ഇസ്രായേലിനെ പിന്തുണയ്ക്കുകയല്ല, ഫലസ്തീൻ ജീവനുകൾ രക്ഷിക്കാൻ ഇടപെടൂ; ജോ ബൈഡനോട് മുഖാമുഖം ഏറ്റുമുട്ടി റാഷിദ ത്‌ലൈബ്

''മറ്റു മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ കാണിക്കുന്ന ഈ ശ്രദ്ധയെ അഭിനന്ദിക്കുന്നു. നിങ്ങളുടെ മുത്തശ്ശിയും കുടുംബവും സുഖമായിരിക്കാൻ വേണ്ടി ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു. അവർ വെസ്റ്റ് ബാങ്കിൽ സുരക്ഷിതമായിരിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും. ഇങ്ങനെയൊരു പോരാളിയായതിൽ നിങ്ങളെ അഭിനന്ദിക്കുകയാണ്''ബൈഡൻ പ്രതികരിച്ചു

Update: 2021-05-19 10:43 GMT
Editor : Shaheer | By : Web Desk
Advertising

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന നരനായാട്ടിന് പിന്തുണ നൽകുന്ന ഭരണകൂടത്തിന്റെ നയത്തിനെതിരെ പ്രസിഡന്റ് ജോ ബൈഡനോട് നേരിട്ട് കയർത്ത് യുഎസ് കോൺഗ്രസ് അംഗം റാഷിദ ത്‌ലൈബ്. റാഷിദ കോൺഗ്രസിൽ പ്രതിനിധീകരിക്കുന്ന മിഷിഗണിനടുത്ത് ബൈഡൻ ഔദ്യോഗിക സന്ദർശനത്തിനെത്തിയപ്പോഴായിരുന്നു സംഭവം.

ഇസ്രായേലിന് ഏകപക്ഷീയമായി തുടരുന്ന പിന്തുണയെ രൂക്ഷമായി വിമർശിച്ച അവർ ഫലസ്തീൻ ജീവനുകൾ രക്ഷിക്കാൻ കാര്യമായി ഇടപെടണമെന്ന് ബൈഡനോട് ആവശ്യപ്പെട്ടു. ഡിയർബോണിനടുത്തുള്ള ഫോർഡിന്റെ ഫാക്ടറി സന്ദർശിക്കാനായി ദിട്രോയിറ്റ് വിമാനത്താവളത്തിലിറങ്ങിയതായിരുന്നു ബൈഡൻ. ഇവിടെ നേരിട്ടെത്തിയ റാഷിദ ഭരണകൂടത്തിന്റെ നിലപാട് ശരിയല്ലെന്ന് പ്രസിഡിന്റിനോട് വ്യക്തമാക്കി. ഏകദേശം എട്ടു മിനിറ്റോളം ഇവർ തമ്മിലുള്ള വാക്കസർത്ത് തുടർന്നുവെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഫലസ്തീൻ മനുഷ്യാവകാശം ഒരു വിലപേശൽ വസ്തുവല്ല. ചർച്ചയല്ല വേണ്ടത്. അവരുടെ മനുഷ്യാവകാശം സംരക്ഷിക്കപ്പെടണം. ഫലസ്തീനികൾക്കെതിരെ കുറ്റകൃത്യങ്ങൾ നടത്താൻ നെതന്യാഹുവിന്റെ വലതുപക്ഷ ഭരണകൂടത്തിന് വർഷാവർഷം ഇങ്ങനെ യുഎസ് ശതകോടികൾ നൽകുന്നത് ശരിയല്ല. സ്‌കൂളുകൾ തകർക്കുന്നതടക്കമുള്ള അതിക്രമങ്ങൾ വച്ചുപൊറുപ്പിക്കാനാവില്ല-റാഷിദ ബൈഡനോട് വ്യക്തമാക്കി.

തുടർന്ന് ഫോർഡ് പ്ലാന്റിൽ നടത്തിയ സംസാരത്തിൽ ബൈഡൻ റാഷിദ ത്‌ലൈബിനെ പ്രശംസിച്ചു. മനുഷ്യാവകാശത്തെക്കുറിച്ചുള്ള ആശങ്ക അഭിനന്ദാർഹമാണെന്ന് ബൈഡൻ പറഞ്ഞു. ''മറ്റു മനുഷ്യരുടെ കാര്യത്തിൽ നിങ്ങൾ കാണിക്കുന്ന ഈ ശ്രദ്ധയെ അഭിനന്ദിക്കുന്നു. നിങ്ങളുടെ മുത്തശ്ശിയും കുടുംബവും സുഖമായിരിക്കാൻ വേണ്ടി ഹൃദയം തൊട്ട് പ്രാർത്ഥിക്കുന്നു. അവർ വെസ്റ്റ് ബാങ്കിൽ സുരക്ഷിതമായിരിക്കാൻ വേണ്ടതെല്ലാം ഞാൻ ചെയ്യും. നിങ്ങളൊരു പോരാളിയാണ്. ഇങ്ങനെയൊരു പോരാളിയായതിൽ നിങ്ങളെ അഭിനന്ദിക്കുകയാണ്''ബൈഡൻ പ്രതികരിച്ചു.

യുഎസിലെ ആദ്യത്തെ ഫലസ്തീൻ വംശജയായ കോൺഗ്രസ് അംഗമാണ് റാഷിദ ത്‌ലൈബ്. റാഷിദ പ്രതിനിധീകരിക്കുന്ന മിഷിഗണനിൽ ഉൾപ്പെടുന്ന പ്രദേശമാണ് ഡിയർബോൺ. അറബ് അമേരിക്കൻ ജനങ്ങൾ കൂടുതലുള്ള പ്രദേശമാണിത്. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ഇസ്രായേൽ നരഹത്യയിൽ പ്രതിഷേധിച്ചും വലിയ പ്രകടന പരിപാടികളാണ് ഇവിടെ ഏതാനും ദിവസങ്ങളായി നടന്നുവരുന്നത്.

Tags:    

Editor - Shaheer

contributor

By - Web Desk

contributor

Similar News