും സ്‌കൂളുകളും പള്ളികളും

ഇസ്രായേലിന്റെ കര-വ്യോമാക്രമണത്തിൽ പരിക്കേറ്റ് ജീവൻ നിലനിർത്താൻ പൊരുതുന്നവരും സ്വയരക്ഷയ്ക്കായി അഭയം പ്രാപിക്കുന്നവരുമുൾപ്പെടെ ആയിരങ്ങൾക്ക് ആശ്രയ കേന്ദ്രങ്ങളായിരുന്നു ​ഗസ്സയിലെ ആശുപത്രികൾ. കൂടാതെ നിരവധി സ്‌കൂളുകളാണ് അഭയാർഥി കേന്ദ്രങ്ങളായി ഉപയോഗിച്ചുവന്നത്. എന്നാൽ ഇവയൊക്കെ ലക്ഷ്യമിട്ടും വൻതോതിലുള്ള ആക്രമണമാണ് ഗസ്സയിൽ ഇസ്രായേൽ നടത്തിയത്. ആരോഗ്യസംവിധാനങ്ങൾക്ക് പുറമെ ഗസ്സയിലെ വിദ്യാഭ്യാസ സംവിധാനവും ഇസ്രായേൽ ആക്രമണത്തിൽ ആകെ തകർന്നു.

യുഎൻ കണക്കുകൾ പ്രകാരം, 2023 ഒക്ടോബർ ഏഴിന് സംഘർഷം ആരംഭിച്ചതിനുശേഷം ഗസയിലെ ഏകദേശം 40,000 കെട്ടിടങ്ങൾ പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടിട്ടുണ്ട്. ആകെ കെട്ടിടങ്ങളുടെ 45- 56 ശതമാനം വരുമിത്. 94 ആരോഗ്യപരിപാലന കേന്ദ്രങ്ങൾക്കു നേരെയാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ ഗസ്സയിലെ 36 ആശുപത്രികളിൽ 26 എണ്ണവും പൂർണമായോ ഭാഗികമായോ തകർക്കപ്പെട്ടു. 15 എണ്ണം മാത്രമാണ് ഭാഗികമായെങ്കിലും പ്രവർത്തിക്കുന്നത്. 121 ആംബുലൻസുകളും നശിപ്പിക്കപ്പെട്ടു.


ഗസ്സയിലെ 370 സ്‌കൂളുകൾ പൂർണമായോ ഭാഗികമായോ നശിച്ചിട്ടുണ്ട്. ആകെ സ്‌കൂളുകളുടെ 70 ശതമാനം വരുമിത്. ഇവയിൽ പലതും യുഎൻ അഭയാർഥി കേന്ദ്രങ്ങളായി പ്രവർത്തിച്ചവയാണ്. നൂറിലേറെ സ്‌കൂളുകൾ തകർക്കപ്പെട്ടതോടെ 6,25,000 കുട്ടികളാണ് പുറന്തള്ളപ്പെട്ടത്. 142 മുസ്‌ലിം പള്ളികളും മൂന്ന് ചർച്ചുകളും തകർക്കപ്പെട്ടു. ഗസ്സയിലെ പുരാതനമായ ഗ്രേറ്റ് ഒമരി മസ്ജിദും നൂറ്റാണ്ടുകൾ പഴക്കമുള്ള ഗ്രീക്ക് ഓർത്തഡോക്‌സ് ദേവാലയമായ സെന്റ്. പോർഫിറിയസിസ് ചർച്ചും തകർക്കപ്പെട്ടവയിൽ ഉൾപ്പെടുന്നു.


