റഷ്യൻ ആക്രമണം; യുക്രൈനിൽ പത്ത് ലക്ഷം ആളുകൾക്ക് വൈദ്യുതി നഷ്ടമായി

യുക്രൈനിലെ 12 മേഖലകളിലാണ് മിസൈല്‍ ആക്രമണം നടന്നത്

Update: 2024-11-28 14:47 GMT
Editor : നബിൽ ഐ.വി | By : Web Desk
Advertising

കിയവ്: യുക്രൈനിൽ റഷ്യയുടെ കനത്ത മിസൈല്‍ ആക്രമണം. യുക്രൈനിലെ വൈദ്യുതിവിതരണ ശൃംഖലയ്ക്കുനേരേ റഷ്യ നടത്തിയ രൂക്ഷമായ മിസൈല്‍ ആക്രമണം രാജ്യത്തെ വൈദ്യുതി വിതരണം പ്രതിസന്ധിയിലാക്കി. പത്ത് ലക്ഷം ആളുകള്‍ക്ക് വൈദ്യുതി നഷ്ടമായതായി റിപ്പോര്‍ട്ട്.

രാജ്യത്തെ ഊര്‍ജവിതരണ സംവിധാനങ്ങളെ ലക്ഷ്യമിട്ടാണ് റഷ്യ ആക്രമണം നടത്തുന്നതെന്നും നൂറോളം ഡ്രോണുകളും 90ലധികം മിസൈലുകളും ഉപയോഗിച്ചാണ് രാജ്യത്തെ വിവിധഭാഗങ്ങളില്‍ റഷ്യ ആക്രമണം നടത്തിയതെന്നും യുക്രൈന്‍ പ്രസിഡന്റ് വൊളോദിമര്‍ സെലന്‍സ്‌കി പറഞ്ഞു. 'റഷ്യന്‍ തീവ്രവാദ തന്ത്രങ്ങളുടെ വളരെ നീചമായ പ്രവണത' എന്നാണ് സെലെന്‍സ്‌കി ആക്രമത്തെ വിശേഷിപ്പിച്ചത്.

കിയവ്, ഒഡേസ, ഖാര്‍കീവ് തുടങ്ങിയ നഗരങ്ങളിലാണ് മിസൈല്‍ ആക്രമണമുണ്ടായതെന്നാണ് റിപ്പോര്‍ട്ട്. കിയവിലെ രണ്ട് സ്ഥലങ്ങളില്‍ മിസൈല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ തലസ്ഥാനത്ത് തൊടുത്ത എല്ലാ മിസൈലുകളും വ്യോമ പ്രതിരോധം തടഞ്ഞു എന്ന് അധികൃതർ അവകാശപ്പെട്ടു.

മൂന്ന് പടിഞ്ഞാറൻ പ്രദേശങ്ങൾ ഉൾപ്പെടെ യുക്രൈനിലെ 12 മേഖലകളിൽ മിസൈല്‍ ആക്രമണം ബാധിച്ചിട്ടുണ്ടെന്നും അതിനാല്‍ അടിയന്തരമായി വൈദ്യുതിമുടക്കം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും യുക്രൈന്‍ ഊര്‍ജവിതരണ വകുപ്പ് മന്ത്രി ഹെര്‍മന്‍ ഹാലുഷ്‌ചെങ്കോ അറിയിച്ചു. സംഭവത്തിൽ റഷ്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

റഷ്യ തങ്ങളുടെ ആണവനയം പുതുക്കിയതോടെ ആശങ്കയിലായിരിക്കുകയാണ് യുക്രൈൻ. അമേരിക്ക നൽകിയ ദീർഘദൂര മിസൈലുകൾ രാജ്യത്തിന്റെ പക്കലുണ്ടെങ്കിലും ലോകത്തിലേറ്റവും കൂടുതൽ ആണവായുധങ്ങളുള്ള റഷ്യയ്ക്ക് മുന്നിൽ ഇവ ശാശ്വതമായ പ്രതിവിധിയല്ല. ഒരാണവായുധം പോലുമില്ലാത്ത രാജ്യമാണ് യുക്രൈൻ എന്നാൽ റഷ്യയിലാകട്ടെ 5,500ലധികം ആണവായുധങ്ങളുണ്ട്. ആണവായുധം ഏത് നേരവും പ്രയോഗിക്കാമെന്ന റഷ്യയുടെ ഭീഷണി യുക്രൈനെ പ്രതിസന്ധിയിലാക്കിക്കഴിഞ്ഞു. ഇത് കൂടാതെ യുക്രൈനെതിരെ റഷ്യ ആണവായുധം പ്രയോഗിച്ചാൽ അമേരിക്കയും യുദ്ധത്തിലേക്ക് കടക്കുകയും മൂന്നാം ലോകമഹായുദ്ധമെന്ന ഭീതി ആരംഭിക്കുകയും ചെയ്യും.

Tags:    

Writer - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

Editor - നബിൽ ഐ.വി

Trainee Web Journalist, MediaOne

Trainee Web Journalist, MediaOne

By - Web Desk

contributor

Similar News