ആണും പെണ്ണും വ്യത്യസ്ത ഭാഷ സംസാരിച്ചാലെങ്ങനെയിരിക്കും; വായിക്കാം, നൈജീരിയൻ ഗ്രാമത്തിലെ കൗതുകരീതി

ആൺകുട്ടികൾ പത്തു വയസ്സ് കഴിഞ്ഞാൽ സാധാരണയായി പുരുഷ ഭാഷ സംസാരിച്ച് തുടങ്ങുന്നു

Update: 2021-09-03 14:05 GMT
Advertising

അബൂജ: പുരുഷന്മാരും സ്ത്രീകളും വ്യത്യസ്ത ഭാഷ സംസാരിക്കുന്ന ഗ്രാമത്തെ കുറിച്ച് കേട്ടിട്ടുണ്ടോ?. നൈജീരിയയിലെ ക്രോസ് റിവർ സ്‌റ്റേറ്റിൽ ഉബാങ് ഭാഷ സംസാരിക്കുന്നവർക്കിടയിലാണ് കൗതുകകരമായ ഈ സംസ്‌കാരം. ഒരേ ഭാഷയുടെ സ്ത്രീ പുരുഷ ഭാഷ്യങ്ങളാണ് ഇവർ ഉപയോഗിക്കുന്നത്. എന്നാൽ ആണുങ്ങൾ പറയുന്നത് പെണ്ണിനും നേരെ തിരിച്ചും മനസ്സിലാവില്ലെന്ന് വിചാരിക്കരുത്. രണ്ടുപേർക്കും ഇരുഭാഷകളും നന്നായി മനസ്സിലാകും.

ദക്ഷിണ നൈജീരിയയിലെ ക്രോസ് റിവർ സ്‌റ്റേറ്റിലെ ക്രോസ് റിവർ ഭാഷകളായ ബെൻഡിയിൽപ്പെട്ടതാണ് ഉബാങ്. അറ്റ്‌ലാൻറിക് -കോംഗോ ഭാഷാ കുടുംബത്തിൽപ്പെട്ടതാണ് ബെൻഡി.ഉബാങ് സംസാരിക്കുന്നവരുടെ മുഖ്യാഹാരമായ കിഴങ്ങിന് സ്ത്രീകൾ 'ഇരുയി' എന്ന് പറയുമ്പോൾ, പുരുഷഭാഷയിൽ 'ഇറ്റോംഗ്' എന്നാണ് പറയുക. വസ്ത്രങ്ങൾക്ക് സ്ത്രീകൾ 'അരിക' എന്ന് വിളിക്കുമ്പോൾ പുരുഷൻ 'ൻകി' എന്നാണ് പറയുക.

ഇരുഭാഷകളിലും വാക്കുകളുടെ പ്രത്യേക അനുപാതമൊന്നുമില്ല. സ്ത്രീയുടെയും പുരുഷന്റെയും പാരമ്പര്യ രീതികളുമായി ബന്ധപ്പെടുന്നതിനും പൊതുവായി സംസാരിക്കപ്പെടുന്നതിനും പ്രത്യേക ക്രമവുമില്ല. രണ്ട് വിഭാഗവും പൊതുവായി ഉപയോഗിക്കുന്ന ഒരുപാട് പദങ്ങളുണ്ട്. എന്നാൽ ലിംഗവ്യത്യാസത്തിനനുസരിച്ച് തീർത്തും ഭിന്നമായ വാക്കുകളുമുണ്ട്. ഒരു പോലെ ഉച്ചരിക്കപ്പെടുകയോ അക്ഷരങ്ങൾ ഉപയോഗിക്കപ്പെടുകയോ ചെയ്യാത്ത തരത്തിൽ ഇവ വേറിട്ടുനിൽക്കുന്നുവെന്ന് നരവംശ ശാസ്ത്രജ്ഞൻ ചി ചി ഉണ്ടീ പറയുന്നു.

ആൺകുട്ടികൾ ചെറുപ്രായത്തിൽ അമ്മയോടൊപ്പം വളരുന്നതിനാൽ സ്ത്രീഭാഷയാണ് സംസാരിച്ച് തുടങ്ങുക. എന്നാൽ പത്തു വയസ്സ് കഴിഞ്ഞാൽ സാധാരണയായി പുരുഷ ഭാഷ സംസാരിച്ച് തുടങ്ങുന്നു. ഇതൊരു സ്വാഭാവിക മാറ്റമായാണ് കരുതുന്നത്. ഇത്തരത്തിൽ മാറാതിരിക്കുന്നത് അസാധാരണമായാണ് കരുതപ്പെടുന്നത്.

ഇരുഭാഷകൾക്കും സ്വന്തമായി ലിപിയില്ല, ലാറ്റിൻ ലിപിയിലാണ് എഴുതപ്പെടുന്നത്. ഇത്‌കൊണ്ട് തന്നെ പുതുതലമുറ എങ്ങനെ ഇവ അടുത്ത തലമുറക്ക് കൈമാറുമെന്നതിനെ ആശ്രയിച്ചാണ് ഭാഷയുടെ നിലനിൽപ്പ്. സ്‌കൂളുകളിൽ പഠിപ്പിക്കപ്പെടാത്ത ഈ ഭാഷയിൽ പുതുതലമുറ ഇംഗ്ലീഷ് കൂട്ടിച്ചേർത്ത് ഉപയോഗിക്കുന്നുണ്ട്. ഭാഷ സംരക്ഷിക്കാൻ പ്രത്യേക പരിശ്രമം വേണമെന്നാണ് പലരുടെയും അഭിപ്രായം.

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News