യുദ്ധം തുടങ്ങിവച്ചത് അവരാണ്, ഞങ്ങളത് പൂര്‍ത്തിയാക്കും; ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേല്‍

ഞങ്ങൾക്ക് ഈ യുദ്ധം വേണ്ടായിരുന്നു. അത് ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയിൽ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു.

Update: 2023-10-10 05:55 GMT
Editor : Jaisy Thomas | By : Web Desk

ബെഞ്ചമിൻ നെതന്യാഹു

Advertising

തെല്‍ അവിവ്: ഹമാസ്-ഇസ്രായേല്‍ സംഘര്‍ഷം തുടരുന്നതിനിടെ ഹമാസിന് മുന്നറിയിപ്പുമായി ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു . യുദ്ധം തുടങ്ങിവച്ചത് ഹമാസ് ആണെങ്കിലും പൂര്‍ത്തിയാക്കുന്നത് ഇസ്രായേലായിരിക്കുമെന്ന് നെതന്യാഹു ചൊവ്വാഴ്ച പറഞ്ഞു.

“ഞങ്ങൾക്ക് ഈ യുദ്ധം വേണ്ടായിരുന്നു. അത് ഏറ്റവും ക്രൂരവും നിന്ദ്യവുമായ രീതിയിൽ ഞങ്ങളുടെ മേൽ അടിച്ചേൽപ്പിക്കപ്പെട്ടു. ഇസ്രായേൽ ഈ യുദ്ധം ആരംഭിച്ചില്ലെങ്കിലും ഞങ്ങള്‍ അത് അവസാനിപ്പിക്കും'' നെതന്യാഹു രാജ്യത്തെ അഭിസംബോധന ചെയ്യുവെ വ്യക്തമാക്കി. ഹമാസ് ഇതിന്‍റെ ഫലം അനുഭവിക്കുമെന്നും അത് ഒരിക്കലും മറക്കാനാവാത്തതായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേലിനെ ആക്രമിച്ചതിലൂടെ തങ്ങൾക്ക് ചരിത്രപരമായ തെറ്റ് പറ്റിയെന്ന് ഹമാസ് മനസ്സിലാക്കുമെന്നും നെതന്യാഹു ചൂണ്ടിക്കാട്ടി. "ഒരിക്കൽ, യഹൂദ ജനത രാജ്യരഹിതരായിരുന്നു, ഒരിക്കൽ, യഹൂദ ജനത പ്രതിരോധമില്ലാത്തവരായിരുന്നു.ഇനിയങ്ങനെ ഉണ്ടാകില്ല. വരും ദശകങ്ങളില്‍ അവരും ഇസ്രായേലിന്‍റെ മറ്റു ശത്രുക്കളും ഓര്‍ക്കുന്ന ഒരു വില ഞങ്ങള്‍ നിശ്ചയിക്കും''. നിരപരാധികളായ ഇസ്രായേലികൾക്ക് നേരെ ഹമാസ് നടത്തിയ ക്രൂരമായ ആക്രമണങ്ങൾ മനസ്സിനെ വല്ലാതെ തളർത്തുന്നതാണെന്ന് ഇസ്രായേൽ പ്രധാനമന്ത്രി പറഞ്ഞു.

"കുടുംബങ്ങളെ അവരുടെ വീടുകളിൽ കശാപ്പ് ചെയ്യുന്നു. ഒരു ഔട്ട്‌ഡോർ ഫെസ്റ്റിവലിൽ നൂറുകണക്കിന് യുവാക്കളെ കൂട്ടക്കൊല ചെയ്യുന്നു. നിരവധി സ്ത്രീകളെയും കുട്ടികളെയും വൃദ്ധരെയും തട്ടിക്കൊണ്ടുപോകുന്നു. ഹമാസ് ഭീകരർ കുട്ടികളെ കെട്ടിയിട്ടു കത്തിക്കുകയും വധിക്കുകയും ചെയ്തു," നെതന്യാഹു വിശദീകരിച്ചു. "ഹമാസ് ഐഎസാണ്. ഐഎസിനെ പരാജയപ്പെടുത്താൻ നാഗരികതയുടെ ശക്തികൾ ഒന്നിച്ചതുപോലെ, ഹമാസിനെ പരാജയപ്പെടുത്തുന്നതിന് നാഗരികതയുടെ ശക്തികൾ ഇസ്രായേലിനെ പിന്തുണയ്ക്കണം," നെതന്യാഹു പറഞ്ഞു.യു.എസ് പ്രസിഡന്‍റ് ജോ ബൈഡനും മറ്റ് ലോക നേതാക്കളും നൽകിയ പിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.ഇസ്രായേൽ ഹമാസിനെതിരെ പോരാടുന്നത് സ്വന്തം ജനങ്ങൾക്ക് വേണ്ടി മാത്രമല്ല, ക്രൂരതയ്‌ക്കെതിരെ നിലകൊള്ളുന്ന എല്ലാ രാജ്യങ്ങൾക്കും വേണ്ടിയാണെന്നും നെതന്യാഹു കൂട്ടിച്ചേർത്തു.

അതേസമയം സമ്പൂർണ ഉപരോധത്തിലായ ഗസ്സക്കു നേരെ കരയുദ്ധത്തിനുള്ള സന്നാഹങ്ങൾ ശക്​തമാക്കി ഇസ്രായേൽ. ഗസ്സയുടെ നിരവധി കേന്ദ്രങ്ങളിൽ നൂറുകണക്കിന്​ ആക്രമണങ്ങൾ രാത്രിയും തുടർന്നു. ഹമാസ് ആക്രമണത്തിൽ ഇസ്രായേലിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 900 കടന്നു. ഇസ്രായേല്‍ ആക്രമണത്തില്‍ 700ലധികം ഫലസ്തീനികളും കൊല്ലപ്പെട്ടു. ഇരുഭാഗത്തുമായി അയ്യായിരത്തിനും മുകളിലാണ്​ പരിക്കേറ്റവരുടെ എണ്ണം.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News