നാമാവശേഷമായി ലക്ഷക്കണക്കിന് വീടുകളും കെട്ടിടങ്ങളും; പൈതൃകകേന്ദ്രങ്ങളും തകർന്നു

വാൾസ്ട്രീറ്റ് ജേണലിന്റെ കണക്കനുസരിച്ച്, ഇസ്രായേൽ ഗാസ മുനമ്പിൽ 29,000ലേറെ ബോംബുകളും ഷെല്ലുകളും വർഷിച്ചു. ഇത് ഗസ്സയിലെ 4,39,000 വീടുകളിൽ 70 ശതമാനവും തകർന്നടിയാൻ കാരണമായി. ഒരു എൻജിഒയുടെ കണക്കനുസരിച്ച്, ഒക്ടോബർ ഏഴിന് ഗസ്സയ്ക്കെതിരായ ഇസ്രായേലിന്റെ ആക്രമണം ആരംഭിച്ചതിനുശേഷം കുറഞ്ഞത് 195 പൈതൃക സ്ഥലങ്ങളെങ്കിലും നശിപ്പിക്കപ്പെടുകയോ കേടുപാടുകൾ സംഭവിക്കുകയോ ചെയ്തിട്ടുണ്ട്. ഇതിൽ ബിസി 800 മുതലുള്ള ഒരു പുരാതന തുറമുഖവും അപൂർവമായ കൈയെഴുത്തു പ്രതികളുള്ള ഒരു പള്ളിയും പഴയ ക്രിസ്ത്യൻ ആശ്രമങ്ങളും ഉൾപ്പെടുന്നു. 100ലേറെ ചരിത്രപ്രാധാന്യ സ്ഥലങ്ങളും ഇസ്രായേൽ ബോംബാക്രമണത്തിൽ നശിപ്പിക്കപ്പെട്ടു.

100 ദിവസത്തിനിടെ 1.9 മില്യൺ (19 ലക്ഷം) ഫലസ്തീനികളാണ് പലായനം ചെയ്തത്. ജനങ്ങളിൽ ഓരോ 10ൽ എട്ട് പേരും ഇങ്ങനെ പലായനം ചെയ്തവരാണ്. കുടിയൊഴിപ്പിക്കപ്പെട്ട 1.72 ദശലക്ഷം പേരും യുഎൻആർഡബ്ല്യുഎയുടെ 155 കേന്ദ്രങ്ങളിൽ അഭയം പ്രാപിക്കുന്നു. 2.2 മില്യൺ (22 ലക്ഷം) പേരാണ് ഭക്ഷണം കിട്ടാതെ നരകിക്കുന്നത്. ഓരോ 10 പേരിൽ ഒമ്പതു പേരും ഭക്ഷണമില്ലാതെ 24 മണിക്കൂറോ അതിൽ കൂടുതലോ സമയം ചെലവഴിക്കുന്നു.


അതേസമയം, സമ്പൂർണ വിജയം നേടും വരെ ഗസ്സ യുദ്ധം തുടരുമെന്നും ആർക്കും അതിൽ നിന്ന്​ ഇസ്രായേലിനെ തടയാനാകില്ലെന്നും നെതന്യാഹു വ്യക്തമാക്കുമ്പോൾ വരുംദിവസങ്ങളിലും കൊടുംക്രൂരതയും മരണനിരക്കും കെടുതികളും ഇനിയും വർധിക്കുമെന്നാണ് വ്യക്തമാകുന്നത്. ​ഗസ്സയിലെ ഇസ്രായേൽ കൂട്ടക്കുരുതിയുടെ ചോരക്കറ നെതന്യാഹുവിന്റെ മാത്രമല്ല, അമേരിക്കയുടെ കൈകളിലും പല്ലുകളിലും നമുക്ക് കാണാം. അമേരിക്കയുടെ സഹായത്താലും പിന്തുണയാലും ​ഗസ്സയിൽ ഇസ്രായേൽ നിർബാധം തുടരുന്ന ഈ നിഷ്ഠൂര ആക്രമണത്തിന് എന്ന് അറുതി വരുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - ഷിയാസ് ബിന്‍ ഫരീദ്

contributor

Similar News