നന്ദി പറയാന്‍ യു.എസ്​ പ്രതിരോധ സെക്രട്ടറി ഗള്‍ഫിലേക്ക്

അഫ്​ഗാനിൽ നിന്ന്​ ആളുകളെ ഒഴിപ്പിക്കാൻ കൂടെ നിന്ന ഗൾഫ്​ രാജ്യങ്ങൾക്ക്​ നന്ദി പറയുകയാണ്​ പര്യടനത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ്​ വൈറ്റ്​ ഹൗസ്​ വ്യക്​തമാക്കുന്നത്

Update: 2021-09-02 01:31 GMT
Editor : Jaisy Thomas | By : Web Desk
Advertising

യു.എസ്​ പ്രതിരോധ സെക്രട്ടറി ലോയ്​ഡ്​ ഓസ്​റ്റിൻ ഗൾഫിലേക്ക്​. അഫ്​ഗാനിൽ നിന്ന്​ ആളുകളെ ഒഴിപ്പിക്കാൻ കൂടെ നിന്ന ഗൾഫ്​ രാജ്യങ്ങൾക്ക്​ നന്ദി പറയുകയാണ്​ പര്യടനത്തിലൂടെ പ്രധാനമായും ലക്ഷ്യം വെക്കുന്നതെന്നാണ്​ വൈറ്റ്​ ഹൗസ്​ വ്യക്​തമാക്കുന്നത്​​. എന്നാൽ അഫ്​ഗാനിൽ നിന്ന്​ പൊടുന്നനെ പിൻവാങ്ങിയ യു.എസ്​ നടപടിക്കെതിരെ സഖ്യരാജ്യങ്ങളിൽ രൂപപ്പെട്ട എതിർപ്പ്​ തണുപ്പിക്കുകയാണ്​ ലക്ഷ്യമെന്നാണ്​ വാർത്താ ഏജൻസികൾ വ്യക്​തമാക്കുന്നത്​.

യു.എ.ഇ, ഖത്തർ ഉൾപ്പെടെ പ്രധാന ഗൾഫ്​ രാജ്യങ്ങളിൽ യു.എസ്​ പ്രതിരോധ സെക്രട്ടറി സന്ദർശനം നടത്തും. അഫ്​ഗാനിൽ നിന്ന്​ പിൻമാറാനിടയായ സാഹചര്യത്തെ കുറിച്ച്​ ഓസ്​റ്റിൻ ഗൾഫ്​ രാജ്യങ്ങൾക്കു മുമ്പാകെ വിശദീകരിക്കും. അഫ്​ഗാ​ന്‍റെ ഭാവി സംബന്ധിച്ചും താലിബാനോടുള്ള സമീപനത്തെ കുറിച്ചും അമേരിക്ക ഗൾഫ്​ രാജ്യങ്ങളുമായി ചർച്ച നടത്തും. താലിബാനുമായി തുറന്ന ചർച്ചയും സഹകരണവും വേണമെന്നാണ്​ ഖത്തറിന്‍റെ നിലപാട്​. എന്നാൽ ഇക്കാര്യത്തിൽ മറ്റു ഗൾഫ്​ രാജ്യങ്ങൾ തീരുമാനമൊന്നും കൈക്കൊണ്ടിട്ടില്ല. അമേരിക്കയും നാറ്റോ രാജ്യങ്ങളുമായും കൂടിയാലോചന നടത്തി ഏകീകൃത തീരുമാനം കൈക്കൊളളാനാണ്​ ഗൾഫ്​ രാജ്യങ്ങളുടെ തീരുമാനം.

അതിനിടെ, നിത്യവും വൻതുക ചെലവിട്ട്​ അഫ്​ഗാനിൽ തുടരുന്നതിന്‍റെ നിരര്‍ത്ഥകത ബോധ്യപ്പെട്ടതു കൊണ്ടാണ്​ പിൻവാങ്ങിയതെന്ന്​ യു.എസ്​ പ്രസിഡന്‍റ്​ ജോ ബൈഡൻ പറഞ്ഞു. പിന്നിട്ട ഇരുപത്​ വർഷമായി നിത്യവും 300 ദശലക്ഷം ഡോളർ വീതം തുലച്ചതായും ബൈഡൻ പ്രതികരിച്ചു. അഫ്​ഗാനിൽ നിന്ന്​ ഒ​ട്ടേറെ വലിയ പാഠങ്ങൾ പഠിച്ചതായി യു.എസ്​ സംയുക്​ത സൈനിക മേധാവിയും പ്രതികരിച്ചു.

Tags:    

Writer - Jaisy Thomas

contributor

Editor - Jaisy Thomas

contributor

By - Web Desk

contributor

Similar News