തകർന്ന മഞ്ഞുപാളിക്കിടയിലൂടെ തടാകത്തിലേക്ക് വീണു: യുകെയിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം
തടാകത്തിലേക്ക് വീണ ആറു വയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് 'ദി ഗാർഡിയൻ' റിപ്പോർട്ട് ചെയ്യുന്നു
ലണ്ടൻ: തകർന്ന മഞ്ഞുപാളിക്കിടയിലൂടെ തടാകത്തിലേക്ക് വീണ് യുകെയിൽ മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ സോളിഹള്ളിലുള്ള ബാബ്‌സ് മിൽ പാർക്കിൽ ഇന്നലെ വൈകിട്ടായിരുന്നു അപകടം. പത്തും പതിനൊന്നും വയസ്സുള്ള ആൺകുട്ടികളാണ് മരിച്ചത്.
മഞ്ഞിൽ കളിക്കാനെത്തിയ കുട്ടികൾ മഞ്ഞുപാളി പൊട്ടിയടർന്നതോടെ തടാകത്തിലേക്ക് വീഴുകയായിരുന്നുവെന്നാണ് പ്രാഥമിക നിഗമനം. തടാകത്തിലേക്ക് വീണ ആറു വയസ്സുകാരന്റെ നില അതീവഗുരുതരമായി തുടരുകയാണെന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്യുന്നു.
വെള്ളത്തിൽ നിന്ന് കരയ്‌ക്കെടുക്കുമ്പോൾ കുട്ടികൾക്ക് ഹൃദയസ്തംഭനമുണ്ടായതായാണ് വിവരം. ആറ് കുട്ടികൾ വെള്ളത്തിലേക്ക് വീണതായി ദൃക്‌സാക്ഷികൾ പറഞ്ഞതനുസരിച്ച് സ്ഥലത്ത് രക്ഷാസേന തെരച്ചിൽ തുടരുകയാണ്. എന്നാൽ താപനില ഏറെ താഴ്ന്നതിനാൽ ജീവനോടെ ഇനി കുട്ടികളെ കണ്ടെത്താനുള്ള സാധ്യത കുറവാണെന്ന് ഏരിയ കമാൻഡർ റിച്ചാർഡ് സ്റ്റാന്റൺ അറിയിച്ചു.