‘ഇസ്രായേൽ ആദ്യം ആക്രമിക്കേണ്ടത് ഇറാനിലെ ആണവ കേന്ദ്രങ്ങൾ’; ബൈഡനെ തള്ളി ട്രംപ്
ഇറാന്റെ എണ്ണപ്പാടങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്ന് ബൈഡൻ
വാഷിങ്ടൺ: ഇറാനിലെ ആണവ കേന്ദ്രങ്ങൾക്ക് നേരെ ഇസ്രായേൽ ആക്രമണം നടത്തണമെന്നാണ് താൻ വിശ്വസിക്കുന്നതെന്ന് മുൻ അമേരിക്കൻ പ്രസിഡന്റും റിപബ്ലിക്കൻ പാർട്ടി സ്ഥാനാർഥിയുമായ ഡൊണാൾഡ് ട്രംപ്. നോർത്ത് കരോലിനയിൽ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാിടയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ ആക്രമണത്തിന് തിരിച്ചടിയായിട്ട് ആണവ കേന്ദ്രങ്ങൾ ആക്രമിക്കണമെന്നാണ് ട്രംപിന്റെ അഭിപ്രായം.
ഇസ്രായേൽ ഇറാന്റെ ആണവകേന്ദ്രങ്ങൾ ആക്രമിക്കാൻ പദ്ധതിയിടുന്നുണ്ടെന്ന റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ജോ ബൈഡനോട് മാധ്യമപ്രവർത്തകർ ചോദിക്കുകയുണ്ടായി. ആണവ പദ്ധതികളെ ആക്രമിക്കരുതെന്നായിരുന്നു ബൈഡന്റെ മറുപടി. ഇത് ചൂണ്ടിക്കാട്ടിയായിരുന്നു ട്രംപിന്റെ അഭിപ്രായപ്രകടനം.
‘അവർ അദ്ദേഹത്തോട് ചോദിച്ചു, ഇറാനെക്കുറിച്ച് നിങ്ങൾ എന്താണ് ചിന്തിക്കുന്നത്, ഇറാനെ നിങ്ങൾ ആക്രമിക്കുമോ? ആണവ കേന്ദ്രങ്ങളെ ആക്രമിക്കാത്തിടത്തോളം അതുണ്ടാകില്ല എന്നായിരുന്നു മറുപടി. എന്നാൽ, ബൈഡന് തെറ്റിപ്പോയി. അതാണ് ആദ്യം ആക്രമിക്കേണ്ടത്. ആണവ ആയുധങ്ങളാണ് ഏറ്റവും വലിയ വെല്ലുവിളി’ -ട്രംപ് പറഞ്ഞു.
ബൈഡനോട് അങ്ങനെ ഒരു ചോദ്യം ചോദിക്കുമ്പോൾ, ആദ്യം ആണവായുധങ്ങളെ ആക്രമിക്കുക, ബാക്കി കാര്യങ്ങളെക്കുറിച്ച് പിന്നീട് ആശങ്കപ്പെടാം എന്നാണ് മറുപടി നൽകേണ്ടിയിരുന്നതെന്നും ട്രംപ് പറഞ്ഞു. ഇനി എന്താണ് അവരുടെ പദ്ധതികളെന്ന് നോക്കാമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
ഇറാന്റെ ആക്രമണത്തിന് എങ്ങനെ തിരിച്ചടി നൽകണമെന്ന് ഇസ്രായേൽ ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ബൈഡൻ വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാൽ, ഇറാന്റെ എണ്ണ കേന്ദ്രങ്ങൾ ആക്രമിക്കുന്നതിൽനിന്ന് വിട്ടുനിൽക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണപ്പാടങ്ങളെ ആക്രമിക്കുന്നത് ഒഴിവാക്കി മറ്റു മാർഗങ്ങൾ കണ്ടെത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എണ്ണപ്പാടങ്ങൾ ആക്രമിക്കുമെന്ന അഭ്യൂഹം പരന്നതോടെ അന്താരാഷ്ട്ര തലത്തിൽ എണ്ണവില ഉയർന്നിട്ടുണ്ട്.
മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം വർധിപ്പിച്ച് അമേരിക്ക
സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ മിഡിൽ ഈസ്റ്റിൽ അമേരിക്ക സൈനിക സാന്നിധ്യം വർധിപ്പിക്കുകയാണ്. നിരവധി സൈനിക സംഘങ്ങളാണ് പുതുതായി എത്തിയിട്ടുള്ളത്. കൂടാതെ യുഎസ് സൈന്യത്തിന്റെയും സഖ്യകക്ഷികളുടെയും സംരക്ഷണത്തിനായി നിരവധി യുദ്ധ വിമാനങ്ങളും മറ്റു വിമാനങ്ങളുടെയും ഒരു നിര തന്നെ അയക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. ഇതോടെ മേഖലയിലെ മൊത്തം അമേരിക്കൻ സൈനികരുടെ എണ്ണം 43,000 കവിഞ്ഞു. കൂടാതെ ഒരു ഡസനിലധികം യുദ്ധക്കപ്പലുകളും പല കടലുകളിലായി നിലയുറപ്പിച്ചിട്ടുണ്ട്.
മിഡിൽ ഈസ്റ്റ് മൊത്തമായി വരുന്ന യുഎസ് സെൻട്രൽ കമാൻഡിൽ സാധാരണയായി 34,000 സൈനികരാണ് ഉണ്ടാകാറ്. ഗസ്സയിൽ ഇസ്രായേൽ ആക്രമണം തുടങ്ങിയതിന് പിന്നാലെ കൂടുതൽ കപ്പലുകളും വിമാനങ്ങളും അയച്ചതോടെ ഇത് 40,000ത്തിലെത്തി. ചെറിയ സൈനിക സംഘങ്ങളെ വീണ്ടും അയക്കുന്നുണ്ട് പെന്റഗൺ ഈയിടെ അറിയിച്ചിരുന്നു.
യുഎസ് നേവിയുടെ യുദ്ധക്കപ്പലുകൾ കിഴക്കൻ മെഡിറ്റേറിയൻ കടൽ മുതൽ ഒമാൻ ഉൾക്കടൽ വരെയുണ്ട്. കൂടാതെ ഏത് തരം ആക്രമണവും നേരിടുന്നതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളിലായി എയർ ഫോഴ്സിന്റെയും നേവിയുടെയും യുദ്ധ വിമാനങ്ങളും സജ്ജമാണ്. കഴിഞ്ഞ ആഗസ്റ്റിൽ അതിനൂതന എഫ്-22 യുദ്ധവിമാനങ്ങൾ അമേരിക്കൻ എയർഫോഴ്സ് അയച്ചിരുന്നു. ഇതോടെ മിഡിൽ ഈസ്റ്റിൽ ഇവയുടെ എണ്ണം നാലായി ഉയർന്നു. കൂടാതെ എ-10 തണ്ടർബോർട്ട് 2, എഫ്-15ഇ, എഫ്-16 തുടങ്ങിയ ഫൈറ്റർ ജെറ്റുകളുടെയും ഒരു നിര തന്നെയുണ്ട്.
ഇറാന്റെ മിസൈലാക്രമണം അമേരിക്കയുടെ സഹായത്തോടെയാണ് ഇസ്രായേൽ ചെറുത്തത്. കൂടാതെ യമന് നേരെ കഴിഞ്ഞദിവസം അമേരിക്കയുടെയും ബ്രിട്ടന്റെയും നേതൃത്വത്തിൽ ആക്രമണം നടത്തിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ, ആക്രമണത്തിൽ പങ്കെടുത്തിട്ടില്ലെന്ന് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയം പിന്നീട് അറിയിക്കുകയുണ്ടായി. നാല് ആക്രമണങ്ങളാണ് യമൻ തലസ്ഥാനമായ സൻആക്ക് നേരെ ഉണ്ടായത്. ഹൊദൈദാഹ് വിമാനത്താവളത്തിലും അൽ ഖത്തീബ് മേഖലയിലും ഏഴ് വ്യോമാക്രമണങ്ങളുണ്ടായി. കൂടാതെ ദമർ നഗരത്തിന്റെ തെക്കൻ മേഖലയിലും ആക്രമണമുണ്ടായി.