'ലോകം ഗസ്സയ്ക്കൊപ്പം, നിര്‍ത്തൂ ഈ വംശഹത്യ': ഗസ്സയിലെ ഇസ്രായേല്‍ ക്രൂരതയുടെ ഒരു വര്‍ഷം, തെരുവിലിറങ്ങി ജനം

യൂറോപ്യൻ നഗരങ്ങളിലും ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലും ഫലസ്തീന്‍ അനകൂല റാലികള്‍

Update: 2024-10-06 06:34 GMT
Editor : ദിവ്യ വി | By : Web Desk
Advertising

റോം: ഗസ്സയിലെ ഇസ്രായേൽ ക്രൂരതയുടെ ഒരു വർഷം പൂർത്തിയാകുമ്പോൾ ലോകത്തുടനീളം ഫലസ്തീൻ അനുകൂല റാലികളിൽ പങ്കെടുത്ത് നിരവധി പേർ. യൂറോപ്യൻ നഗരങ്ങളിലും ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുമായി സംഘടിപ്പിച്ച ഫലസ്തീൻ അനുകൂല റാലികളിൽ ലക്ഷക്കണക്കിന് ആളുകൾ പങ്കെടുത്തതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

റോമിൽ നടന്ന റാലിയിൽ ഗസ്സയില്‍ വെടിനിർത്തൽ ആവശ്യമുന്നയിച്ച് നിരവധി പേരാണ് അണിനിരന്നത്. ഫലസ്തീനെ അനുകൂലിച്ച് കറുത്ത വസ്ത്രം ധരിച്ചും മുഖം മറച്ചും ബോട്ടിലുകളും പേപ്പറുകളും ബോംബിന് സമാനമായി പൊലീസിന് നേരെ വലിച്ചെറിഞ്ഞുമാണ് നഗരത്തിൽ പ്രതിഷേധക്കാർ പ്രകടനം നടത്തിയത്. എന്നാൽ സുരക്ഷാ മുൻകരുതലിനെ തുടർന്ന് അധികൃതർ പ്രതിഷേധക്കാരെ തടഞ്ഞു. 'ഫലസ്തീൻ സ്വാതന്ത്ര്യം, ലെബനാൻ സ്വാതന്ത്ര്യം' എന്നീ മുദ്രാവാക്യങ്ങളുമായി ഫലസ്തീൻ പതാകയേന്തിയായിരുന്നു പ്രകടനം.

ലണ്ടനിൽ റസ്സൽ സ്‌ക്വയറിൽ നടന്ന പ്രതിഷേധത്തിലും ആയിരങ്ങൾ ഒത്തുകൂടി. ബാർക്ലേസ് ബാങ്കും ബ്രിട്ടീഷ് മ്യൂസിയവും ഉൾപ്പെടെ ഇസ്രായേലിന്റെ കുറ്റകൃത്യങ്ങളിൽ പങ്കാളികളാണെന്ന് പ്രതിഷേധക്കാർ ആരോപിച്ചു. അതേസമയം ഫലസ്തീൻ അനുകൂലികളും ഇസ്രായേൽ പക്ഷക്കാരും തമ്മിൽ പ്രദേശത്ത് തർക്കമുണ്ടായതായും സംഘർഷ സാധ്യത കണക്കിലെടുത്ത് നിരവധി പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയതായും മാധ്യമമായ ടൈംസ് റിപ്പോർട്ട് ചെയ്തു.

ജർമൻ നഗരമായ ഹംബർഗിൽ നടന്ന പ്രകടനത്തിൽ വംശഹത്യ അവസാനിപ്പിക്കണമെന്ന മുദ്രാവാക്യ മുയർത്തി ഫലസ്തീൻ, ലെബനാൻ പതാകയുമായാണ് പ്രതിഷേധക്കാർ തെരുവിലിറങ്ങിയത്. പാരിസിൽ സമാധാനപരമായ പ്രതിഷേധമാണ് നടന്നത്.

വാഷിങ്ടൺ, ന്യൂയോർക്കിലെ ടൈംസ് സ്‌ക്വയർ, ഡെൻമാർക്ക്, സ്വിറ്റ്‌സർലാന്റ്, സൗത്ത് ആഫ്രിക്ക, ഇന്ത്യ, ഫിലിപ്പൈൻസ് എന്നിവിടങ്ങളിലും ഫലസ്തീൻ അനുകൂല റാലികൾ നടന്നതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Tags:    

Writer - ദിവ്യ വി

contributor

Editor - ദിവ്യ വി

contributor

By - Web Desk

contributor

Similar News