വൻ അബദ്ധം: 8.2 ലക്ഷത്തിന്റെ ടിക്കറ്റ് 24,000 രൂപയ്ക്ക് വിറ്റ് വിമാനക്കമ്പനി, കോളടിച്ച് യാത്രക്കാർ
വെബ്‌സൈറ്റിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം
8.2 ലക്ഷത്തിന്റെ ബിസിനസ് ക്ലാസ്സ് ടിക്കറ്റുകൾ 24000 രൂപയ്ക്ക് അബദ്ധത്തിൽ വിറ്റ് വിമാനക്കമ്പനി. ജപ്പാനിലെ ഫൈവ് സ്റ്റാർ വിമാനക്കമ്പനി ആയ ആൾ നിപ്പോൺ എയർലൈൻസ് ആണ് വെട്ടിലായത്. വെബ്‌സൈറ്റിലുണ്ടായ തകരാറാണ് പ്രശ്‌നത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
ജക്കാർത്തയിൽ നിന്ന് ജപ്പാനിലേക്കും തുടർന്ന് ന്യൂയോർക്കിലേക്കും സിംഗപ്പൂരിലേക്കും ബാലിയിലേക്കുമുള്ള വിമാന ടിക്കറ്റുകളാണ് അബദ്ധത്തിൽ വിറ്റഴിക്കപ്പെട്ടത്. ഈ യാത്രക്ക് ഒരു ഫസ്റ്റ് ക്ലാസ് സീറ്റിന് സാധാരണയുടേതിന്റെ ഇരുപതിരട്ടി ചാർജ് ആണ് എന്നതിനാൽ തന്നെ ടിക്കറ്റെടുത്ത യാത്രക്കാർ കോളടിച്ചു. 6.8ലക്ഷം രൂപ മുതൽ 8.5 ലക്ഷം രൂപ വരെ വിലമതിക്കുന്ന ടിക്കറ്റുകളാണ് ചിലർക്ക് 24000 മുതൽ 45000 രൂപവരെയുള്ള നിരക്കിൽ ലഭ്യമായത്.
എത്ര പേർക്കാണ് ഈ നിരക്കിൽ ടിക്കറ്റുകൾ ലഭ്യമായതെന്ന് കമ്പനി പുറത്തു വിട്ടിട്ടില്ല. സംഭവത്തിൽ അന്വേഷണം നടക്കുകയാണെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഏതായാലും യാത്രക്കാർ വിലക്കുറവിൽ ലഭിച്ച ടിക്കറ്റുകൾ മെയ് മാസത്തിന് മുമ്പ് ഉപയോഗിക്കണമെന്ന് കമ്പനി നിർദേശിച്ചിട്ടുണ്ട്.