വാട്‌സാപ്പ് ഗ്രൂപ്പിൽ നിന്ന് അഡ്മിൻ നീക്കം ചെയ്തതിനെതിരെ യുവാവ് കോടതിയില്‍; പിന്നീട് സംഭവിച്ചത്!

വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും തന്നെ നീക്കം ചെയ്തതിനെതിരെ ഹെർബർട്ട് ബൈത്വബാബോ എന്ന യുവാവാണ് അഡ്മിനെതിരെ പരാതിയുമായി രംഗത്തെത്തിയത്

Update: 2023-07-03 02:35 GMT
Editor : Jaisy Thomas | By : Web Desk

ഹെർബർട്ട് ബൈത്വബാബോ

Advertising

കമ്പാല: ഇക്കാലത്ത് ഏതെങ്കിലും വാട്ട്സാപ്പ് ഗ്രൂപ്പില്‍ അംഗമല്ലാത്തവര്‍ ചുരുക്കമായിരിക്കും. പല കാരണങ്ങളാല്‍ പലപ്പോഴും സ്വയമേവ ഗ്രൂപ്പ് വിടുകയായിരിക്കും പലരും ചെയ്യുന്നത്. എന്നാല്‍ അപ്രതീക്ഷിതമായ വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്താലോ?ചിലപ്പോള്‍ മിണ്ടാതിരിക്കും, അല്ലെങ്കില്‍ പ്രതികരിക്കും. എന്നാല്‍ ഉഗാണ്ടയിലുള്ള ഒരു യുവാവ് നേരെ കോടതിയെ സമീപിക്കുകയാണ് ചെയ്തത്.

വാട്ട്സാപ്പ് ഗ്രൂപ്പില്‍ നിന്നും തന്നെ നീക്കം ചെയ്തതിനെതിരെ ഹെർബർട്ട് ബൈത്വബാബോ എന്ന യുവാവാണ് അഡ്മിനെതിരെ പരാതിയുമായി രംഗത്തെത്തിയത്. പരാതി കേട്ട് മകിന്ദിയിലെ ചീഫ് മജിസ്‌ട്രേറ്റ് കോടതി അഡ്മിനോട് ഹെര്‍ബര്‍ട്ടിനെ ഗ്രൂപ്പില്‍ വീണ്ടും ചേര്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ പിന്നീട് സംഭവിച്ചത് ഒട്ടും പ്രതീക്ഷിക്കാത്ത കാര്യമായിരുന്നു. ഹെർബർട്ടിനെ വീണ്ടും ഗ്രൂപ്പിന്‍റെ ഭാഗമാക്കിയപ്പോള്‍ മറ്റ് അംഗങ്ങള്‍ ഗ്രൂപ്പ് വിടുകയും ഇയാളെ ഒഴിവാക്കി മറ്റൊരു വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിക്കുകയും ചെയ്തു. ഇപ്പോള്‍ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ഹെര്‍ബര്‍ട്ട്.

ഉഗാണ്ടയിലെ റുകുൻഗിരി ജില്ലയിലെ ബുയാഞ്ച ഉപ കൗണ്ടിയിലെ താമസക്കാരെ ലക്ഷ്യമാക്കിയുള്ള ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കു വേണ്ടിയാണ് 'ബുയാഞ്ച മൈ റൂട്ട്സ്' എന്ന വാട്ട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ചത്. ഹെർബെർട്ടും മറ്റ് അംഗങ്ങളും അംഗത്വത്തിനും രജിസ്റ്റർ ചെയ്യുന്നതിനും പണം നൽകിയിരുന്നു. 2017-ൽ ഗ്രൂപ്പ് സ്ഥാപിതമായതു മുതലുള്ള ഗ്രൂപ്പിന്‍റെ മാനേജ്‌മെന്‍റ്, ഓഡിറ്റ് തുടങ്ങിയ ചില വിശദാംശങ്ങൾ ഹെർബർട്ട് ചോദ്യം ചെയ്തതാണ് അഡ്മിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ മേയില്‍ അഡ്മിനായ അസിംഗുസ ഹെര്‍ബര്‍ട്ടിനെ ഗ്രൂപ്പില്‍ നിന്നും നീക്കം ചെയ്തു. പിന്നീട്, അദ്ദേഹം കോടതിയെ സമീപിക്കുകയായിരുന്നു. ഇത്തരം പ്രവർത്തനങ്ങൾ വ്യക്തിയുടെ അവകാശത്തെയും സംഘടനാ സ്വാതന്ത്ര്യത്തെയും ഹനിക്കുന്നുവെന്ന് കോടതി ചൂണ്ടിക്കാട്ടി. 

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News