റഷ്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് യുക്രൈൻ
ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ ഓയിൽ, ഗ്യാസ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സെലൻസ്‌കി അഭ്യർഥനയുമായി രംഗത്ത് വന്നിരിക്കുന്നത്.
യുക്രൈനിൽ അധിനിവേശം നടത്തുന്ന റഷ്യയുമായുള്ള എല്ലാ വ്യാപാരവും നിർത്തിവെക്കണമെന്ന് യൂറോപ്യൻ രാജ്യങ്ങളോട് യുക്രൈൻ പ്രസിഡന്റ് വ്‌ളാദിമിർ സെലൻസ്‌കി ആവശ്യപ്പെട്ടു.
''അധിനിവേശം നടത്തുന്ന രാജ്യത്തിന് ആയുധങ്ങൾ സ്‌പോൺസർ ചെയ്യരുത്. അധിനിവേശക്കാർക്ക് യൂറോ നൽകരുത്. നിങ്ങളുടെ എല്ലാ തുറമുഖങ്ങളും അവർക്ക് മുന്നിൽ അടയ്ക്കുക. നിങ്ങളുടെ സാധനങ്ങൾ അവർക്ക് കയറ്റുമതി ചെയ്യരുത്. ഊർജവിഭവങ്ങൾ നിരസിക്കണം. യുക്രൈൻ വിടാൻ റഷ്യയുടെമേൽ സമ്മർദം ചെലുത്തുക''-വീഡിയോ സന്ദേശത്തിൽ സെലൻസ്‌കി പറഞ്ഞു.
ബാൾട്ടിക് രാജ്യങ്ങൾ ഉൾപ്പെടെ നിരവധി യൂറോപ്യൻ രാജ്യങ്ങൾ റഷ്യയുടെ ഓയിൽ, ഗ്യാസ് ഇറക്കുമതിക്ക് നിരോധനം ഏർപ്പെടുത്താൻ ആവശ്യപ്പെട്ട സാഹചര്യത്തിലാണ് സെലൻസ്‌കി അഭ്യർഥനയുമായി രംഗത്ത് വന്നിരിക്കുന്നത്. അതേസമയം റഷ്യയിൽ നിന്നുള്ള ഊർജ ഇറക്കുമതി പൂർണമായും നിർത്തുന്നതിനെ ജർമനി എതിർത്തു.
റഷ്യക്കെതിരായ ഉപരോധം ശക്തമാക്കുന്നതിനെക്കുറിച്ച് ഇന്ന് ചേരുന്ന യൂറോപ്യൻ വിദേശകാര്യ മന്ത്രിമാരുടെ യോഗം ചർച്ച ചെയ്യും. അതിനിടെ എണ്ണ ഉപരോധം ഏർപ്പെടുത്തുന്നത് എല്ലാവരെയും ബാധിക്കുമെന്ന് റഷ്യ മുന്നറിയിപ്പ് നൽകി.
''അത്തരമൊരു ഉപരോധം ലോക ഊർജവിപണിയിൽ വളരെ ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും. യൂറോപ്പിന്റെ ഊർജ സന്തുലിതാവസ്ഥയിൽ ഇത് വളരെ ഗുരുതരമായ വിപരീത പ്രതിഫലനമുണ്ടാക്കും''-റഷ്യൻ വക്താവ് ദിമിത്രി പെസ്‌കോവ് പറഞ്ഞു.