എലിസബത്ത് രാജ്ഞിയുടെ സംസ്കാരച്ചടങ്ങുകള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ചത് 162 മില്യണ്‍ പൗണ്ട്
ബ്രിട്ടനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8നാണ് അന്തരിച്ചത്
ലണ്ടന്‍: എലിസബത്ത് രാജ്ഞിയുടെ സംസ്‌കാര ചടങ്ങുകൾക്കും അനുബന്ധ പരിപാടികൾക്കുമായി യുകെ സർക്കാർ വകുപ്പുകൾ മൊത്തം 161.7 ദശലക്ഷം പൗണ്ട് (204 ദശലക്ഷം ഡോളർ) ചെലവഴിച്ചതായി ട്രഷറി വ്യാഴാഴ്ച അറിയിച്ചു. ബ്രിട്ടനെ ഏറ്റവും കൂടുതൽ കാലം ഭരിച്ച രാജ്ഞി കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 8നാണ് അന്തരിച്ചത്. തുടര്‍ന്ന് രാജ്യം 10 ദിവസത്തെ ദേശീയ ദുഃഖാചരണത്തിലായിരുന്നു. സെപ്തംബര്‍ 19നായിരുന്നു സംസ്കാരച്ചടങ്ങുകള്‍ നടന്നത്.
ലണ്ടനില്‍ പൊതുദര്‍ശനത്തിന് വച്ച രാജ്ഞിയുടെ മൃതദേഹം കാണാന്‍ രണ്ടു ലക്ഷത്തിലധികം പേര്‍ എത്തിയിരുന്നുവെന്നാണ് കണക്ക്. ആഭ്യന്തര വകുപ്പ് ഓഫീസിന് 756 കോടി രൂപയും സാംസ്‌കാരിക - മാധ്യമ - കായിക വകുപ്പുകള്‍ക്ക് 589 കോടിയും ഗതാഗത വകുപ്പിന് 26 കോടിയും വിദേശകാര്യ ഓഫീസിന് 21 കോടിയുമാണ് മരണാനന്തര ചടങ്ങുകള്‍ക്കായി ചെലവായത്. ഇതുകൂടാതെ സ്‌കോട്ട്ലന്‍ഡ് സര്‍ക്കാരിന് ചെലവായ തുകയും യുകെയാണ് നല്‍കിയത്. സ്‌കോട്ട്ലന്‍ഡിലെ ബാല്‍മോര്‍ കൊട്ടാരത്തില്‍ വച്ചായിരുന്നു രാജ്ഞിയുടെ അന്ത്യം.
കിങ് ജോർജ് ആറാമൻ മെമ്മോറിയൽ ചാപ്പലിലാണ് എലിസബത്ത് രാജ്ഞിക്ക് അന്ത്യവിശ്രമം ഒരുക്കിയത്. ഈ അടുത്തകാലത്ത് ലോകം കണ്ടതിൽ വെച്ചേറ്റവും വലിയ ശവസംസ്‌കാരചടങ്ങുകൾക്കാണ് ലണ്ടൻ സാക്ഷ്യംവഹിച്ചത്. 1600 സൈനികരാണ് മൃതദേഹ പേടകത്തിന് അകമ്പടിയേന്തിയത്. സുരക്ഷക്കായി 10,000 പൊലീസുകാരുമുണ്ടായിരുന്നു. രാജകുടുംബാഗങ്ങളും വിലാപയാത്രയെ അനുഗമിച്ചു. ചടങ്ങ് ലോകമെമ്പാടുമുള്ള ദശലക്ഷങ്ങളാണ് ടെലിവിഷനിലൂടെ കണ്ടത്.ഇന്ത്യൻ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കൂടാതെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ തുടങ്ങി ആയിരത്തോറം ലോകനേതാക്കൾ രാജ്ഞിക്ക് അന്തിമോപചാരം അർപ്പിച്ചിരുന്നു.