ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും ആശങ്ക ഒഴിയാതെ പശ്ചിമേഷ്യ

കിഴക്കൻ ജറൂസലമിൽ രൂപപ്പെട്ട പുതിയ അസ്വാസ്ഥ്യങ്ങളാണ് ആശങ്കക്ക് കാരണം.

Update: 2021-05-23 02:42 GMT
By : Web Desk
Advertising

ഗസ്സയിൽ വെടിനിർത്തൽ നിലവിൽ വന്നെങ്കിലും പശ്ചിമേഷ്യയിൽ ആശങ്ക ഒഴിയുന്നില്ല. കിഴക്കൻ ജറൂസലമിൽ രൂപപ്പെട്ട പുതിയ അസ്വാസ്ഥ്യങ്ങളാണ് ആശങ്കക്ക് കാരണം.സമഗ്ര വെടിനിർത്തലിന് ഇരുപക്ഷവും തയാറാകണമെന്ന് യു.എൻ രക്ഷാ സമിതി ആവശ്യപ്പെട്ടു.

11 നാളുകൾ നീണ്ട ഇസ്രായേൽ അതിക്രമത്തിന് വെള്ളിയാഴ്ച വെളുപ്പിനാണ് വിരാമം കുറിച്ചത്. ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ ഉറപ്പാക്കാൻ ഈജിപ്തിന്‍റെ പ്രതിനിധി സംഘം രണ്ടിടങ്ങളിലും ക്യാമ്പ് ചെയ്യുകയാണ്. ഗസ്സയുടെ പുനർ നിർമാണം ഉൾപ്പെടെയുള്ളവ നടപ്പാക്കാൻ തിരക്കിട്ട നടപടികളാണ് പുരോഗമിക്കുന്നത്. പുനർനിർമാണത്തിന് പലരാജ്യങ്ങളും സഹായം വാഗ്ദാനം ചെയ്തു. എന്നാൽ പശ്ചിമേഷ്യൻ പ്രശ്നത്തിന് കൃത്യമായ രാഷ്ട്രീയ പരിഹാരം കാണാതെ ഗസ്സ പുനർനിർമാണത്തിന് ഫണ്ട് നൽകില്ലെന്ന് യൂറോപ്യൻ യൂനിയൻ അറിയിച്ചു. ഫലസ്തീൻ, ഇസ്രായേൽ പ്രശ്നത്തിന് രാഷ്ട്രീയ പരിഹാരം വൈകരുതെന്നും ഇ.യു നിർദേശിച്ചു.

എന്നാൽ കിഴക്കൻ ജറൂസലമിലെ സംഘർഷം കൂടുതൽ വഷളായേക്കുമെന്നാണ് ലോക രാജ്യങ്ങളുടെ വിലയിരുത്തൽ. വെള്ളിയാഴ്ച അൽ അഖ്സ പള്ളിയിൽ വീണ്ടും ഇസ്രായേൽ സുരക്ഷാ സൈനികർ കടന്നുകയറിയതാണ് സ്ഥിതിഗതികള്‍ വഷളാക്കിയത്. ശൈഖ് ജർറാഹ് പ്രദേശത്ത് ഫലസ്തീനികൾക്ക് പ്രവേശനം വിലക്കാനുള്ള ഇസ്രായേൽ നടപടിയും വ്യാപക പ്രതിഷേധം രൂപപ്പെടുത്തി. നിരവധി ഫലസ്തീനികളെയാണ് ജറൂസലമിൽ നിന്ന് ഇസ്രായേൽ സുരക്ഷാ വിഭാഗം അറസ്റ്റ് ചെയ്തത്.

ഈ സാഹചര്യത്തിലാണ് സമഗ്ര വെടിനിർത്തലിന് തയാറാകണമെന്ന് യു.എൻ രക്ഷാ സമിതി ഇന്നലെ രാത്രി പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടത്. ഗസ്സയിൽ നിന്ന് റോക്കറ്റുകൾ ഉയർന്നാൽ മാരകമായി തിരിച്ചടിക്കുമെന്ന് ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു മുന്നറിയിപ്പ് നൽകി. അതിനു മറുപടിയെന്നോണം കിഴക്കൻ ജറൂസലമിലെ അതിക്രമം തുടർന്നാൽ വെറുതെയിരിക്കില്ലെന്നും ഹമാസും താക്കീത് ചെയ്തു.

അതിനിടെ,ഇസ്രായേൽ സുരക്ഷയോടുള്ള യു.എസ് പ്രതിബദ്ധതയിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് പ്രസിഡൻറ് ജോ ബൈഡൻ പറഞ്ഞു. ഫലസ്തീൻ പ്രശ്ന പരിഹാരത്തിന് ദ്വിരാഷ്ട്രം എന്ന ഉത്തരമാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ദക്ഷിണ കൊറിയൻ പ്രസിഡൻറ് മൂൺ ജെ ഇന്നിനൊപ്പം വാർത്ത സമ്മേളനത്തിലാണ് ബൈഡ‍െൻറ പ്രതികരണം.

Tags:    

By - Web Desk

contributor

Similar News