യുക്രൈൻ സ്ത്രീകൾക്ക് യു.കെയിലെ അവിവാഹിതർ അഭയം നൽകുന്നത് നിർത്തണമെന്ന് യു.എൻ

അഭയം തേടുന്ന സ്ത്രീകളെ കിടക്ക പങ്കിടാൻ സ്‌പോൺസർമാർ നിർബന്ധിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നിർദേശം

Update: 2022-04-14 14:26 GMT
Advertising

റഷ്യൻ അധിനിവേശം നടക്കുന്ന യുക്രൈനിൽനിന്നുള്ള സ്ത്രീകൾക്ക് യു.കെയിലെ അവിവാഹിതരായ പുരുഷന്മാർ അഭയം നൽകുന്നത് നിർത്തണമെന്ന് യുനൈറ്റഡ് നാഷൻസ് റെഫ്യൂജി ഏജൻസി(യു.എൻ.എച്ച്.സി.ആർ). ഇത്തരത്തിൽ അഭയം തേടുന്ന സ്ത്രീകളെ കിടക്ക പങ്കിടാൻ സ്‌പോൺസർമാർ നിർബന്ധിക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയതോടെയാണ് നിർദേശം. യു.കെയിലെ ഹോം ഫോർ യുക്രൈൻ പദ്ധതി പ്രകാരം അധിക റൂമുള്ള പൗരന്മാർക്ക് ആറു മാസത്തേക്ക് യുക്രൈൻ പൗരന്മാർക്ക് അഭയം നൽകാനാകും. എന്നാൽ മാർച്ച് 18 ന് തുടങ്ങി ഒന്നര ലക്ഷം പേർ ഒപ്പുവെച്ച പദ്ധതിയിൽ സ്ത്രീകൾ ബുദ്ധിമുട്ടുകൾ നേരിടുന്നതായാണ് പരാതികൾ തെളിയിക്കുന്നത്.

അഭയം നൽകുന്ന ചില പുരുഷന്മാർ യുക്രൈൻ അഭയാർഥികളായെത്തിയ സ്ത്രീകളെ കിടക്ക പങ്കിടാൻ നിർബന്ധിച്ചതായി കഴിഞ്ഞ ആഴ്ച ദി ടൈംസ് നടത്തിയ അന്വേഷണം കണ്ടെത്തിയിരുന്നു. എന്നാൽ റിപ്പോർട്ട് പുറത്തുവന്നതോടെ യുക്രൈൻ അഭയാർഥികൾക്ക് വീടുകൾ കിട്ടാതാകുമെന്ന് ലോക്കൽ ഗവൺമെൻറ് അസോസിയേഷൻ ചെയർമാൻ ജെയിംസ് ജാമിയേസൺ മുന്നറിയിപ്പ് നൽകിയിരുന്നു. കുടുംബങ്ങൾ മാത്രം അഭയം നൽകുന്നത് സാധ്യമല്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.


യുക്രൈൻ വനിതകൾക്ക് കുടുംബത്തെയോ ദമ്പതിമാരെയോ പോലെയുള്ള ഉചിത അഭയം നൽകണമെന്നാണ് ചൊവ്വാഴ്ച യുഎൻഎച്ച്‌സിആർ പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞിരുന്നത്. അല്ലാത്ത പക്ഷം നേരത്തെ യുദ്ധക്കെടുതികൾ നേരിട്ട് എത്തുന്ന ഇവർ കൂടുതൽ മാനസിക സംഘർഷത്തിലാകുമെന്നും ചൂണ്ടിക്കാട്ടി. നിലവിൽ യാതൊരു യോജിപ്പും പരിശോധിക്കാതെയാണ് അഭയം തേടുന്നവരെയും നൽകുന്നവരെയും ബന്ധിപ്പിക്കുന്നത്. ഗവൺമെൻറ് ഇക്കാര്യത്തിൽ ഇടപെടുന്നില്ല. ഫേസ്ബുക്ക് ഗ്രൂപ്പുകൾ പോലെയുള്ള സമൂഹ മാധ്യമങ്ങളിലൂടെയാണ് കാര്യങ്ങൾ തീരുമാനിക്കുന്നത്.

കഴിഞ്ഞ ബുധനാഴ്ച 25100 വിസകൾ ഹോംസ് ഫോർ യുക്രൈൻ പദ്ധതി പ്രകാരം നൽകിയിരുന്നു. എന്നാൽ തിങ്കളാഴ്ച 3200 യുക്രൈൻ പൗരന്മാരാണ് എത്തിയത്. ആകെ 13200 പേരാണ് യു.കെയിലെത്തിയത്. യുഎൻഎച്ച്‌സിആർ കണക്കുകൾ പ്രകാരം ഫെബ്രുവരി 24ന് റഷ്യ അധിനിവേശം തുടങ്ങിയ ശേഷം 4.7 മില്യൺ പേരാണ് യുക്രൈൻ വിട്ടത്. 2.7 മില്യൺ ജനങ്ങൾ സമീപ രാജ്യമായ പോളണ്ടിലേക്കാണ് പോയത്. ഹംഗറി, മോൾഡോവ, സ്‌ലോവാകിയ രാജ്യങ്ങളും പതിനായിരങ്ങളെ സ്വീകരിച്ചു.

