ട്വിറ്ററിൽ വീണ്ടും വമ്പൻ മാറ്റം; വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തി
ഇലോൺ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്
വാഷിങ്ടൺ: ട്വിറ്ററിൽ വീണ്ടും വൻ മാറ്റങ്ങൾ വരുത്തി ഇലോൺ മസ്‌ക്. ട്വിറ്റർ ഉപയോക്താക്കൾക്ക് ഓരോ ദിവസവും വായിക്കാൻ കഴിയുന്ന പോസ്റ്റുകളുടെ എണ്ണം പരിമിതപ്പെടുത്തിയിരിക്കുകയാണ് ഏറ്റവും പുതിയ മാറ്റം. ട്വിറ്റർ ഉടമയായ ഇലോൺ മസ്‌ക് തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം, ഇത് താൽകാലിക പരിധി മാത്രമാണെന്നാണ് മസ്‌ക് പറയുന്നത്...
പുതിയ മാറ്റം ഇങ്ങനെ
വെരിഫൈഡ് അക്കൗണ്ടുകളുള്ളവർക്ക് പ്രതിദിനം 6,000 പോസ്റ്റുകൾ വരെ വായിക്കാൻ കഴിയും. വെരിഫിക്കേഷൻ ഇല്ലാത്ത അക്കൗണ്ടുകൾക്ക് 600 ഉം വെരിഫൈ ചെയ്യാത്ത പുതിയ അക്കൗണ്ടുകൾക്ക് 300 പോസ്റ്റുകളും മാത്രമാണ് വായിക്കാൻ കഴിയുക. ഡാറ്റാ സ്‌ക്രാപ്പിംഗും സിസ്റ്റം കൃത്രിമത്വവും തടയുന്നതിന്റെ ഭാഗമായാണ് പുതിയ നിയന്ത്രണമെന്നും ലോകത്തെ ഏറ്റവും വലിയ കോടീശ്വരൻ കൂടിയായ മസ്‌ക് പറയുന്നു.
എന്നാൽ ഈ താൽക്കാലിക പരിധി, ഇനി വർധിപ്പിക്കുമെന്നും റിപ്പോർട്ടുകളുണ്ട്. വെരിഫൈഡ് യൂസർമാർക്ക് പ്രതിദിനം എട്ടായിരം പോസ്റ്റുകളും വെരിഫൈ ചെയ്യാത്തവർക്ക് നിത്യേന 800 പോസ്റ്റുകളും കാണാനാവും.
കഴിഞ്ഞ വർഷമാണ് 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയത്.ചുമതലയേറ്റയുടൻ ജീവനക്കാരെ പിരിച്ചുവിട്ടാണ് മസ്‌ക് തന്റെ പരിഷ്‌കാരങ്ങൾക്ക് തുടക്കമിട്ടത്. മസ്‌ക് ഏറ്റെടുക്കുമ്പോൾ 8,000 ജീവനക്കാരായിരുന്നു ട്വിറ്ററിലുണ്ടായിരുന്നത്. എന്നാൽ അത് 1,500 ആയി വെട്ടിക്കുറച്ചു.
പിന്നീട് ട്വിറ്റർ ബ്ലൂ ടിക്കിന് പ്രതിമാസ വരിസംഖ്യയും മസ്‌ക് ഏർപ്പെടുത്തി. അതുവരെ ഉപഭോക്താക്കൾക്ക് സൗജന്യമായാണ് ബ്ലൂടിക്ക് നൽകിയിരുന്നത്. ബ്ലൂടിക്കിന് വെരിഫിക്കേഷൻ ചാർജ് ഈടാക്കിയതും വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. പണമടക്കാത്ത പല പ്രമുഖ കമ്പനികളുടെയും വ്യക്തികളുടെയും മാധ്യമ സ്ഥാപനങ്ങളുടെയും ബ്ലൂ ടിക്ക് അപ്രത്യക്ഷമായതും വാർത്തയായി.