'റഷ്യയുടെ 198 ടാങ്കറുകളും 29 വിമാനങ്ങളും തകര്‍ത്തു; 5,700 സൈനികരെ വധിച്ചു'- യുക്രൈനിൽ പുടിന്റെ കണക്ക് പിഴക്കുന്നോ?

യുക്രൈന്‍ പ്രതിരോധത്തില്‍ വൻനാശനഷ്ടങ്ങളുണ്ടായതായി ഞായറാഴ്ച റഷ്യൻസേനയും സമ്മതിച്ചിരുന്നു

Update: 2022-03-01 15:14 GMT
Editor : Shaheer | By : Web Desk
Advertising

വൻ പടക്കോപ്പുകളും ആയുധ സജ്ജീകരണങ്ങളുമായി യുക്രൈൻ പിടിക്കാനിറങ്ങിയ റഷ്യയ്ക്ക് അഞ്ചുദിവസം കൊണ്ട് കനത്ത നാശനഷ്ടങ്ങളാണുണ്ടായതെന്നാണ് വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ 5,700 സൈനികരുടെ ജീവൻ റഷ്യയ്ക്ക് നഷ്ടപ്പെട്ടതായി യുക്രൈന്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. അസാമാന്യമായ പ്രതിരോധവും പോരാട്ടവുമാണ് യുക്രൈൻ സൈന്യം പുറത്തെടുത്തിട്ടുള്ളതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പുറത്തുവരുന്ന റിപ്പോർട്ടുകൾ യാഥാര്‍ത്ഥ്യമാണെങ്കില്‍ ലോകത്തെ ഏറ്റവും വലിയ സൈനികശക്തികളിലൊന്നായ റഷ്യയ്ക്കും പ്രസിഡന്റ് വ്‌ള്ദാമിർ പുടിനും വലിയ നാണക്കേടുണ്ടാക്കുന്നതാണ് .

യുക്രൈൻ സൈനികമേധാവിയുടെ വക്താവ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോ സന്ദേശത്തിലാണ് റഷ്യൻ ക്യാംപിലുണ്ടാക്കിയ നാശത്തിന്റെ തോത് വെളിപ്പെടുത്തിയത്. 200 റഷ്യൻ സൈനികരെ ബന്ധികളായി പിടിച്ചെടുക്കുകയും ചെയ്തതായി വക്താവ് അവകാശപ്പെടുന്നു. ഇതിനു പുറമെ 198 റഷ്യൻ ടാങ്കറുകളും 29 യുദ്ധവിമാനങ്ങളും 846 കവചിത വാഹനങ്ങളും 29 ഹെലികോപ്ടറുകളും തകർത്തതായും അവകാശവാദമുണ്ട്.

യുക്രൈൻ പ്രതിരോധത്തിൽ കനത്ത നഷ്ടമാണ് റഷ്യയ്ക്കുണ്ടായതെന്നാണ് ബ്രിട്ടീഷ് പ്രതിരോധ മന്ത്രാലയവും വിലയിരുത്തിയത്. വൻനാശനഷ്ടങ്ങളുണ്ടായതായി ഞായറാഴ്ച റഷ്യൻസേനയും സമ്മതിച്ചിരുന്നു.

അതിനിടെ, റഷ്യൻ സൈനികനടപടിയിൽ ഇതുവരെ കൊല്ലപ്പെട്ട സാധാരണക്കാരുടെ എണ്ണം 352 ആയെന്നാണ് യുക്രൈൻ വൃത്തങ്ങൾ അവസാനമായി പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നത്. ഇതിൽ 14 കുട്ടികളും ഉൾപ്പെടും.

Summary: Ukraine claims 5,700 Russian troops have been killed and 200 captured while nearly 200 tanks and 850 armored vehicles have been destroyed

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News