ഇസ്രായേലിനെ വെറുക്കുന്ന, ഫലസ്തീൻ ജനതയെ പരസ്യമായി പിന്തുണക്കുന്ന തോറ ജൂതന്മാർ

തോറ ജൂതന്മാർ നടത്തുന്ന ഇസ്രായേൽ വിരുദ്ധ-ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ അവഗണിക്കാനാണ് സയണിസത്തെ പിന്തുണക്കുന്ന മാധ്യമങ്ങൾ ശ്രദ്ധിക്കാറുള്ളത്

Update: 2023-10-12 13:36 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സയ്ക്കുമേൽ ഇസ്രായേൽ നടത്തുന്ന മനുഷ്യത്വഹീനമായ ആക്രമണങ്ങളെ എതിർക്കുന്ന എല്ലാവരെയും ജൂതവിരുദ്ധരും സെമിറ്റിക് വിരോധികളുമായി ചിത്രീകരിക്കുന്ന പ്രവണത വ്യാപകമാണിപ്പോൾ. മനുഷ്യചരിത്രത്തിൽ കേട്ടുകേൾവിയില്ലാത്ത വിധം ഫലസ്തീൻ ജനതയ്ക്കും അവരുടെ ഭൂപ്രദേശത്തിനും മേൽ നടത്തുന്ന ഈ അതിക്രമങ്ങളെ യഹൂദ മതത്തിന്റെ പേരിൽ ന്യായീകരിക്കാമെന്ന് ഇസ്രായേലിന്റെ രക്തദാഹികളായ രാഷ്ട്രീയ നേതൃത്വം കരുതുന്നു.

എന്നാൽ, ഇസ്രായേൽ രാഷ്ട്രത്തിനും യഹൂദ മതത്തിനും അകത്തുനിന്നുതന്നെ ഈ ക്രൂരകൃത്യങ്ങൾക്കെതിരെ ശക്തമായ പ്രതികരണങ്ങൾ ഉയരുന്നുണ്ട്. അത്തരത്തിൽ, ഫലസ്തീൻ ജനതയെ പരസ്യമായി പിന്തുണക്കുന്ന യഹൂദ വിഭാഗമാണ് സയണിസത്തിനെതിരെ പരസ്യ നിലപാടെടുത്തിട്ടുള്ള 'തോറ ജൂതന്മാർ'.

യഹൂദ മതത്തിന്റെ വിശുദ്ധ ഗ്രന്ഥമായ തോറയുടെ സന്ദേശം ഉൾക്കൊണ്ട് ജീവിക്കുകയും ആ സന്ദേശം ലോകത്തിന് പരിചയപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിലാണ് തോറ ജൂതന്മാർ പ്രവർത്തിക്കുന്നത്. ഇവർക്ക് ഇസ്രായേലിനു പുറമെ ബ്രിട്ടനിലും അമേരിക്കയിലും ഹംഗറിയിലുമടക്കം നിരവധി അനുയായികളുണ്ട്. 1905ൽ ഗ്രാൻഡ് റബ്ബി ജോയൽ സത്മറിന്റെ നേതൃത്വത്തിൽ സംഘടിച്ച ഇവർ സയണിസത്തെ അതിന്റെ തുടക്കകാലം മുതൽക്കു തന്നെ രൂക്ഷമായി എതിർത്തിരുന്നു. ഏറ്റവും കൂടുതൽ അനുയായികളുള്ള ഹസിദിക് യഹൂദ വിഭാഗവും ഇവരാണ്.

ഒരു നൂറ്റാണ്ടുമുൻപു മാത്രം സ്ഥാപിതമായ സയണിസം, യഹൂദ മതത്തിന്റെ അധ്യാപനങ്ങൾ ഉൾക്കൊള്ളുന്നില്ലെന്നും അവർ സ്ഥാപിച്ച ഇസ്രായേൽ രാഷ്ട്രം യഹൂദ മതാധ്യാപനങ്ങൾക്ക് കടകവിരുദ്ധമാണെന്നുമാണ് തോറ ജൂതന്മാർ പറയുന്നത്. സയണിസം സ്ഥാപിച്ചത് ദൈവവിശ്വാസമില്ലാത്തവരാണെന്നും അതുകൊണ്ടുതന്നെ ഇസ്രായേലിനെ ജൂതന്മാരുടെ രാഷ്ട്രമായി അംഗീകരിക്കാൻ കഴിയില്ലെന്നും അവർ പറയുന്നു.

