രാജകുമാരിക്കും രക്ഷയില്ല; ഇറ്റാലിയൻ രാജകുമാരിയുടെ 18കോടി രൂപ വില വരുന്ന ആഭരണങ്ങൾ മോഷണം പോയി
രാജകുടുംബത്തിൽ തലമുറകളായി കൈമാറി വരുന്ന പല വിശിഷ്ട ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നാണ് വിവരം
റോം: ഇറ്റാലിയൻ രാജകുമാരി വിറ്റോറിയ ഒഡെസ്‌കാൽച്ചിയുടെ 18കോടി രൂപയിലധികം വില വരുന്ന ആഭരണങ്ങൾ മോഷണം പോയി. റോം നഗരമധ്യത്തിലുള്ള പെന്റ്ഹൗസിൽ നിന്നാണ് ആഭരണങ്ങൾ മോഷണം പോയത്. രാജകുടുംബത്തിൽ തലമുറകളായി കൈമാറി വരുന്ന പല വിശിഷ്ട ആഭരണങ്ങളും മോഷ്ടിക്കപ്പെട്ടുവെന്നാണ് വിവരം.
ബുധനാഴ്ച ഉച്ചയോടെയാണ് മോഷണം നടന്നത്. ഫെറഗോസ്‌റ്റോ ഫെസ്റ്റിവൽ പ്രമാണിച്ച് ഇറ്റലിയിൽ പൊതു അവധിയായിരുന്നതിനാൽ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. പെന്റ് ഹൗസിൽ, കൊളോസിയത്തിനും പ്യാസ വെനീസിയയ്ക്കും അഭിമുഖമായുള്ള ബാൽക്കണിയിലൂടെ മോഷ്ടാക്കൾ ഉള്ളിൽ കടന്നിരിക്കാമെന്നാണ് പൊലീസിന്റെ നിഗമനം. അപായ സൈറൺ സംവിധാനമില്ലാതിരുന്നതിനാൽ മോഷ്ടാക്കളെത്തിയത് അറിയാനും സാധിച്ചില്ല. മോഷണം നടത്തിയത് കൂടാതെ അപാർട്ട്‌മെന്റിന് മോഷ്ടാക്കൾ കേടുപാടുകളും വരുത്തിയിട്ടുണ്ട്.
സംഭവത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ച് പൊലീസ് അന്വേഷണമാരംഭിച്ചു. ഫോറൻസിക് സംഘം സംഭവസ്ഥലത്ത് പരിശോധന നടത്തി.