മുൻ തുനീഷ്യൻ പ്രധാനമന്ത്രി ഹമദി അൽ ജിബാലി അറസ്റ്റിൽ

പ്രതിപക്ഷ കക്ഷിയായ അന്നഹ്ദയുടെ നേതാവായ ജിബാലി 2011 ഡിസംബർ മുതൽ 2013 ഫെബ്രുവരി വരെയാണ് തുനീഷ്യയുടെ പ്രധാനമന്ത്രിയായിരുന്നത്.

Update: 2023-09-05 12:56 GMT
Advertising

മുൻ തുനീഷ്യൻ പ്രധാനമന്ത്രി ഹമദി അൽ ജിബാലി അറസ്റ്റിൽ. സൂസെ നഗരത്തിലെ അദ്ദേഹത്തിന്റെ വസതിയിൽ സുരക്ഷാ സൈനികർ നടത്തിയ റെയ്ഡിന് പിന്നാലെയാണ് ജിബാലിയെ അറസ്റ്റ് ചെയ്തത്. അദ്ദേഹത്തിന്റെ ഭാര്യയാണ് അറസ്റ്റ് വിവരം പുറത്തുവിട്ടത്.

പബ്ലിക് പ്രോസിക്യൂഷന്റെ വാറണ്ടുമായി ഇരുപതോളം സുരക്ഷാ സൈനികരാണ് തങ്ങളുടെ വീട്ടിലെത്തിയതെന്ന് വാഹിദ അൽ ജിബാലി പറഞ്ഞു. റെയിഡിന് പിന്നാലെ ഭർത്താവിനെ അവർ അറസ്റ്റ് ചെയ്‌തെന്നും എന്നാൽ കാരണം വ്യക്തമാക്കാൻ തയ്യാറായില്ലെന്നും വാഹിദ പറഞ്ഞു.

തന്റെ ഭർത്താവ് അടുത്തിടെയാണ് ഹൃദയ ശസ്ത്രക്രിയക്ക് വിധേയനായതെന്നും അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാൽ ഭരണകൂടമായിരിക്കും ഉത്തരവാദിയെന്നും വാഹിദ പറഞ്ഞു. അതേസമയം ജിബാലിയുടെ അറസ്റ്റിനെക്കുറിച്ച് പ്രതികരിക്കാൻ തുനീഷ്യൻ സർക്കാർ തയ്യാറായിട്ടില്ല. തലസ്ഥാനമായ തൂനിസിന് അടുത്തുള്ള അൽ ഔനയിലേക്കാണ് ചോദ്യം ചെയ്യലിനായി ജിബാലിയെ കൊണ്ടുപോയതെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകൻ പറഞ്ഞു.

പ്രതിപക്ഷ കക്ഷിയായ അന്നഹ്ദയുടെ നേതാവായ ജിബാലി 2011 ഡിസംബർ മുതൽ 2013 ഫെബ്രുവരി വരെയാണ് തുനീഷ്യയുടെ പ്രധാനമന്ത്രിയായിരുന്നത്. 2019ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിലും അദ്ദേഹം മത്സരിച്ചിരുന്നു. കള്ളപ്പണം വെളുപ്പിച്ചെന്നാരോപിച്ച് 2022 ജൂണിലും ജിബാലിയെ അറസ്റ്റ് ചെയ്തിരുന്നു.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News