ജൂതന്മാർ ഒരു ജനവിഭാഗം എന്ന നിലയ്ക്കുതന്നെ രാഷ്ട്രമാണ്, ഇസ്രായേൽ പ്രതിനിധീകരിക്കുന്ന ആധുനിക രാഷ്ട്രസങ്കൽപ്പത്തിന് തീർത്തും എതിരാണത്, ഭൂമിയ്ക്കുമുകളിൽ ജൂതന്മാർക്കു വേണ്ടി രാഷ്ട്രമുണ്ടാക്കുക എന്നത് തോറയുടെ അധ്യാപനങ്ങൾക്ക് വിരുദ്ധമാണ്. ഇങ്ങനെ പോകുന്നു തോറ ജൂതായിസത്തിന്റെ നിലപാടുകൾ.

ഇസ്രായേൽ അധിനിവേശത്തിനും അതിക്രമങ്ങൾക്കുമെതിരെ ഫലസ്തീൻ ജനത നടത്തുന്ന ചെറുത്തുനിൽപ്പിന് തോറ ജൂതന്മാർ നിരുപാധിക പിന്തുണയാണ് നൽകുന്നത്. ഗസ്സയടക്കമുള്ള ഫലസ്തീൻ പ്രദേശങ്ങളിൽ ഇസ്രായേൽ അതിക്രമം നടത്തുമ്പോഴെല്ലാം തോറ ജൂതന്മാർ ഇതിനെതിരെ പരസ്യമായി രംഗത്തിറങ്ങാറുണ്ട്. പലപ്പോഴും അവരെ ഉരുക്കുമുഷ്ടി ഉപയോഗിച്ചാണ് ഇസ്രായേൽ നേരിടുന്നത്.

ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ 'അൽ അഖ്സ കൊടുങ്കാറ്റി'നു പിന്നാലെ ഗസ്സയ്ക്കുമേൽ ഇസ്രായേൽ കിരാതമായ ആക്രമണം ആരംഭിച്ചപ്പോൾ, ഇസ്രായേലിലും അമേരിക്കയിലും ബ്രിട്ടനിലുമെല്ലാം തോറ ജൂതന്മാർ ഫലസ്തീൻ ജനതയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് രംഗത്തിറങ്ങി. ജറൂസലമിൽ മതപുരോഹിതരും വിശ്വാസികളുമടക്കം നടത്തിയ യുദ്ധവിരുദ്ധ പ്രക്ഷോഭത്തെ കുതിരപ്പടയാളികളെ കൊണ്ട് ചവിട്ടിമെതിച്ചാണ് ഇസ്രായേൽ പൊലീസ് നേരിട്ടത്. ന്യൂയോർക്കിലും ലണ്ടനിലും ബെൽഫാസ്റ്റിലുമെല്ലാം തോറ ജൂതന്മാർ ഇത്തവണ ഫലസ്തീൻ പതാകകളുമേന്തി രംഗത്തിറങ്ങി.

Full View

ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തോറ ജൂതന്മാർ നടത്തുന്ന ഇസ്രായേൽ വിരുദ്ധ-ഫലസ്തീൻ അനുകൂല പ്രകടനങ്ങളെ അവഗണിക്കാനാണ് സയണിസത്തെ പിന്തുണക്കുന്ന മാധ്യമങ്ങൾ ശ്രദ്ധിക്കാറുള്ളത്. ഇസ്രായേലിന്റെ ക്രൂരതകൾക്കെതിരെ ഉയരുന്ന ശബ്ദങ്ങളെ ജൂതവിരുദ്ധതായി മുദ്രകുത്തി ഇല്ലാതാക്കാൻ ആസൂത്രിതമായ ശ്രമങ്ങൾ നടക്കുമ്പോൾ, സമാധാനകാംക്ഷികളായ തോറ ജൂതന്മാർ ആ കാപട്യത്തെ തുറന്നുകാണിക്കാനാണ് ശ്രമിക്കുന്നത്.

Summary: Torah Jews who hate Israel regime and advocates for Palestine's legitimate rights 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News