ബില്ലടച്ചില്ല, കൊടുക്കാനുള്ളത് 1.9 മില്യൺ ഡോളർ; ട്വിറ്ററിനെതിരെ കേസ്

ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നൽകിയ സേവനങ്ങളുടെ ബില്ലുകൾ കമ്പനി ഇതുവരെ അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നിസ്‌ഫ്രീയുടെ നിയമനടപടി

Update: 2023-02-05 03:56 GMT
Editor : banuisahak | By : Web Desk

ഇലോൺ മസ്‌ക് 

Advertising

വാഷിംഗ്ടൺ: ബില്ലടച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ട്വിറ്ററിനെതിരെ കേസ്. യുഎസ് ആസ്ഥാനമായ ഉപദേശക സ്ഥാപനമായ ഇന്നിസ്‌ഫ്രീ എം ആൻഡ് എ ഇൻകോർപ്പറേറ്റഡ് ആണ് വെള്ളിയാഴ്ച ന്യൂയോർക്ക് സ്റ്റേറ്റ് സുപ്രീം കോടതിയിൽ കേസ് നൽകിയത്. കഴിഞ്ഞ വർഷം ഇലോൺ മസ്‌ക് ട്വിറ്റർ ഏറ്റെടുത്തതിന് ശേഷം നൽകിയ സേവനങ്ങളുടെ ബില്ലുകൾ കമ്പനി ഇതുവരെ അടച്ചിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഇന്നിസ്‌ഫ്രീ നിയമനടപടിക്ക് ഒരുങ്ങിയത്. 

കരാർ പ്രകാരം 2022 ഡിസംബർ 23 വരെ 1,902,788.03 ഡോളറാണ് (ഏകദേശം 15 കോടി 64 ലക്ഷം രൂപയിലധികം) ട്വിറ്റർ തങ്ങൾക്ക് നൽകാനുണ്ടെന്ന് കമ്പനി നൽകിയ പരാതിയിൽ പറയുന്നു. എന്നാൽ, ട്വിറ്റർ വിഷയത്തിൽ ഇതുവരെ പ്രതികരിച്ചിട്ടില്ല. 

ട്വിറ്റര്‍ ഏറ്റെടുത്തത് മുതല്‍ മസ്ക് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ലോകത്തെ ധനികരുടെ പട്ടികയിലെ ഒന്നാംസ്ഥാനം നഷ്ടപ്പെട്ടു. കഴിഞ്ഞ വർഷം 165 ബില്യൺ യുഎസ് ഡോളറിന്റെ നഷ്ടമാണ് മസ്‌കിനുണ്ടായത്. നഷ്ടക്കണക്കില്‍ ലോക റെക്കോർഡാണിത്. ട്വിറ്റര്‍ മേധാവിയായി ആയി മസ്ക് തുടരണോ എന്ന വോട്ടെടുപ്പിലും തിരിച്ചടിയുണ്ടായി.

ഉന്നത ഉദ്യോഗസ്ഥരുടെ രാജി മുതല്‍ പരസ്യ ദാതാക്കളുടെ പിന്മാറ്റം വരെ ട്വിറ്ററിന് ആകെ കഷ്ടകാലമാണ്. ഇലോൺ മസ്‌ക് ട്വിറ്ററിന്റെ നിയന്ത്രണം ഔദ്യോഗികമായി ഏറ്റെടുത്തതു മുതൽ ചെലവ് ചുരുക്കല്‍ നടപടികള്‍ തുടങ്ങിയിരുന്നു. ജീവനക്കാരെ പിരിച്ചുവിട്ടായിരുന്നു തുടക്കം. അതിനിടെ കമ്പനിയുടെ സാൻഫ്രാൻസിസ്കോ ഓഫീസില്‍ ആവശ്യമില്ലാത്ത വസ്തുക്കള്‍ ലേലത്തില്‍ വിറ്റു. ട്വിറ്റര്‍ പക്ഷിയുടെ പ്രതിമ മുതല്‍ പിസ്സ ഓവന്‍ വരെ 600 വസ്തുക്കളാണ് വിറ്റത്.

ട്വിറ്ററിന്‍റെ ലോഗോയായ പക്ഷിയുടെ പ്രതിമ വിറ്റത് 100000 ഡോളറിനാണ് (81,25,000 രൂപ). ലേലത്തിന് മേൽനോട്ടം വഹിച്ച ഹെറിറ്റേജ് ഗ്ലോബൽ പാർട്ണേഴ്‌സാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ആരാണ് വാങ്ങിയതെന്ന വിവരം പുറത്തുവിട്ടിട്ടില്ല. ഏറ്റവും ചെലവേറിയ രണ്ടാമത്തെ ഇനം 10 അടി നിയോൺ ട്വിറ്റർ ബേർഡ് ഡിസ്‌പ്ലേ ആയിരുന്നു. അത് 40,000 ഡോളറിന് (3218240 രൂപ) ലേലത്തില്‍ പോയി.

ബിയർ സംഭരിക്കുന്നതിനുള്ള മൂന്ന് കെജറേറ്ററുകൾ, ഒരു ഫുഡ് ഡീഹൈഡ്രേറ്റർ, ഒരു പിസ്സ ഓവൻ എന്നിവ 10000 ഡോളറിന് (815233 രൂപ) വിറ്റു. മരത്തിന്‍റെ കോൺഫറൻസ് റൂം ടേബിൾ 10500 ഡോളറിനാണ് (8,55,393 രൂപ) ലേലത്തില്‍ പോയത്. ആയിരക്കണക്കിന് ഫേസ് മാസ്കുകളും നിരവധി സൗണ്ട് പ്രൂഫ് ഫോൺ ബൂത്തുകളും 4000 ഡോളറിന് വിറ്റു.

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News