ചെള്ള് കടിയേറ്റ് വെന്റിലേറ്ററിൽ; യുവാവിന്റെ കയ്യും കാലും മുറിച്ചുമാറ്റി

വയറുവേദനയും പനിയും അനുഭവപ്പെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ലക്ഷണങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു.

Update: 2023-07-29 12:39 GMT
Editor : banuisahak | By : Web Desk
Advertising

ഒരു പ്രാണിയോ ചെള്ളോ കടിച്ചാൽ എന്തുസംഭവിക്കും! കടിച്ച ഭാഗം ചൊറിഞ്ഞ് തടിക്കും, അലർജി ഉണ്ടായേക്കാം.. ഓയിന്മെന്റ് തേച്ചാൽ മാറിയേക്കാം ഇല്ലേ. എന്നാൽ, യുഎസിലെ ടെക്‌സാസിലെ ഒരു യുവാവിന് ഒരു ചെറിയ ചെള്ള് കടിച്ചത് മൂലം നഷ്ടമായത് രണ്ടുകയ്യും കാലിന്റെ ഭാഗവുമാണ്. 

35 കാരനായ മൈക്കൽ കോൽ‌ഹോഫ് പനിയുടെ ലക്ഷണങ്ങളുമായാണ് ആദ്യം ഡോക്ടറെ സമീപിച്ചത്. ഡോക്ടർ വിവരങ്ങൾ അന്വേഷിച്ച് വന്നപ്പോൾ കുറച്ച് ദിവസം മുൻപ് ഒരു പ്രാണി കടിച്ചെന്നു മൈക്കൽ വെളിപ്പെടുത്തി. പിന്നാലെ വയറുവേദനയും പനിയും അനുഭവപ്പെട്ടു. ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ലക്ഷണങ്ങൾ കൂടുതൽ വഷളാവുകയായിരുന്നു. അങ്ങനെയാണ് ചികിത്സ തേടിയെത്തിയത്.

ചികിത്സ തുടരുന്നതിനിടെ കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലേക്ക് മൈക്കൽ പോയി. ഉടൻ തന്നെ ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും സെപ്റ്റിക് ഷോക്ക് (മാരകമായേക്കാവുന്ന ഒരു മെഡിക്കൽ അവസ്ഥയാണ്, അണുബാധയോ ഒന്നിലധികം പകർച്ചവ്യാധി കാരണമോ ഉണ്ടാകാം) ഉണ്ടായത് കാരണം തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റി. 

വെന്റിലേറ്ററിലേക്ക് മാറ്റിയ മൈക്കലിന് ആന്റിബയോട്ടിക്കുകൾ നൽകുകയും ഡയാലിസിസ് ആരംഭിക്കുകയും ചെയ്തിരുന്നു. എന്നാൽ, ദിവസങ്ങളോളം ചികിത്സ തുടർന്നിട്ടും ഫലമുണ്ടായില്ല. മൈക്കലിന്റെ കൈകാലുകൾ മരവിച്ച നിലയിലായിരുന്നു. കയ്യിലേക്കുള്ള രക്തയോട്ടം പൂർണമായും നിലച്ചിരുന്നു. സെപ്റ്റിക് ഷോക്കിന്റെ അനന്തരഫലമായി ചില അവയവങ്ങളിലേക്കുള്ള രക്തയോട്ടം നിലക്കുന്നതിനാൽ ജീവൻ രക്ഷിക്കാനായി മൈക്കലിന്റെ രണ്ടുകൈകളും കാലിന്റെ ഒരു ഭാഗവും മുറിച്ചുമാറ്റുകയെ വഴിയുണ്ടായിരുന്നുള്ളൂ. 

ടൈഫസ് എന്ന ബാക്ടീരിയൽ അണുബാധയാണ് മൈക്കലിനെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഈ അണുബാധ ബാധിച്ച ചെള്ള് കടിച്ചതാണ് മൈക്കലിന്റെ അവസ്ഥക്ക് കാരണമായത്. പനി, തലവേദന, ചുണങ്ങ് എന്നിവയാണ് സാധാരണ ലക്ഷണങ്ങൾ. ബാക്ടീരിയ ശരീരത്തിൽ കടന്നാൽ ഒന്നുമുതൽ രണ്ടാഴ്ചയ്ക്കകം രോഗലക്ഷണങ്ങൾ കാണിക്കും.  രോഗത്തിനെതിരായി വാക്സിനുകൾ വികസിപ്പിച്ചെങ്കിലും ഇതുവരെ വാണിജ്യപരമായി ഒന്നും ലഭ്യമല്ല. 

സിഡിസിയുടെ കണക്കനുസരിച്ച്, ലോകമെമ്പാടും 2,500-ലധികം ചെള്ള് ഇനങ്ങളുണ്ട്. ഇതിൽ 300-ലധികം ഇനം യുസിൽ കാണപ്പെടുന്നു. ഇതിൽ വളരെ ചുരുക്കം ചില ഇനങ്ങൾ മാത്രമാണ് ആളുകളുടെ ആരോഗ്യത്തെ ബാധിക്കുക. 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News