ഹമാസ് വിട്ടയച്ച ബന്ദികളില്‍ യു.എസ് പൗരന്‍മാരില്ല; ബൈഡനെ വിമര്‍ശിച്ച് ട്രംപ്
നാലു ദിവസത്തിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചിരിക്കുന്നത്
വാഷിംഗ്‍ടണ്‍: വെടിനിര്‍ത്തല്‍ കരാറിന്‍റെ ഭാഗമായി ഹമാസ് വിട്ടയച്ച ബന്ദികളില്‍ അമേരിക്കക്കാരില്ലാത്തതിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുന്‍ യു.എസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. യു.എസ് നേതൃത്വത്തിനെതിരെയാണ് വിമര്‍ശനമുയര്‍ത്തിയത്. ശനിയാഴ്ച വൈകിയും 17 പേരെയും വെള്ളിയാഴ്ച 24 പേരെയും ഹമാസ് വിട്ടയച്ചിരുന്നു. എന്നാല്‍ ഇതില്‍ നാലു വയസുകാരനായ അവിഗെയ്ൽ ഐഡാൻ ഉൾപ്പെടെ തടവിലാക്കിയ 10 യു.എസ് പൗരന്‍മാരില്‍ ഒരാളു പോലും ഉണ്ടായിരുന്നില്ലെന്നാണ് ആരോപണം.
നാലു ദിവസത്തിനുള്ളില്‍ ഹമാസ് ബന്ദികളാക്കിയ 50 പേരെ മോചിപ്പിക്കുമെന്നാണ് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസ് അറിയിച്ചിരിക്കുന്നത്. പകരമായി ഇസ്രായേൽ തടവിലാക്കിയ 150 ഫലസ്തീനികളെ മോചിപ്പിക്കും.“മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ആളുകളെ ഹമാസ് തിരിച്ചയച്ചെങ്കിലും ഇതുവരെ ഒരു അമേരിക്കൻ ബന്ദിയെ മോചിപ്പിച്ചോയെന്ന് ആരെങ്കിലും ശ്രദ്ധിച്ചിട്ടുണ്ടോ? അതിന് ഒരു കാരണമേയുള്ളു, നമ്മുടെ രാജ്യത്തിനോടോ നമ്മുടെ നേതൃത്വത്തിനോടോ ബഹുമാനമില്ല.ഇത് അമേരിക്കയുടെ വളരെ ദുഃഖകരവും ഇരുണ്ടതുമായ കാലഘട്ടമാണ്'' ശനിയാഴ്ച അമേരിക്കന്‍ സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യലില്‍ ട്രംപ് കുറിച്ചു. ഹമാസ് ബന്ദികളാക്കിയ രണ്ട് അമേരിക്കൻ പൗരന്മാരെ ഒക്ടോബർ 20-ന് വിട്ടയച്ചിനു ശേഷം ഇതുവരെയും ഒരു യു.എസ് ബന്ദികളെയും മോചിപ്പിച്ചിട്ടില്ല.
മസാച്യുസെറ്റ്‌സിലെ നാന്റുക്കറ്റിൽ അവധിക്കാലം ആഘോഷിക്കുമ്പോൾ, അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി വെള്ളിയാഴ്ച പ്രസിഡന്‍റ് ബൈഡൻ പറഞ്ഞു.“അത് എപ്പോൾ സംഭവിക്കുമെന്ന് ഞങ്ങൾക്ക് അറിയില്ല, പക്ഷേ അത് സംഭവിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. എല്ലാ ബന്ദികളുടെയും ലിസ്റ്റ് ഞങ്ങളുടെ കയ്യിലുണ്ട്. എന്നാല്‍ അവരെ എപ്പോള്‍ വിട്ടയക്കുമെന്ന് ഞങ്ങള്‍ക്കറിയില്ല. എന്നാല്‍ എത്ര പേര്‍ മോചിതരാകുമെന്ന് അറിയാം. അതിനാല്‍ അത് ഉടന്‍ ഉണ്ടാകുമെന്നാണ് എന്‍റെ പ്രതീക്ഷ'' ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.ഹമാസ് ബന്ദികളാക്കിയ അമേരിക്കക്കാരുടെ അവസ്ഥ തനിക്കറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി."നിങ്ങൾ ഉടൻ എന്തെങ്കിലും കാണുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു," ശനിയാഴ്ച അമേരിക്കന്‍ ബന്ദികളെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.
യുഎസ് രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ കണക്കനുസരിച്ച്, ഹമാസ് ബന്ദികളാക്കിയവരിൽ ഏകദേശം 10 അമേരിക്കക്കാരും ഉൾപ്പെടുന്നു. അമേരിക്കൻ ബന്ദികളെ മോചിപ്പിക്കുന്നതിന് ബൈഡന്‍റെ ഭാഗത്തു നിന്നും കൂടുതല്‍ ശ്രമങ്ങള്‍ ഉണ്ടാകണമെന്ന് കൊളറാഡോയില്‍ നിന്നുള്ള റിപ്പബ്ബിക്കന്‍ പ്രതിനിധി ലോറന്‍ ബോബര്‍ട്ട് ആവശ്യപ്പെട്ടു.
Hamas is refusing to release the American citizens they have taken hostage.
— Rep. Lauren Boebert (@RepBoebert) November 25, 2023
What is the President of the United States doing about this?
He’s continuing to enjoy his holiday vacation in a $40 million dollar mansion.