ഗസ്സയിലെ വെടിനിർത്തൽ സാധ്യത നിലച്ചിട്ടില്ലെന്ന് അമേരിക്ക; 90 ശതമാനം നിർദേശങ്ങളും ഇരുപക്ഷവും അംഗീകരിച്ചു
ഹമാസുമായി ഉടൻ കരാർ വേണമെന്ന് ഇസ്രായേൽ സൈനിക നേതൃത്വം
ദുബൈ: ഗസ്സയിൽ വെടിനിർത്തൽ ചർച്ചാ സാധ്യത നിലച്ചിട്ടില്ലെന്ന് അമേരിക്ക. സമവായനീക്കം തുടരുന്നതായി സി.ഐ.എ മേധാവി വില്യം ബേൺസ് അറിയിച്ചു. ഫലസ്തീൻ ജനതയുടെയും ബന്ദികളുടെയും സുരക്ഷക്ക് വെടിനിർത്തൽ നടപ്പാക്കാൻ ഇരുപക്ഷവും തയാറാകണമെന്ന് വില്യം ബേൺസും ബ്രിട്ടീഷ് ഇന്‍റലിജൻസ് മേധാവി റിച്ചാർഡ് മൂറും ആവശ്യപ്പെട്ടു.
വെടിനിർത്തൽ കരാർ നിർദേശത്തിൽ 90 ശതമാനവും ഇരുപക്ഷവും അംഗീകരിച്ചിട്ടുണ്ട്. അവശേഷിച്ച പത്ത് ശതമാനത്തിൽ തട്ടിയാണ് ചർച്ച വഴിമുട്ടിയതെന്ന് ഇരുവരും വ്യക്തമാക്കി. ഈജിപ്തും ഖത്തറുമായി ചേർന്ന് വെടിനിർത്തലിനുള്ള നീക്കം ഊർജിതമായി തുടരുമെന്നും ഇവർ കൂട്ടിച്ചേർത്തു.
അതിനിടെ, തുടർ ചർച്ചകൾക്കായി യു.എസ് സെൻട്രൽ കമാന്‍റ് മേധാവി ഉടൻ ഇസ്രായേലിലെത്തും. ഫിലാഡൽഫി, നെത്സറീം ഇടനാഴികളിൽനിന്ന് സൈന്യത്തെ പൂർണമായും പിൻവലിക്കാനാവില്ലെന്ന ഇസ്രായേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ നിലപാടിനെതിരെ ഇസ്രായേലിൽ പ്രതിഷേധം ശക്തമാണ്. ഹമാസുമായി ഉടൻ കരാർ വേണമെന്നാണ് ഇസ്രായേൽ സൈനിക നേതൃത്വം ആവശ്യപ്പെടുന്നത്.
ബന്ദികളുടെ ബന്ധുക്കളുടെ നേതൃത്വത്തിൽ ഇസ്രായേലിലുടനീളം പ്രതിഷേധം തുടരുകയാണ്. തെൽ അവീവ്, ജറൂസലേം, ഹൈഫ ഉൾപ്പെടെ എല്ലാ ഇസ്രായേൽ നഗരങ്ങളിലും ഇന്നലെ ആയിരങ്ങൾ പ്രതിഷേധിച്ചു.
ഇസ്രായേൽ, ലബനാൻ അതിർത്തി കേന്ദ്രങ്ങളിലും സംഘർഷം കനക്കുകയാണ്. ദക്ഷിണ ലബനാനിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ 3 പേർ കൊല്ലപ്പെട്ടു. ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ മുപ്പതിലേറെ പേർ കൊല്ലപ്പെട്ടു.