യുക്രൈനിലെ റഷ്യൻ ആക്രമണം ഒമ്പതാം ദിനവും തുടരുന്നു; ഒഡേസ പിടിച്ചെടുക്കാനായി കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്ന് റിപ്പോർട്ട്

യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം

Update: 2022-03-04 00:56 GMT
Advertising

യുക്രൈനിലെ റഷ്യൻ ആക്രമണം ഒമ്പതാം ദിനവും തുടരുകയാണ്. ഒഡേസ പിടിച്ചെടുക്കാനായി കൂടുതൽ റഷ്യൻ സൈന്യമെത്തുമെന്നാണ് റിപ്പോർട്ട്. ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടതായി യുക്രൈൻ സ്ഥിരീകരിച്ചു. യുക്രൈൻ തലസ്ഥാനമായ കിയവിലും പ്രധാനനഗരമായ ഖാർഖീവിലും റഷ്യ വ്യോമാക്രമണങ്ങൾ തുടരുകയാണ്.

കിയവിനെ ലക്ഷ്യം വെച്ചുള്ള ക്രൂസ് മിസൈൽ തകർത്തെന്ന് യുക്രൈൻ സൈന്യം അവകാശപ്പെട്ടു. യുക്രൈനിലെ കേഴ്‌സൺ നഗരം പിടിച്ചെടുത്തതോടെ ഡേസയും ഡോൺബാസും ലക്ഷ്യം വെച്ചാണ് റഷ്യൻ നീക്കം. ഒഡേസയിൽ കൂടുതൽ റഷ്യൻ സേനയെ എത്തിച്ചു.

ചെർണീവിലുണ്ടായ വ്യോമാക്രമണത്തിൽ രണ്ട് സ്‌കൂളുകളും ഒരു കെട്ടിടവും പൂർണമായും തകർന്നു. ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടെന്നും 18 പേർക്ക് പരിക്കേറ്റതായും യുക്രൈൻ സ്ഥിരീകരിച്ചു. മരിയപോളിൽ റഷ്യയുടെ ഷെല്ലാക്രമണം ഇന്നലെയും തുടർന്നു. ഉന്നത സൈനിക ഉദ്യോഗസ്ഥനടക്കം 9000 റഷ്യൻ സൈനികരെ വധിച്ചെന്നും യുക്രൈൻ അവകാശപ്പെട്ടു.

മധ്യസ്ഥത ശ്രമവുമായി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിനുമായി സംസാരിച്ചു. എന്നാൽ യുക്രൈനെ നിരായുധീകരിക്കാതെ യുദ്ധം അവസാനിപ്പിക്കില്ലെന്നായിരുന്നു പുടിന്റെ പ്രതികരണം. കൂടിക്കാഴ്ചക്ക് ശേഷം പ്രതീക്ഷകളെല്ലാം അവസാനിച്ചെന്നും യുക്രൈനിൽ കൂടുതൽ മോശമായ അവസ്ഥയാണ് ഇനി വരാൻ പോകുന്നതെന്നും മാക്രോൺ പറഞ്ഞു. അതിനിടെ യുഎൻ രക്ഷാസമിതിയിലെ റഷ്യയുടെ സ്ഥിരാഗംത്വം റദ്ദാക്കണമെന്ന യുക്രൈന്റെ ആവശ്യം അമേരിക്ക തള്ളി. യുക്രൈനും ജോർജിയക്കും പിന്നാലെ മോൾഡോവയും യുറോപ്പ്യൻ യൂണിയൻ അംഗത്വം തേടി അപേക്ഷ നൽകി. ബ്രിട്ടന് പിന്നാലെ 19ലധികം റഷ്യൻ പ്രഭുക്കന്മാർക്കും അവരുടെ കുടുംബാംഗങ്ങൾക്കും അമേരിക്കയും വിലക്ക് ഏർപ്പെടുത്തി.

Tags:    

Writer - ഫസ്ന പനമ്പുഴ

contributor

Editor - ഫസ്ന പനമ്പുഴ

contributor

By - Web Desk

contributor

Similar News