നെതന്യാഹുവിനെതിരായ അറസ്റ്റ് വാറണ്ട്: അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ ജഡ്ജിയെ മാറ്റി
ആരോഗ്യപരമായ കാരണങ്ങളാലാണ് ജഡ്ജിയെ മാറ്റുന്നതെന്ന് ഐസിസി
ഹേഗ്: ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കണമെന്ന ആവശ്യം പരിഗണിക്കുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതിയിലെ (ഐസിസി) ജഡ്ജിമാരിൽ ഒരാളെ മാറ്റി. ആരോഗ്യപരമായ കാരണങ്ങളാലാണ് മാറ്റമെന്ന് ഐസിസി പ്രസിഡന്റ് അറിയിച്ചു.
നെതന്യാഹു, പ്രതിരോധ മന്ത്രി യോവ് ഗാലന്റ്, മൂന്ന് ഹമാസ് നേതാക്കൾ എന്നിവർക്കെതിരെ പ്രോസിക്യൂട്ടർമാർ അറസ്റ്റ് വാറണ്ട് ആവശ്യപ്പെട്ടിരുന്നു. മനുഷ്യരാശിക്കെതിരായ യുദ്ധക്കുറ്റങ്ങളും കുറ്റകൃത്യങ്ങളും ചെയ്തതിന് മതിയായ തെളിവുണ്ടെന്നും ഇവർ ചൂണ്ടിക്കാണിക്കുകയുണ്ടായി.
ഈ കേസ് പരിഗണിക്കുന്ന ജഡ്ജിയെയാണ് ഇപ്പോൾ മാറ്റിയിരിക്കുന്നത്. ആരോഗ്യപരമായ കാരണങ്ങളാൽ കേസിൽനിന്ന് മാറ്റണമെന്ന് റൊമാനിയൻ മജിസ്ട്രേറ്റ് ലുലിയ മോടോക് ആവശ്യപ്പെടുകയായിരുന്നുവെന്ന് ഐസിസി പ്രസിഡന്റ് പറഞ്ഞു. തുർന്ന് ഇദ്ദേഹത്തിന് പകരമായി സ്ലൊവേനിയയുടെ ജഡ്ജി ബെറ്റി ഹൊഹ്ലെറിനെ നിയമിക്കുകയും ചെയ്തു. പുതിയ നീക്കം കേസിൽ കൂടുതൽ കാലതാമസത്തിന് വഴിയൊരുക്കിയേക്കാം.
ഗസ്സയില്‍ നിര്‍ബാധം തുടരുന്ന ആക്രമണങ്ങള്‍ക്ക് പിന്നാലെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കാൻ അന്താരാഷ്ട്ര ക്രിമിനൽ കോടതി ഒരുങ്ങുന്നതായി നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു. നെതന്യാഹുവിന് പുറമെ, പ്രതിരോധ മന്ത്രി യോവ് ഗാലന്റിനും ചീഫ് ഓഫ് സ്റ്റാഫ് ഹെർസി ഹലേവി എന്നിവര്‍ക്കെതിരെയും അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചേക്കുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. അധിനിവേശ വെസ്റ്റ് ബാങ്കിലെയും ഗസ്സ മുനമ്പിലെയും ഇസ്രേയാൽ അതിക്രമങ്ങളെക്കുറിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി നിലവിൽ അന്വേഷിക്കുന്നുണ്ട്.
ഐസിസിയുടെ അറസ്റ്റ് വാറണ്ട് വാര്‍ത്തകളില്‍ നെതന്യാഹു അസ്വസ്ഥനാണെന്നും അസാധാരണമായ സമ്മർദത്തിലാണെന്നും ഇസ്രായേലി പത്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. തെൽ അവീവിൽ മുതിർന്ന ഇസ്രായേൽ ഉദ്യോഗസ്ഥർ അടിയന്തര യോഗങ്ങൾ ചേർന്ന് ഐസിസിയുടെ നീക്കങ്ങള്‍ ചർച്ച ചെയ്തതായും ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുകയുണ്ടായി. അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുന്നത് ഒഴിവാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ഉള്‍പ്പെടെയുള്ള ലോകനേതാക്കളെ നെതന്യാഹു ഫോണില്‍ ബന്ധപ്പെടുകയും ചെയ്തിരുന്നു.