യുക്രൈന് 3 ബില്യൺ ഡോളറിന്‍റെ സൈനിക സഹായം പ്രഖ്യാപിച്ച് യു.എസ്
വാഷിംഗ്ടണും ബെർലിനും കവചിത വാഹനങ്ങൾ നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു
വാഷിംഗ്ടണ്‍: യുക്രൈന് മൂന്ന് ബില്യണ്‍ ഡോളര്‍ സൈനിക സഹായ പ്രഖ്യാനവുമായി അമേരിക്ക. കിയവിനുള്ള ഏറ്റവും വലിയ സഹായ പാക്കേജാണ് ഇതെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
സൈനിക സഹായത്തില്‍ ബ്രാഡ്‌ലി ഇൻഫൻട്രി ഫൈറ്റിംഗ് വെഹിക്കിളുകൾ, എംആർഎപികൾ, മറ്റ് പേഴ്‌സണൽ കാരിയറുകൾ, സ്വയം ഓടിക്കുന്ന ഹോവിറ്റ്‌സർ എന്നിവ ഉൾപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസ് സെക്രട്ടറി കരീൻ ജീൻ-പിയറി പറഞ്ഞു.വാഷിംഗ്ടണും ബെർലിനും കവചിത വാഹനങ്ങൾ നൽകുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു . 40 ഓളം മാർഡർ വാഹനങ്ങൾ ആഴ്ചകൾക്കുള്ളിൽ യുക്രൈനിലേക്ക് അയക്കുമെന്നും പരിശീലനം ജർമ്മനിയിൽ നൽകുമെന്നും ബെർലിൻ അറിയിച്ചു.
''ബ്രാഡ്‌ലി ഒരു ടാങ്കല്ല, മറിച്ച് അത് ഒരു ടാങ്ക് കില്ലറാണ്. യുദ്ധഭൂമിയിൽ അത് അവരെ സഹായിക്കുമെന്ന് ഞങ്ങൾക്ക് ഉറപ്പുണ്ട്," പെന്റഗൺ വക്താവ് ബ്രിഗേഡിയർ ജനറൽ പാറ്റ് റൈഡർ കഴിഞ്ഞ ദിവസം പറഞ്ഞു. തങ്ങളുടെ പ്രവർത്തനങ്ങളെ സഹായിക്കുന്ന ടാങ്കുകൾ ഉൾപ്പെടെയുള്ള ഭാരമേറിയ ആയുധങ്ങൾക്കായി യുക്രൈന്‍ നേരത്തെ ശ്രമം നടത്തിയിരുന്നു.