ഒരു വയസുള്ള കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ ഇരട്ടയുടെ ഭ്രൂണം; സാഹസികമായി നീക്കം ചെയ്ത് ഡോക്ടർമാർ

തല വലുതായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സ്കാനിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്.

Update: 2023-03-10 13:04 GMT
Advertising

ബെയ്ജിങ്: ഒരു വയസുള്ള കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ ഇരട്ടയുടെ ഭ്രൂണം. കേൾക്കുമ്പോൾ അതിശയം തോന്നുന്നുണ്ടോ?. എന്നാൽ വിശ്വസിച്ചേ പറ്റൂ. ചൈനയിലാണ് സംഭവം. ഒരു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ തലച്ചോറിനുള്ളിൽ നിന്ന് ഇരട്ടയുടെ ഭ്രൂണം നീക്കം ചെയ്തതായി ഷാങ്ഹായിയിലെ ഡോക്ടർമാർ പറഞ്ഞു. ന്യൂറോളജി ജേണലിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

തല വലുതായ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ നടത്തിയ സ്കാനിങ്ങിലാണ് ഞെട്ടിക്കുന്ന വിവരം അറിഞ്ഞത്. ഇരട്ടയുടെ ഭ്രൂണത്തിന് കൈകാലുകളും എല്ലുകളും വിരലുകൾ പോലെയുള്ള മുകുളങ്ങളും വികസിച്ചതായി ഡോക്ടർമാർ പറഞ്ഞു.

ഇൻട്രാവെൻട്രിക്കുലാർ ഫീറ്റസ്-ഇൻ-ഫീറ്റൂ എന്നറിയപ്പെടുന്ന ഈ അവസ്ഥ ഗർഭാശയത്തിൽ ഇരട്ടകൾ കൂടിച്ചേരുമ്പോഴാണ് സംഭവിക്കുന്നതെന്ന് ഡോക്ടർമാർ പറയുന്നു. 'എന്നാൽ ഒന്നിന്റെ വളർച്ച മാത്രമേ കൃത്യമായി നടക്കുന്നുള്ളൂ'- മിയാമി ഹെറാൾഡ് റിപ്പോർട്ട് ചെയ്തു. ഒരു കുട്ടിയുടെ വയറ്റില്‍ മറ്റൊരു ഭ്രൂണം വളരുന്ന അവസ്ഥയാണിതെങ്കിലും ചിലപ്പോഴൊക്കെ അത് തലച്ചോർ ഉൾപ്പെടെയുള്ളവയിലും ആവാം.

ഭ്രൂണത്തിന്റെ ജീനോം സീക്വൻസിങ് ഇത് ഒരു വയസുള്ള കുഞ്ഞിന്റെ ഇരട്ടയാണെന്ന് കണ്ടെത്തിയതായി പഠനം പറയുന്നു. ഇത്തരം കേസുകൾ ലോകത്ത് വളരെ അപൂർവമായി മാത്രമേ കാണപ്പെടുന്നുള്ളൂ, 10 ലക്ഷം കുട്ടികളിൽ ഒരാൾക്ക് മാത്രമേ ഇത് സംഭവിക്കൂ.

ഐ‌എഫ്‌എൽ സയൻസിലെ ഒരു റിപ്പോർട്ട് അനുസരിച്ച്, ഇരട്ട ഗർഭാവസ്ഥയുടെ ആദ്യ ഘട്ടങ്ങളിൽ ബ്ലാസ്റ്റോസിസ്റ്റ് എന്ന് വിളിക്കപ്പെടുന്ന ബീജസങ്കലനം ചെയ്യപ്പെട്ട മുട്ട ഉണ്ടാക്കുന്ന കോശങ്ങളെ വിഭജിക്കുന്ന ക്ലസ്റ്റർ ശരിയായി വേർപെടുത്തുന്നതിൽ പരാജയപ്പെടുമ്പോൾ ഇതുപോലെ ഭ്രൂണത്തിനുള്ളിൽ ഭ്രൂണം ഉണ്ടാകുന്നു.

തൽഫലമായി, ആദ്യകാല ഭ്രൂണങ്ങളിൽ ഒന്ന് മറ്റൊന്നിനാൽ പൊതിയുന്നു. രക്ത വിതരണം ലഭിക്കുന്നതിനാൽ അത് ജീവനോടെ തുടരുന്നു."സംയോജിത ഭാഗങ്ങൾ ആതിഥേയ ഭ്രൂണത്തിന്റെ മുൻഭാഗത്തേക്ക് വികസിക്കുകയും ന്യൂറൽ പ്ലേറ്റ് മടക്കിക്കളയുന്ന സമയത്ത് മറ്റേ ഭ്രൂണത്തെ പൊതിയുകയും ചെയ്യുന്നു"- പഠനം പറയുന്നു. ‌‌‌ഇത്തരം കേസുകൾ അപൂർവമാണെങ്കിലും നേരത്തെയും കണ്ടെത്തിയിട്ടുണ്ട്.

1997ൽ ഈജിപ്തിൽ ഒരു ആൺകുട്ടിയുടെ വയറിനുള്ളിൽ 16 വർഷമായി താമസിച്ചിരുന്ന ഒരു ഭ്രൂണം കണ്ടെത്തിയിരുന്നു. കഴിഞ്ഞ നവംബറിൽ ജാർഖണ്ഡിലെ റാഞ്ചിയിലെ ഡോക്ടർമാർ 21 ദിവസം പ്രായമായ പെൺകുഞ്ഞിന്റെ വയറ്റിൽ നിന്ന് എട്ട് ഭ്രൂണങ്ങൾ പുറത്തെടുത്തിരുന്നു. 

മലപ്പുറത്തും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അഞ്ച് ദിസവം പ്രായമുള്ള കുഞ്ഞിലാണ് ഫീറ്റസ് ഇന്‍ ഫീറ്റു എന്ന അത്യപൂര്‍വ അവസ്ഥ കണ്ടെത്തിയത്. തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ച കുഞ്ഞിന്റെയുള്ളിലെ ഭ്രൂണത്തെ ശസ്ത്രക്രിയ വഴി നീക്കം ചെയ്തു. ഗര്‍ഭാവസ്ഥയില്‍ ഇരട്ട ബ്രൂണങ്ങളിലൊന്ന് രണ്ടാമത്തെ ഭ്രൂണത്തിന്റെ വയറില്‍ അകപ്പെടുമ്പോഴാണ് ഇത് സംഭവിക്കുന്നത്.

Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News