അഞ്ചു ലക്ഷം യുക്രൈൻ പൗരന്മാരെ റഷ്യ വിദൂര പ്രദേശങ്ങളിലേക്ക് നാടുകടത്തി: സെലൻസ്‌കി

അധിനിവേശത്തിനിടെ റഷ്യ അഞ്ചു ലക്ഷം യുക്രൈൻ പൗരന്മാരെ റഷ്യൻ ഫെഡറേഷനിലെ വിദൂര പ്രദേശങ്ങളിലേക്ക് നിർബന്ധപൂർവം മാറ്റിപാർപ്പിച്ചെന്ന് യുക്രൈൻ പ്രസിഡൻറ് വ്‌ളാഡ്മിർ സെലൻസ്‌കി. എസ്‌റ്റോണിയൻ പാർലമെൻറിൽ ഓൺലൈനായി സംസാരിക്കവേയാണ് സെലൻസ്‌കി ആരോപണം ഉന്നയിച്ചത്. നാടുകടത്തപ്പെട്ടവരുടെ മൊബൈൽ ഫോണും മറ്റു രേഖകളും കൈക്കലാക്കാനും മക്കളെ റഷ്യൻ ദമ്പതിമാർക്ക് നിയമവിരുദ്ധമായി ദത്ത് നൽകാനും റഷ്യ ശ്രമിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത്തരത്തിൽ നാടു കടത്തപ്പെട്ടവരെ ഏത് നിലക്കും തിരിച്ചു കൊണ്ടുവരുമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇതിനായി യൂറോപ്യൻ യൂണിയൻ ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

റഷ്യ ഫോസ്ഫറസ് ബോംബ് ഉപയോഗിച്ച് യുക്രൈനിൽ ആക്രമണം നടത്തുന്നതായും തീവ്രവാദി തന്ത്രങ്ങൾ പ്രയോഗിക്കുന്നതായും പ്രസംഗത്തിൽ സെലൻസ്‌കി ആരോപിച്ചു. എന്നാൽ അദ്ദേഹം തെളിവുകളൊന്നും ഹാജരാക്കിയില്ല. റഷ്യക്കെതിരെയുള്ള ഉപരോധം തുടരണമെന്ന് ആവശ്യപ്പെട്ട അദ്ദേഹം സമാധാന വഴിയിൽ അവരെ കൊണ്ടുവരാനുള്ള ഏകമാർഗം അതാണെന്ന് ചൂണ്ടിക്കാട്ടി.

റഷ്യക്കെതിരെ യുക്രൈന്‍ വലിയ യുദ്ധത്തിന് തയ്യാറെടുക്കുകയാണെന്ന് കിയവിലെ ഉദ്യോഗസ്ഥര്‍ പറഞ്ഞിരുന്നു. റഷ്യയുടെ ആക്രമണം ഭയന്ന് സാധാരണക്കാർ പലായനം ചെയ്യുന്നതിനിടെയാണ് യുക്രൈന്‍റെ നീക്കം. കിഴക്കൻ യുക്രൈനിലെ ക്രാമറ്റോർസ്കിൽ കഴിഞ്ഞ ശനിയാഴ്ച രക്ഷാപ്രവര്‍ത്തനം പുനരാരംഭിച്ചു. ഇവിടെ റെയിൽവേ സ്റ്റേഷനിലെ മിസൈൽ ആക്രമണത്തിൽ അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെ 52 പേർ കൊല്ലപ്പെട്ടിരുന്നു.

റഷ്യയുടെ അധിനിവേശം ആറാഴ്ച പിന്നിടുമ്പോള്‍ ആയിരക്കണക്കിന് പേർ കൊല്ലപ്പെട്ടിരിക്കുകയാണ്. 11 ദശലക്ഷത്തിലധികം ആളുകൾ വീടുകളിൽ നിന്നോ രാജ്യത്ത് നിന്നോ പലായനം ചെയ്തു. സൈനിക സഹായത്തിൽ ബ്രിട്ടന്‍റെ മാതൃക പിന്തുടരാൻ സെലന്‍സ്കി പാശ്ചാത്യ രാജ്യങ്ങളോട് അഭ്യര്‍ഥിച്ചു. അധിനിവേശ ക്രിമിയയും റഷ്യയുടെ പിന്തുണയുള്ള വിഘടനവാദ പ്രദേശമായ ഡോൺബാസ് മേഖലയും കരമാര്‍ഗം ബന്ധിപ്പിക്കാന്‍ റഷ്യന്‍ സൈന്യം ശ്രമിക്കുന്നതായി സൂചനയുണ്ട്.

United Nations Refugee Agency (UNHCR) urges unmarried men in the UK to stop hosting women from Ukraine under Russian occupation

Tags:    

Writer - ഇജാസ് ബി.പി

Web Journalist, MediaOne

Editor - ഇജാസ് ബി.പി

Web Journalist, MediaOne

By - Web Desk

contributor

Similar News