ഹമാസ് പ്രത്യാക്രമണത്തിൽ മേജർ ഉൾപ്പെടെ മൂന്ന് ഇസ്രായേലി സൈനികർ കൊല്ലപ്പെട്ടു
മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ച് കയറി ഇസ്രായേൽ മന്ത്രി ബെൻ ഗവിർ
ദുബൈ: ഇസ്രായേൽ മന്ത്രി ഇത്മർ ബെൻ ഗവിർ മസ്ജിദുൽ അഖ്സയിൽ അതിക്രമിച്ചു കടന്നതും പ്രകോപനപരമായ പ്രസ്താവന നടത്തിയതും വ്യാപക പ്രതിഷേധത്തിന് ഇടയാക്കി. ഫലസ്തീൻ അതോറിറ്റിയും ഹമാസും നടപടിയെ വിമർശിച്ചു.
ലോകത്തിന്റെ വിവിധ കോണുകളിൽ നിന്ന് പ്രതിഷേധം ഉയരുന്നതിനിടെയും ഗസ്സയിൽ ഇസ്രായേൽ കൂട്ടക്കുരുതി തുടരുകയാണ്. വടക്കൻ ഗസ്സയിലും റഫയിലും വ്യാപക ആക്രമണങ്ങളാണ് ഇസ്രായേൽ നടത്തുന്നത്. 62 പേർ കൂടി കൊല്ലപ്പെട്ടതോടെ ഗസ്സയിൽ മരണസംഖ്യ 35,700 പിന്നിട്ടു.
ഗസ്സയിലെ നിരവധി ഹമാസ് കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ഡ്രോണുകളും യുദ്ധവിമാനങ്ങളും ഉപയോഗിച്ച് ആക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം അറിയിച്ചു. വടക്കൻ ഗസ്സ മുനമ്പിലെ ജബലിയ ഭാഗത്ത് നിരവധി പോരാളികളെ വധിച്ചതായും സൈന്യം അവകാശപ്പെട്ടു.
ഹമാസ് പ്രത്യാക്രമണത്തിൽ ഒരു മേജർ ഉൾപ്പെടെ മൂന്ന് സൈനികർ കൊല്ലപ്പെട്ടതായും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. വെസ്റ്റ് ബാങ്കിലെ ജെനിൻ അഭയാർഥി ക്യാമ്പിനു നേരെ ഇന്നലെയും സൈന്യം വ്യാപക ആക്രമണം അഴിച്ചുവിട്ടു. കുട്ടികൾ ഉൾപ്പെടെ ക്യാമ്പിൽ മരിച്ചവരുടെ എണ്ണം 11 ആയി. ബന്ദികളെ വിട്ടുകിട്ടാൻ ഹമാസിനു മുമ്പാകെ പുതിയ കരാർനിർദേശം സമർപ്പിക്കാൻ ഇസ്രായേൽ യുദ്ധകാര്യ മന്ത്രിസഭായോഗം തീരുമാനിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്വതന്ത്ര രാഷ്ട്രമെന്ന ഫലസതീനിന്റെ പതിറ്റാണ്ടുകൾ നീണ്ട സ്വപ്നത്തിന് ചിറകുനൽകുമാറ് സ്പെയിൻ, നോർവേ, അയർലൻഡ് എന്നീ യൂറോപ്യൻ രാജ്യങ്ങൾ രംഗത്തുവന്നത് ഇസ്രായേലിന് കനത്ത തിരിച്ചടിയായി. ഐക്യരാഷ്ട്ര സഭയുടെ 193 അംഗ രാജ്യങ്ങളിൽ 143 പേരും നിലവിൽ ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുന്നവരാണ്.
ചൊവ്വാഴ്ച സ്പെയിനും നോർവേയും അയർലൻഡും നടപടികൾ പൂർത്തിയാക്കുന്നതോടെ എണ്ണം 146 ആയി ഉയരും. 1988 നവംബർ 15ന് അൽജീരിയയിൽ വെച്ചാണ് ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ ചെയർമാൻ യാസർ അറാഫത്ത് ജറുസലേം തലസ്ഥാനമായി ഫലസ്തീനെ ഒരു സ്വതന്ത്ര രാഷ്ട്രമായി പ്രഖ്യാപിച്ചത്.
അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ അറസ്റ്റ് വാറണ്ട് നീക്കവും മൂന്ന് യൂറോപ്യൻ രാജ്യങ്ങളുടെ ഫലസ്തീൻ അംഗീകാര പ്രഖ്യാപനവും ഇസ്രായേലിന് കനത്ത പ്രഹരം തന്നെയാണ്. അംബാസഡർമാരെ പിൻവലിച്ചാണ് ഇസ്രായേലിന്റെ പ്രതിഷേധം. ഭീകരതക്കുള്ള സമ്മാനമാണ് പിന്തുണയെന്നും ഒക്ടോബർ ഏഴിന്റെ ആക്രമണത്തെ പിന്തുണക്കുന്ന ഫലസ്തീനികൾക്ക് രാജ്യം അനുവദിക്കരുതെന്നും നെതന്യാഹു ആവശ്യപ്പെട്ടു.