'ലോകത്തെ ഏറ്റവും മികച്ച അമ്മ, നമ്മള്‍ സ്വര്‍ഗത്തില്‍ കണ്ടുമുട്ടും': യുദ്ധത്തിൽ കൊല്ലപ്പെട്ട അമ്മയ്ക്ക് യുക്രൈന്‍ പെണ്‍കുട്ടിയുടെ ഹൃദയഭേദകമായ കത്ത്
'എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒന്‍പത് വർഷത്തിന് നന്ദി'- അമ്മയോട് പെണ്‍കുട്ടി
റഷ്യന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ട അമ്മയ്ക്ക് വൈകാരിക കുറിപ്പുമായി യുക്രൈന്‍ പെണ്‍കുട്ടി. നമുക്ക് സ്വര്‍ഗത്തില്‍ വീണ്ടും കണ്ടുമുട്ടാം. നല്ല പെൺകുട്ടിയാകാൻ താൻ പരമാവധി ശ്രമിക്കുമെന്നും ഒന്‍പത് വയസ്സുള്ള പെൺകുട്ടി അമ്മയ്ക്ക് എഴുതിയ കത്തില്‍ കുറിച്ചു.
യുക്രൈൻ ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ആന്‍റൺ ഗെരാഷ്‌ചെങ്കോയാണ് പെണ്‍കുട്ടി എഴുതിയ കത്ത് ട്വിറ്ററില്‍ പങ്കുവെച്ചത്- ബോറോഡിയങ്കയിൽ മരിച്ച അമ്മയ്ക്ക് 9 വയസുകാരി എഴുതിയ കത്ത് ഇതാ എന്നു പറഞ്ഞാണ് സ്വന്തം കൈപ്പടയില്‍ പെണ്‍കുട്ടി എഴുതിയ കത്ത് പങ്കുവെച്ചത്. റഷ്യയുടെ ആക്രമണത്തിലാണ് കാറില്‍ സഞ്ചരിക്കവേ പെണ്‍കുട്ടിയുടെ അമ്മ കൊല്ലപ്പെട്ടത്.
"അമ്മ, ഈ കത്ത് മാർച്ച് 8ന് അമ്മയ്ക്കുള്ള സമ്മാനമാണ്. എന്‍റെ ജീവിതത്തിലെ ഏറ്റവും മികച്ച ഒന്‍പത് വർഷത്തിന് നന്ദി. എന്റെ കുട്ടിക്കാലത്തിന് ഞാൻ അമ്മയോട് കടപ്പെട്ടിരിക്കുന്നു. നിങ്ങളാണ് ലോകത്തിലെ ഏറ്റവും മികച്ച അമ്മ. ഞാൻ ഒരിക്കലും മറക്കില്ല. നിങ്ങൾ ആകാശത്ത് സന്തോഷത്തോടെ ഇരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾ സ്വർഗത്തിലെത്തണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. നമ്മൾ സ്വർഗത്തിൽ കണ്ടുമുട്ടും. സ്വർഗത്തിൽ പോകാൻ ഒരു നല്ല പെൺകുട്ടിയാകാൻ ഞാൻ പരമാവധി ശ്രമിക്കും"- എന്നാണ് കത്തിലുള്ളത്.