1975ല്‍ സൈഗോണ്‍, 2021ല്‍ കാബൂള്‍; പൗരന്‍മാരെ ഹെലിക്കോപ്റ്ററില്‍ രക്ഷപ്പെടുത്തി 'രക്ഷപ്പെടുന്ന' അമേരിക്ക

20 വര്‍ഷത്തെ അധിനിവേശത്തിനൊടുവില്‍ വിയറ്റ്‌നാമിന് സമാനമായ തിരിച്ചടി തന്നെയാണ് അഫ്ഗാനിസ്ഥാനിലും അമേരിക്ക നേരിടുന്നതെന്ന വിമര്‍ശനം ശക്തമാണ്.

Update: 2021-08-16 05:46 GMT
Advertising

20 വര്‍ഷത്തെ അധിനിവേശത്തിനൊടുവില്‍ അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള യു.എസ് പിന്‍മാറ്റം 1975ലെ വിയറ്റ്‌നാമില്‍ നിന്നുള്ള മടക്കത്തിന് സമാനമെന്ന് വിലയിരുത്തല്‍. 1975 ഏപ്രില്‍ 29നാണ് വിയറ്റ്‌നാമിലെ സൈഗോണിലുള്ള എംബസിയുടെ ടെറസില്‍ നിന്ന് തങ്ങളുടെ ഉദ്യോഗസ്ഥരെ അമേരിക്ക ഹെലിക്കോപ്റ്റര്‍ വഴി രക്ഷപ്പെടുത്തിയത്.

സോവിയറ്റ് പിന്തുണയോടെ വടക്കന്‍ വിയറ്റ്‌നാം പട്ടാളം 1975 ഏപ്രില്‍ 30ന് ആണ് തെക്കന്‍ വിയറ്റ്‌നാമിലെത്തി സെയ്‌ഗോണ്‍ (ഇപ്പോള്‍ ഹോചിമിന്‍ സിറ്റി) പിടിച്ചത്. തെക്കന്‍ വിയറ്റ്‌നാം, അമേരിക്കയുടെ പിന്തുണയോടെയാണ് യുദ്ധം ചെയ്തിരുന്നത്. വടക്കന്‍ സൈന്യം നഗരം പിടിച്ചത് അപ്രതീക്ഷിതമായിരുന്നു. ഹെലികോപ്റ്റര്‍ ഉപയോഗിച്ചാണ് അന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക രക്ഷിച്ചത്. 29, 30 തിയതികളില്‍ ഓരോ 10 മിനിറ്റ് കൂടുമ്പോഴും അമേരിക്കന്‍ കോപ്റ്റര്‍ എംബസിയുടെ ടെറസില്‍ ഇറങ്ങി. ഓപ്പറേഷന്‍ ഫ്രീക്വന്റ് വിന്‍ഡ് എന്ന് പേരിട്ട ഈ ദൗത്യം വഴി 7000 പേരെയാണ് ഒഴിപ്പിച്ചത്. അമേരിക്കയുടെ പരിഭ്രാന്തമായ രക്ഷപ്പെടലായാണ് ഇത് ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടത്. കോപ്റ്ററിലേക്ക് ഏണി വഴി പരിഭ്രാന്തിയോടെ കയറുന്നവരുടെ, ഡച്ച് ഫൊട്ടോഗ്രഫര്‍ ഹഗ്‌വന്‍ എസ് എടുത്ത ചിത്രം അമേരിക്കയുടെ പരാജയത്തിന്റെ നേര്‍ച്ചിത്രമായി.

സമാന സാഹചര്യം തന്നെയാണ് അഫ്ഗാനിസ്ഥാനിലും ആവര്‍ത്തിക്കുന്നത്. സൈഗോണ്‍ ആവര്‍ത്തിക്കുമോ എന്ന് കഴിഞ്ഞ മാസം യു.എസ് പ്രസിഡന്റ് ജോ ബൈഡനോട് ചോദിച്ചപ്പോള്‍ ഇല്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കാന്തഹാര്‍ നഗരം താലിബാന്‍ പിടിച്ചപ്പോള്‍ തന്നെ പൗരന്‍മാരെ ഒഴിപ്പിക്കാനായി അമേരിക്ക തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. എന്നാല്‍ അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് അതിവേഗം മുന്നേറിയ താലിബാന്‍ കാബൂള്‍ പിടിച്ചതോടെ അഫ്ഗാനിലും സൈഗോണ്‍ ആവര്‍ത്തിച്ചു. കാബൂളിലെ എംബസിയില്‍ നിന്നും ഹെലിക്കോപ്റ്റര്‍ വഴിയാണ് കഴിഞ്ഞ ദിവസം നയതന്ത്ര ഉദ്യോഗസ്ഥരെ അമേരിക്ക രക്ഷപ്പെടുത്തിയത്.

Full View

20 വര്‍ഷത്തെ അധിനിവേശത്തിനൊടുവില്‍ വിയറ്റ്‌നാമിന് സമാനമായ തിരിച്ചടി തന്നെയാണ് അഫ്ഗാനിസ്ഥാനിലും അമേരിക്ക നേരിടുന്നതെന്ന വിമര്‍ശനം ശക്തമാണ്. എന്നാല്‍ യു.എസ് സ്റ്റേറ്റ് സെക്രട്ടി ആന്റണി ബ്ലിങ്കന്‍ ആരോപണം നിഷേധിച്ചു. സെപ്റ്റംബര്‍ 11ന് തങ്ങളെ ആക്രമിച്ചവരെ കൈകാര്യം ചെയ്യാനാണ് യു.എസ് സൈന്യം അഫ്ഗാനിലെത്തിയത്. ആ ദൗത്യം ഞങ്ങള്‍ വിജയകരമായി പൂര്‍ത്തിയാക്കിയെന്നും അദ്ദേഹം പറഞ്ഞു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News