ഇറാനിൽ വൻ ഭൂചലനം; ഗൾഫ് രാജ്യങ്ങളും വിറച്ചു

യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അർധരാത്രിയും ജനങ്ങൾ ഭയന്ന് വീടുവിട്ടിറങ്ങി. സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു

Update: 2022-07-02 02:35 GMT
Editor : Shaheer | By : Web Desk

പ്രതീകാത്മക ചിത്രം

Advertising

തെഹ്‌റാൻ/അബൂദബി: ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിൽ ഗൾഫ് രാജ്യങ്ങളും വിറച്ചു. സംഭവത്തിൽ ഇറാനിൽ മൂന്നുപേർ കൊല്ലപ്പെടുകയും നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തിട്ടുണ്ട്. എന്നാൽ, ഗൾഫിൽ എവിടെയും നാശനഷ്ടം റിപ്പോർട്ട് ചെയ്തിട്ടില്ല.

ദക്ഷിണ ഇറാനിൽ ഗൾഫ് തീരത്തോട് ചേർന്നുകിടക്കുന്ന ബന്ദർ ഖമീറാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഇതിനാൽ യു.എ.ഇയിലെ മിക്കയിടത്തും ഭൂചലനം അനുഭവപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അർധരാത്രിയും ജനങ്ങൾ ഭയന്ന് വീടുവിട്ടിറങ്ങി. വിളക്കുകളും ഉപകരണങ്ങളും ഇളകാൻ തുടങ്ങിയതോടെയാണ് പലരും പേടിച്ച് കെട്ടിടങ്ങൾ വിട്ട് ഇറങ്ങിയോടിയത്.

പ്രാദേശിക സമയം പുലർച്ചെ 1.32നാണ് 10 കി.മീറ്റർ ദൂരത്തിൽ ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. ഇത് റിക്ടർ സ്‌കെയിലിൽ 6.3 തീവ്രത രേഖപ്പെടുത്തി. പിന്നാലെ, 3.24ഓടെ മറ്റൊരു ഭൂകമ്പം കൂടി അനുഭവപ്പെട്ടു. ഇതിനിടയിൽ 4.6, 4.4 തീവ്രത രേഖപ്പെടുത്തിയ തുടർചലനങ്ങൾ 2.43നും 3.13നും റിപ്പോർട്ട് ചെയ്തു. യു.എ.ഇക്ക് പുറമെ സൗദി അറേബ്യ, ബഹ്‌റൈൻ, ഒമാൻ, ഖത്തർ, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടതായി 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്യുന്നു.

ദുബൈ, ഷാർജ, അജ്മാൻ എന്നിവിടങ്ങളിലെല്ലാം പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് ഭൂചലനം അനുഭവപ്പെട്ടു. തുടർചലനം അനുഭവപ്പെടുന്നതിനാൽ പലരും ആശങ്കയിലാണ്. രാത്രി 1.32നും പുലർച്ചെ 3.25നും ശക്തമായ തുടർചലനങ്ങൾ അനുഭവപ്പെട്ടിട്ടുണ്ട്.

Full View

യു.എ.ഇ സമയം രാത്രി 1.32ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഭൂചലനം രേഖപ്പെടുത്തിയതായി ദേശീയ ഭൗമപഠന കേന്ദ്രം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ, യു.എ.ഇയിലെവിടെയും നാശനഷ്ടമോ അപകടമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ ട്വീറ്റ് ചെയ്തു. പൊലീസെത്തിയാണ് രാത്രി പുറത്തിറങ്ങിയ ജനങ്ങളെ വീടുകളിലേക്ക് തിരിച്ചയച്ചത്. ഇതിനു പിന്നാലെ പുലർച്ചെ മൂന്നോടെ തുടർചലനം അനുഭവപ്പെട്ടതോടെ ആളുകൾ വീണ്ടും ഭയചകിതരായി പുറത്തിറങ്ങുകയായിരുന്നു.

Summary: Two earthquakes strike southern Iran, tremors felt in gulf countries including UAE        

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News