യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുക്രൈൻ ഫോട്ടോ ജേണലിസ്റ്റ് കൊല്ലപ്പെട്ടു

റോയിട്ടേഴ്സിന് ദീർഘകാലമായി സംഭാവന നൽകിയിരുന്ന മാക്സ് ലെവിന്റെ മരണവാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ടെന്ന് റോയിട്ടേഴ്സ് വീഡിയോ ആൻഡ് പിക്ചർ ഗ്ലോബൽ ഹെഡ് ജോൺ പുൾമാൻ പറഞ്ഞു

Update: 2022-04-02 14:44 GMT
Editor : afsal137 | By : Web Desk
Advertising

യുദ്ധം റിപ്പോർട്ട് ചെയ്യുന്നതിനിടെ യുക്രൈൻ ഫോട്ടോ ജേർണലിസ്റ്റ് മാക്സ് ലെവിൻ കൊല്ലപ്പെട്ടു. റഷ്യൻ സൈനികർ ലെവിനെ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്ന് യുക്രൈൻ പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫീസ് വ്യക്തമാക്കി. യുക്രൈൻ തലസ്ഥാനമായ കിയവിനു വടക്കുള്ള ഗ്രാമത്തിൽ നിന്നാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്.

ഭാര്യയെയും നാല് മക്കളെയും വീട്ടിൽ തനിച്ചാക്കിയായിരുന്നു മാക്സ് ലെവിൻ യുദ്ധം റിപ്പോർട്ട് ചെയ്യാൻ പുറപ്പെട്ടത്. 1981-ൽ ജനിച്ച ലെവിൻ, റോയിട്ടേഴ്സിന്റെ ഡോക്യുമെന്ററി ഫിലിം മേക്കറായിരുന്നു. ഹുട്ട മെഷിഹിർസ്‌ക എന്ന ഗ്രാമത്തിൽ ജോലി ചെയ്തുവരികയായിരുന്നു ലെവിൻ. പ്രദേശത്ത് റഷ്യയുടെ കനത്ത ഷെല്ലാക്രമണമുണ്ടായിരുന്നു.

റോയിട്ടേഴ്സിന് ദീർഘകാലമായി സംഭാവന നൽകിയിരുന്ന മാക്സ് ലെവിന്റെ മരണവാർത്ത കേട്ടതിൽ അതിയായ ദുഃഖമുണ്ടെന്ന് റോയിട്ടേഴ്സ് വീഡിയോ ആൻഡ് പിക്ചർ ഗ്ലോബൽ ഹെഡ് ജോൺ പുൾമാൻ പറഞ്ഞു. ''2013 മുതൽ ലെവിൻ യുക്രൈനിൽ നിന്ന് റോയിട്ടേഴ്സിന് ശ്രദ്ധേയമായ ഫോട്ടോകളും വീഡിയോയും നൽകിയിട്ടുണ്ട്. അദ്ദേഹത്തിന്റെ മരണം പത്രപ്രവർത്തന ലോകത്തിന് വലിയ നഷ്ടമാണ്. ഞങ്ങൾ ലെവിന്റെ കുടുംബത്തിന്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു,''ജോൺ പുൾമാൻ അനുശോചിച്ചു.

Tags:    

Writer - afsal137

contributor

Editor - afsal137

contributor

By - Web Desk

contributor

Similar News