ഗസ്സയിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരം; യു.എൻ ഓഫിസുകളിൽ പതാക താഴ്ത്തിക്കെട്ടി ദുഃഖാചരണം
101 യു.എൻ ജീവനക്കാരാണ് ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത്
ജനീവ: ഗസ്സയിൽ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട ജീവനക്കാർക്ക് ആദരാഞ്ജലിയർപ്പിച്ച് ലോകത്തെങ്ങുമുള്ള യു.എൻ ഓഫിസുകളിൽ പതാക താഴ്ത്തിക്കെട്ടി. ജീവനക്കാർ ഒരു മിനിറ്റ് മൗനമാചരിക്കുകയും ചെയ്തു. ഇസ്രായേൽ ആക്രമണത്തിൽ തങ്ങളുടെ 101 ജീവനക്കാർ കൊല്ലപ്പെട്ടതായി ഫലസ്തീൻ അഭയാർത്ഥികൾക്കു വേണ്ടി പ്രവർത്തിക്കുന്ന യു.എൻ റിലീഫ് ആൻഡ് വർക്‌സ് ഏജൻസി ഫോർ ഫലസ്തീൻ റെഫ്യൂജീസ്(യു.എൻ.ആർ.ഡബ്ല്യു.എ) കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
ഇന്നു രാവിലെ 9.30ന് ആണ് ബാങ്കോക്, ടോക്യോ, ബെയ്ജിങ് തുടങ്ങിയ ഓഫിസുകളിലാണ് ആദ്യമായി നീലധവള നിറത്തിലുള്ള പതാക താഴ്ത്തിക്കെട്ടിയത്. തുടർന്ന് ലോകത്തിന്റെ മറ്റു ഭാഗങ്ങളിലും ഇതു പിന്തുടർന്നുള്ള മൗനമാചരണവും ദുഃഖാചരണവും നടന്നു. ജനീവയിലെ യു.എൻ ആസ്ഥാനത്തും പ്രത്യേക പരിപാടികൾ നടന്നു. കാബൂളിൽ യു.എൻ സെക്രട്ടറി ജനറലിന്റെ പ്രത്യേക പ്രതിനിധി പരിപാടികൾക്കു നേതൃത്വം നൽകി.
കഴിഞ്ഞ ശനിയാഴ്ച ഇസ്രായേൽ ആക്രമണത്തിൽ ഗസ്സയിലെ യു.എൻ ഓഫിസും തകർന്നിരുന്നു. ഗസ്സ സിറ്റി കേന്ദ്രമായി പ്രവർത്തിക്കുന്ന യു.എൻ ഡെവലപ്മെന്റ് പ്രോഗ്രാം(യു.എൻ.ഡി.പി) കാര്യാലയത്തിനാണ് ഇസ്രായേൽ ബോംബോബിട്ടത്. സംഭവത്തിൽ നിരവധി പേർ കൊല്ലപ്പെട്ടതായും യു.എൻ.ഡി.പി തന്നെ വാർത്താകുറിപ്പിൽ സ്ഥിരീകരിച്ചിട്ടുണ്ട്.
ഇസ്രായേൽ ആക്രമണം കടുത്തതോടെ ഒക്ടോബർ 13നുശേഷം കേന്ദ്രത്തിലുണ്ടായിരുന്ന ജീവനക്കാരെ ഒഴിപ്പിച്ചിരുന്നു. കേന്ദ്രത്തിനുനേരെ ഷെല്ലാക്രമണം നടന്നതായുള്ള റിപ്പോർട്ട് ആശങ്കപ്പെടുത്തുന്നതാണെന്നാണ് യു.എൻ.ഡി.പി വാർത്താ കുറിപ്പിൽ പ്രതികരിച്ചത്. നവംബർ ആറിനുശേഷം നിരവധി സിവിലിയന്മാർ യു.എൻ.ഡി.പി കോംപൗണ്ടിൽ അഭയം തേടിയിരുന്നു. ഇതിനുശേഷവും നിരവധി പേർ ഇവിടെ അഭയാർത്ഥികളായി എത്തിയിട്ടുണ്ട്. ഇവരാണ് ബോംബാക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
Summary: U.N observes minute's silence and flags half-mast for 101 staff killed in Gaza