ട്രംപ് നടപ്പാക്കിയ മുസ്‌ലിം വിരുദ്ധ നിയമങ്ങള്‍ തള്ളി യു.എസ് പ്രതിനിധി സഭ

മതം അടിസ്ഥാനമാക്കി രാജ്യത്തേക്ക് പ്രവേശന വിലക്ക് നടപ്പാക്കാൻ അനുമതി നൽകുന്ന നിയമമാണ് റദ്ദാക്കിയത്.

Update: 2021-04-22 14:51 GMT
Advertising

ട്രംപ് നടപ്പാക്കിയ മുസ്ലിം വിരുദ്ധ നിയമങ്ങൾ യു.എസ് പ്രതിനിധി സഭ വേണ്ടെന്നുവെച്ചു. മതം അടിസ്ഥാനമാക്കി രാജ്യത്തേക്ക് പ്രവേശന വിലക്ക് നടപ്പാക്കാൻ അനുമതി നൽകുന്ന നിയമമാണ് റദ്ദാക്കിയത്. 

മുസ്‌ലിം ഭൂരിപക്ഷമുള്ള രാജ്യങ്ങളിൽ നിന്ന് യു.എസിലേക്കുള്ള പ്രവേശനം ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്‍റായിരുന്നപ്പോള്‍ വിലക്കിയിരുന്നു. ഈ രാജ്യങ്ങളിൽനിന്ന് കുടിയേറിയ നിരവധി കുടുംബങ്ങളാണ് ഇതോടെ പ്രതിസന്ധിയിലായത്. കുടുംബാംഗങ്ങള്‍ അവധിക്ക് നാട്ടിലേക്ക് പോയി തിരിച്ചുവരുന്നതുൾപ്പെടെ വിലക്കിന്‍റെ പരിധിയില്‍ വന്നിരുന്നു. 

മുസ്‌ലിങ്ങള്‍ക്കും ആഫ്രിക്കക്കാർക്കുമെതിരെ അക്രമ സംഭവങ്ങൾ വർധിക്കാനും ഇതുകാരണമായി. നിയമം വംശീയവാദികൾ ഏറ്റെടുക്കുകയും ചെയ്തിരുന്നു. രണ്ടുവട്ടം യു.എസ് കോടതികൾ തള്ളിയിട്ടും ദേശീയ സുരക്ഷ നടപടിയുടെ പേരില്‍ സുപ്രീം കോടതിയിൽ നിന്ന് അന്തിമ അംഗീകാരം നേടിയെടുത്താണ് ട്രംപ് വിലക്ക് നടപ്പാക്കിയത്.

സിറിയ, ഇറാന്‍, യെമൻ, സൊമാലിയ, ലിബിയ എന്നീ രാജ്യങ്ങൾക്കാണ് ആദ്യഘട്ടത്തില്‍ വിലക്കേര്‍പ്പെടുത്തിയത്. ഉത്തര കൊറിയ, വെനിസ്വേല, മ്യാന്മർ, എറിത്രീയ, കിർഗിസ്ഥാന്‍, നൈജീരിയ, സുഡാൻ, താൻസനിയ തുടങ്ങിയ രാജ്യങ്ങളെ ഘട്ടം ഘട്ടമായി പിന്നീട് ഉള്‍പ്പെടുത്തുകയായിരുന്നു. 

ട്രംപ് നടപ്പാക്കിയ യാത്ര വിലക്ക് പ്രസിഡന്‍റ് ജോ ബൈഡൻ ജനുവരി 20ന് റദ്ദാക്കിയിരുന്നു. ഇപ്പോള്‍ 218- 208 വോട്ടിനാണ് 'നോ ബാന്‍ ആക്ട്' പ്രതിനിധി സഭ പാസാക്കിയത്. ഇനി സെനറ്റ് കൂടി കടന്നാലേ ഇത് നിയമമാകൂ. 

Tags:    

Editor - ഹരിഷ്മ വടക്കിനകത്ത്

contributor

By - Web Desk

contributor

Similar News