ജെനിൻ അഭയാർഥി ക്യാമ്പിൽ ആക്രമണം അവസാനിപ്പിച്ച് ഇസ്രായേൽ സൈന്യം പൂർണമായി പിൻവാങ്ങി

രണ്ട് ദിവസത്തെ ആക്രമണത്തിൽ 13 ഫലസ്തീനികളും ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടിരുന്നു

Update: 2023-07-05 07:08 GMT
Advertising

വെസ്റ്റ് ബാങ്ക് ജെനിൻ അഭയാർഥി ക്യാമ്പിൽ ആക്രമണം അവസാനിപ്പിച്ച് ഇസ്രായേൽ. രണ്ട് ദിവസത്തെ ആക്രമണത്തിന് ശേഷം സൈന്യം പൂർണമായി പിൻവാങ്ങി.ആക്രമണത്തിൽ 13 ഫലസ്തീനികളും ഒരു ഇസ്രായേൽ സൈനികനും കൊല്ലപ്പെട്ടു. ഇന്ന് രാവിലെയാണ് സൈന്യം പിന്മാറി തുടങ്ങിയത്.

ഇതേ സമയം ഗസ്സക്ക് നേരെ ഇസ്രായേൽ സൈന്യം നിരവധി ആക്രമണങ്ങൾ നടത്തിയതായി റിപ്പോർട്ടുണ്ട്. ഇന്ന് വെളുപ്പിന് ഹമാസും ഇസ്ലാമിക് ജിഹാദും ഇസ്രായിലേക്ക് റോക്കറ്റ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇസ്രായേലിന്റെ ഗസ്സക്ക് നേരെയുള്ള പ്രത്യാക്രമണം. എന്നാൽ ജെനിൻ അഭയാർഥി ക്യാമ്പിൽ ജനങ്ങൾ തെരുവിലറങ്ങി ആഹ്ലാദ പ്രകടനം നടത്തുകയാണ്.

ജനങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ സൈനിക നടപടി നിർത്തണമെന്ന യു.എൻ സെക്രട്ടറി ജനറലിെൻറ അഭ്യർഥന തള്ളിയ ഇസ്രായേൽ ലക്ഷ്യം നേടും വരെ ആക്രമണം തുടരുമെന്നായിരുന്നു പറഞ്ഞത്. ഇറാൻ പിന്തുണയോടെ ക്യാമ്പിനുള്ളിൽ തമ്പടിച്ച ജെനിൻ ബ്രിഗേഡ് പോരാളി സംഘം ഇസ്രായേൽ സുരക്ഷക്ക് ഭീഷണി ഉയർത്തുന്ന സാഹചര്യത്തിൽ ആക്രമണം ഉടനടി അവസാനിപ്പിക്കില്ലെന്നായിരുന്നു ഇസ്രായേൽ വ്യക്തമാക്കിയിരുന്നത്.

ഫലസ്തീൻ കുടുംബങ്ങൾ തിങ്ങി താമസിക്കുന്ന ക്യാമ്പിലെ എണ്ണമറ്റ വസതികളാണ്  ഇസ്രായേൽ സൈന്യം തകർത്തത്. അയ്യായിരത്തിലേറെ ഫലസ്തീൻകാരാണ് ഒറ്റ ദിവസം കൊണ്ട് ജെനിൻ ക്യാമ്പിൽ ഭവനരഹിതരായത്. മൂവായിരം പേരെ ക്യാമ്പിൽ നിന്ന് സുരക്ഷിത സ്ഥലങ്ങളിലേക്ക് ഫലസ്തീൻ റെഡ്ക്രസൻറ് മാറ്റിയിരുന്നു. നൂറുകണക്കിന് ഫലസ്തീൻ യുവാക്കളെയാണ് സൈന്യം അറസ്റ്റ് ചെയ്തത്. ആയിരങ്ങൾ പ്രദേശത്തു നിന്ന് ഒഴിഞ്ഞു പോകാൻ നിർബന്ധിതരായി. ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റാൻ പോലും ഇസ്രായേൽ സൈന്യം അനുവദിക്കാത്ത സ്ഥിതിയുണ്ടായിരുന്നു.

അറബ് മുസ്‌ലിം ലോകവും ചില യൂറോപ്യൻ രാജ്യങ്ങളും ഇസ്രായേൽ കടന്നുകയറ്റത്തിൽ കടുത്ത ആശങ്ക രേഖപ്പെടുത്തിയിരുന്നു. എന്നാൽ സുരക്ഷ മുൻനിർത്തിയുള്ള ഇസ്രായേൽ നടപടിയിൽ അപാകതയില്ലെന്നായിരുന്നു അമേരിക്കയുടെയും ബ്രിട്ടന്റെയും പ്രതികരണം. 2002ലാണ് ഇതിനു മുമ്പ് ജെനിൻ ക്യാമ്പിനു നേർക്ക് ഇസ്രായേൽ ഏറ്റവും വലിയ സൈനിക നീക്കം നടത്തിയത്.

Tags:    

Writer - നസീഫ് റഹ്മാന്‍

sub editor

Editor - നസീഫ് റഹ്മാന്‍

sub editor

By - Web Desk

contributor

Similar News