ഇമ്രാൻ ഖാന് തിരിച്ചടി; ദേശീയ അസംബ്ലി പിരിച്ചുവിട്ട നടപടി പാക് സുപ്രിംകോടതി റദ്ദാക്കി

ഏപ്രിൽ ഒമ്പതിന് ഇമ്രാൻ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണമെന്നും കോടതി വിധിച്ചു

Update: 2022-04-07 16:07 GMT
Advertising

ഇസ്ലാമാബാദ്: പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാന് തിരിച്ചടിയായി പാക് സുപ്രിംകോടതി വിധി. ദേശീയ അസംബ്ലി പിരിച്ചുവിട്ട ഡോ. ആരിഫ് ആൽവിയുടെ നടപടി സുപ്രിംകോടതി റദ്ദാക്കി. ഏപ്രിൽ ഒമ്പതിന് ഇമ്രാൻ അവിശ്വാസ പ്രമേയ വോട്ടെടുപ്പ് നേരിടണമെന്നും കോടതി വിധിച്ചു. നടപടികൾ ഭരണഘടനാവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉമർ അത്ത ബന്ദിയാൽ അധ്യക്ഷനായ ബെഞ്ചിന്റെ വിധി. അഞ്ചുപേരടങ്ങുന്ന ബെഞ്ച് ഐക്യകണ്ഠേനയാണ് വിധി പുറപ്പെടുവിച്ചത്. ശനിയാഴ്ച 10.30ന് ദേശീയ അസംബ്ലി ചേർന്ന് അവിശ്വാസപ്രമേയ വോട്ടെടുപ്പ് നടത്തണമെന്നും അതു കൂടാതെ സഭ പിരിച്ചു വിട്ട നടപടി നിയമാനുസൃതമല്ലെന്നും കോടതി വിലയിരുത്തി. തെരഞ്ഞെടുപ്പ് എപ്പോൾ നടക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിക്കുമെന്ന് കോടതി പറഞ്ഞു.

ദേശീയ അസംബ്ലി പിരിച്ചുവിട്ടതിനെതിരായ കേസിൽ രേഖകൾ ഹാജരാക്കണമെന്ന് സുപ്രിംകോടതി നേരത്തെ ആവശ്യപ്പെട്ടിരുന്നു. അസംബ്ലിയുടെ മിനുറ്റ്‌സ് ഹാജരാക്കാനാണ് കോടതി നിർദേശിച്ചിരുന്നത്. ഭരണഘടനാ നിർദേശങ്ങൾ ദേശീയ അസംബ്ലി നിയമങ്ങളേക്കാൾ മുകളിലാണെന്ന് പറഞ്ഞ കോടതി മാർച്ച് 31 ലെ ദേശീയ അസംബ്ലിയുടെ മിനുറ്റ്‌സ് ഹാജരാക്കാനാണ് നിർദേശിച്ചിരുന്നത്. വിദേശ ഇടപെടൽ ആരോപിച്ചായിരുന്നു ഡെപ്യൂട്ടി സ്പീക്കർ ഖാസിം ഖാൻ സൂരി അവിശ്വാസം തള്ളിയത്. ഇതിനുപിന്നാലെ പ്രധാനമന്ത്രി ഇംറാന്റെ ശിപാർശ പ്രകാരം ദേശീയ അസംബ്ലിയും മന്ത്രിസഭയും പിരിച്ചുവിടുകയും ചെയ്തിരുന്നു.

അവിശ്വാസം തള്ളുകയും പാർലമെന്റ് പിരിച്ചുവിടുകയും ചെയ്ത നടപടിയിലെ ഭരണഘടനാ സാധുത പരിശോധിക്കുക മാത്രമാകും ചെയ്യുകയെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. അവിശ്വാസപ്രമേയം വോട്ടിനിടാനിരിക്കെ ദേശീയ അസംബ്ലി പിരിച്ചുവിട്ടത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷവാദം. സിവിലിയൻ അട്ടിമറിയാണ് രാജ്യത്ത് നടന്നതെന്നും പ്രതിപക്ഷം ആരോപിച്ചു. അതിനിടയിൽ രാജ്യത്ത് മൂന്നുമാസം കൊണ്ട് പൊതുതെരഞ്ഞെടുപ്പ് നടത്താൻ സാധ്യമല്ലെന്ന് പാകിസ്താൻ തെരഞ്ഞെടുപ്പ് കമ്മീഷനും വ്യക്തമാക്കി. അതേസമയം സർക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തിൽ യു.എസ് പങ്കാളിത്തമുണ്ടെന്ന പ്രധാനമന്ത്രി ഇംറാൻഖാന്റെ ആരോപണത്തിനെതിരെ സേനാ നേതൃത്വം മുന്നോട്ടുവന്നു. രാജ്യത്തിന്റെ ആഭ്യന്തരകാര്യങ്ങളിൽ ഇത്തരമൊരു ഇടപെടൽ നടന്നതിന് തെളിവില്ലെന്നാണ് സൈനിക നേതൃത്വം പറയുന്നത്.

കാവൽ പ്രധാനമന്ത്രി പദത്തിലേക്ക് പേരു നിർദേശിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ കത്തിന്റെ അടിസ്ഥാനത്തിൽ പ്രധാനമന്ത്രി ഇംറാൻ ഖാൻ, പാക് സുപ്രീം കോടതി മുൻ ചീഫ് ജസ്റ്റിസ് ഗുൽസാർ അഹ്‌മദിന്റെ പേര് നിർദേശിച്ചിരുന്നു. എന്നാൽ, പേരു നിർദേശിക്കാനാവശ്യപ്പെട്ട് തനിക്കും പ്രസിഡന്റിന്റെ കത്ത് ലഭിച്ചുവെന്നും നിയമന പ്രക്രിയയിൽ താൻ പങ്കെടുക്കില്ലെന്നുമാണ് പ്രതിപക്ഷ നേതാവ് ശഹബാസ് ശരീഫ് പ്രതികരിച്ചത്. പ്രസിഡന്റും പ്രധാനമന്ത്രിയും നിയമം ലംഘിച്ചതിനാലാണിതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

The Supreme Court has quashed the dismissal of the Pakistan National Assembly

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News