ചാൾസ് രാജാവിന് നേരെ മുട്ടയെറിഞ്ഞ വിദ്യാർഥിക്ക് ആറ് മാസം തടവുശിക്ഷ
'രാജാവിനെ ദൈവം രക്ഷിച്ചു' എന്നായിരുന്നു ചടങ്ങിനെത്തിയ ആളുകൾ പ്രതികരിച്ചത്.
യോർക്ക്: ചാൾസ് രാജാവിനും പത്നി കാമിലയ്ക്കും നേരെ മുട്ടയെറിഞ്ഞ വിദ്യാർഥിക്ക് ആറ് മാസം തടവുശിക്ഷ. പൊതുക്രമ കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പാട്രിക് തെൽവെൽ എന്ന 23കാരനാണ് ശിക്ഷ വിധിച്ചത്. യോർക്ക് യൂണിവേഴ്സിറ്റി വിദ്യാർഥിയായ പാട്രികിനോട് ജനുവരി 20ന് യോർക്ക് മജിസ്ട്രേറ്റ് കോടതിക്ക് മുന്നിൽ ഹാജരാവണം എന്നും നിർദേശിച്ചിട്ടുണ്ട്.
നവംബർ ഒമ്പതിന് യോർക്കിൽ ഒരു പരമ്പരാഗത ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോഴായിരുന്നു ബ്രിട്ടീഷ് രാജാവിന് നേരെ മുട്ടയേറുണ്ടായത്. നാല് മുട്ടകളാണ് പാഞ്ഞെത്തിയത്. എന്നാൽ ഭാഗ്യത്തിന് ശരീരത്തിൽ വീഴാതെ നിലത്തേക്ക് പതിക്കുകയായിരുന്നു. ഉടൻ തന്നെ സ്ഥലത്തേക്ക് പാഞ്ഞെത്തിയ പൊലീസ് ഉദ്യോഗസ്ഥർ പ്രതിഷേധക്കാരനെ പിടികൂടുകയും ഇവിടെ നിന്ന് മാറ്റുകയും ചെയ്തു.
'രാജാവിനെ ദൈവം രക്ഷിച്ചു' എന്നായിരുന്നു ചടങ്ങിനെത്തിയ ആളുകൾ പ്രതികരിച്ചത്. ചടങ്ങ് നടന്ന ലൂട്ടൻ ടൗൺ ഹാളിന് പുറത്തേക്ക് ഇയാളെ കൊണ്ടുപോവാൻ രാജാവിന്റെ സുരക്ഷാ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഇയാളെ മാറ്റിയ ശേഷം രാജാവ് ജനങ്ങൾക്ക് ഹസ്തദാനം നൽകുന്നത് തുടരുകയും ചെയ്തു.
"1986ലെ പബ്ലിക് ഓർഡർ ആക്ടിന്റെ സെക്ഷൻ 4 പ്രകാരം, ഭീഷണിപ്പെടുത്തുന്ന പെരുമാറ്റത്തിന് പാട്രിക് തെൽവെല്ലിനെതിരെ കേസെടുക്കാൻ സി.പി.എസ് നോർത്ത് യോർക്ക്ഷയർ പൊലീസിന് അധികാരം നൽകിയിട്ടുണ്ടെന്ന് കേസിലെ കുറ്റങ്ങൾ പ്രഖ്യാപിച്ച് സി.പി.എസ് സ്പെഷ്യൽ ക്രൈം ആൻഡ് കൗണ്ടർ ടെററിസം ഡിവിഷൻ മേധാവി നിക്ക് പ്രൈസ് പറഞ്ഞു.
2022 നവംബർ ഒമ്പതിന് യോർക്കിലെ എച്ച്എം ദി കിങ്ങിൽ മുട്ടകൾ എറിഞ്ഞ സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തെ തുടർന്നാണിതെന്നും ന്യായമായ വിചാരണയ്ക്ക് തെൽവെല്ലിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുമ്പും രാജകുടുംബത്തിന് നേരെ മുട്ടയേറ് ഉണ്ടായിട്ടുണ്ട്. 2002ൽ എലിസബത്ത് രാജ്ഞി നോട്ടിങ്ഹാം സന്ദർശിച്ചപ്പോൾ അവരുടെ രാജകീയ കാറിന് നേരെ മുട്ടയേറുണ്ടായി. 1995ൽ, സെൻട്രൽ ഡബ്ലിനിലൂടെ നടക്കുമ്പോൾ ബ്രിട്ടീഷ് വിരുദ്ധ പ്രക്ഷോഭകർ ഇപ്പോഴത്തെ രാജാവിന് നേരെ മുട്ട എറിഞ്ഞിരുന്നു.